ദുബൈ: എല്ലാ മേഖലകളിലും അവസരങ്ങൾ വർധിക്കുകയും സാമ്പത്തിക പുരോഗതി കൈവരിക്കുകയും ചെയ്യുന്ന യു.എ.ഇക്ക് ആഗോള തലത്തിലെ മത്സര ക്ഷമത സൂചികയിൽ നേട്ടം. മുൻ വർഷത്തേക്കാൾ മൂന്ന് സ്ഥാനങ്ങളിൽ മുന്നേറി ഇത്തവണ അന്താരാഷ്ട്ര തലത്തിൽ ഏഴാമതായാണ് എത്തിയിരിക്കുന്നത്. സ്വിറ്റ്സർലൻഡിലെ ഐ.എം.ഡി വേൾഡ് കോംപറ്റേറ്റിവ്നസ് സെന്റർ പുറത്തുവിട്ട റാങ്കിങ്ങിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. റാങ്കിങ്ങിന് മാനദണ്ഡമാക്കിയ 90ലേറെ പ്രധാനപ്പെട്ടതും ഉപ വിഭാഗങ്ങളിലും ഉൾപ്പെട്ട സൂചികകളിൽ യു.എ.ഇ ആദ്യ പത്ത് സ്ഥാനങ്ങളിൽ ഇടം പിടിച്ചിട്ടുണ്ട്.
നേട്ടം എക്സ് അക്കൗണ്ട് വഴി യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് വെളിപ്പെടുത്തിയത്. രാജ്യത്തിന്റെ നേട്ടത്തിന് കൂട്ടായി പ്രവർത്തിച്ച സർക്കാർ, സാമ്പത്തിക, വികസന മേഖലകളിലെ എല്ലാവരെയും അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. യു.എ.ഇയുടെ പുരോഗതിയുടെ ഏറ്റവും മികച്ച നേട്ടങ്ങൾ ഇനി വരാനിരിക്കുന്നതാണെന്നും അദ്ദേഹം ഭാവിയിലേക്ക് സൂചന നൽകിക്കൊണ്ട് പറഞ്ഞു.
ലോകത്തെ ഏറ്റവും മത്സരക്ഷമതയുള്ള രാജ്യങ്ങളുടെ വേൾഡ് കോംപറ്റേറ്റിവ്നസ് ഇയർബുക്ക് പ്രകാരമുള്ള പട്ടികയിൽ 67 രാജ്യങ്ങളിൽ സൗദി അറേബ്യ 16ാം സ്ഥാനത്ത് എത്തിയിട്ടുണ്ട്. ഒരു സ്ഥാനം മുന്നേറാനാണ് സൗദിക്ക് ഇത്തവണ സാധിച്ചത്. പ്രധാനമായും ബിസിനസ് രംഗത്തെ നിയമ നിർമാണങ്ങളും അടിസ്ഥാന സൗകര്യങ്ങളുമാണ് ഈ നേട്ടത്തിന് സഹായകരമായിട്ടുള്ളത്. പട്ടികയിലെ ജി20 രാജ്യങ്ങളിൽ നാലാം സ്ഥാനം കൈവരിക്കാനും സൗദിക്ക് സാധിച്ചു. കൂടാതെ, ബിസിനസ് കാര്യക്ഷമതയിൽ രാജ്യം 13ൽ നിന്ന് 12ാം സ്ഥാനത്തേക്ക് മുന്നേറി പുരോഗതി അടയാളപ്പെടുത്തിയിട്ടുമുണ്ട്. അടിസ്ഥാന സൗകര്യങ്ങളുടെ റാങ്കിങ്ങിൽ 34ാം സ്ഥാനത്ത് തുടരുമ്പോൾ സൗദി അറേബ്യ സാമ്പത്തിക പ്രകടനത്തിലും സർക്കാർ കാര്യക്ഷമതയിലും മികച്ച പ്രകടനം തുടരുകയാണ്. ഇവയിൽ ആദ്യ 20നുകീഴിൽ ഒരു സ്ഥാനം നിലനിർത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.