അബൂദബി: കേരളത്തിലെ വിനോദ സഞ്ചാരമേഖലയിൽ യു.എ.ഇയുടെ നിക്ഷേപം അടക്കമുള്ള സഹകരണത്തിന് അബൂദബി സർക്കാറും കേരളവും തമ്മിൽ ധാരണ. ഇത് സംബന്ധിച്ച കരാറിൽ വൈകാതെ ഒപ്പുവെക്കും. തുടർ ചർച്ചകൾക്കായി അബൂദബി വിനോദ സഞ്ചാര ഉന്നതതല സംഘം മേയിൽ കേരളത്തിൽ എത്തും. യു.എ.ഇ സന്ദർശനത്തിനെത്തിയ ടൂറിസം മന്ത്രി മുഹമ്മദ് റിയാസും അബൂദബി ടൂറിസം സാംസ്കാരിക വകുപ്പ് ചെയർമാൻ മുഹമ്മദ് ഖലീഫ അൽ മുബാറക്കുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം.
കേരളത്തിലെ വിനോദ സഞ്ചാര മേഖലയുടെ നിക്ഷേപ സാധ്യതകളെ കുറിച്ച് മന്ത്രി റിയാസ് വിശദീകരിച്ചു. ഗൾഫിലെ പ്രശസ്ത കമ്പനിയായ അൽദാറുമായി ചേർന്ന് കേരളത്തിലെ നിക്ഷേപ സാധ്യതകളെ കുറിച്ച് പഠിക്കുമെന്ന് അൽദാർ ചെയർമാൻ കൂടിയായ മുഹമ്മദ് ഖലീഫ പറഞ്ഞു. അബൂദബി സർക്കാറിന്‍റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന കമ്പനിയാണ് അൽദാർ.
സഹകരണം കേരളത്തിന്‍റെ വിനോദ സഞ്ചാര മേഖലയിൽ കൂടുതൽ ഉണർവുണ്ടാക്കുമെന്നു മുഹമ്മദ് റിയാസ് പറഞ്ഞു. കരാർ യാഥാർഥ്യമാകുന്നതോടെ കൂടുതൽ സഞ്ചാരികൾ യു.എ.ഇ.യിൽനിന്ന് കേരളത്തിലെത്തുമെന്നാണ് പ്രതീക്ഷ.
സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് ഡയറക്ടർ വി.ആർ. കൃഷ്ണ തേജ, അബൂദബി ചേംബർ വൈസ് ചെയർമാൻ എം.എ. യൂസഫലി എന്നിവരും പങ്കെടുത്തു. മേയ് ആദ്യവാരം കൊച്ചിയിൽ നടക്കുന്ന കേരള ട്രാവൽ മാർട്ടിൽ പങ്കെടുക്കാൻ അബൂദബി ടൂറിസം ചെയർമാനെ മന്ത്രി റിയാസ് ക്ഷണിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.