ദുബൈ: യു.എ.ഇയിൽ ആശുപത്രി ഉൾപെടെയുള്ള ആരോഗ്യ കേന്ദ്രങ്ങളിൽ ഓൺലൈൻ സംവിധാനം നിർബന്ധമാക്കുന്നു. ആദ്യ ഘട്ടമായി ഒരു സേവനമെങ്കിലും വിദൂര സംവിധാനത്തിലാക്കണമെന്ന് ആരോഗ്യ മന്ത്രാലയം ഡിജിറ്റൽ ഹെൽത്ത് സ്ട്രാറ്റജി മേധാവി ശൈഖ ഹസൻ അൽ മൻസൂരി പറഞ്ഞു. ഈ വർഷം അവസാനത്തോടെ സംവിധാനം നടപ്പാക്കും. സർക്കാർ, സ്വകാര്യ മേഖലകൾക്ക് ബാധകമായിരിക്കും. ഓൺലൈൻ സംവിധാനത്തിന്‍റെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താനുള്ള സർക്കാർ തീരുമാനത്തിന്‍റെ ഭാഗമായാണിത്. ദുബൈ മ്യൂസിയം ഓഫ് ഫ്യൂച്ചറിൽ നടക്കുന്ന ‘റിമോട്ട്’ ഫോറത്തിലാണ് പ്രഖ്യാപനം.
മരുന്ന് നിർദേശിക്കൽ, ശരീരത്തിലെ മാറ്റങ്ങൾ നിരീക്ഷിക്കൽ, റോബോട്ടുകൾ ഉപയോഗിച്ചുള്ള ശസ്ത്രക്രിയ, മെഡിക്കൽ കൺസൾട്ടേഷൻ തുടങ്ങിയവയിലാണ് ആദ്യഘട്ടത്തിൽ വിദൂര സംവിധാനം ഏർപെടുത്തേണ്ടത്. ഈ വർഷം അവസാനത്തോടെ എല്ലാ സ്ഥാപനങ്ങളും ഇവയിൽ ഏതെങ്കിലും ഒരെണ്ണം വിദൂര സംവിധാനത്തിലേക്ക് മാറ്റിയിരിക്കണം. നിലവിൽ ഇങ്ങനെയുള്ള സംവിധാനം നൽകുന്നവരും ഏത് സേവനമാണ് നൽകാൻ കഴിയുക എന്നതും എല്ലാ സ്ഥാപനങ്ങളും അറിയിക്കണം. അതിന് കഴിയാത്തവരെ സഹായിക്കുമെന്നും ശൈഖ ഹസൻ പറഞ്ഞു.
തീരുമാനം നടപ്പാക്കാൻ പ്രത്യേക ചട്ടക്കൂട് രൂപപ്പെടുത്തും. ഇതിനുള്ളിൽ നിന്നായിരിക്കും ആരോഗ്യസ്ഥാപനങ്ങളുടെ പ്രവർത്തനം. വിദൂര ജോലി പ്രോത്സാഹിപ്പിക്കുന്നതിന്‍റെയൊപ്പം രോഗികളുടെ സുരക്ഷ കൂടി കണക്കിലെടുത്തായിരിക്കും നിയമനിമാണം നടത്തുക
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.