ദുബൈ: ഭൂകമ്പം തകർത്ത തുർക്കിയയിലും സിറിയയിലും പ്രത്യേക രക്ഷാദൗത്യം പ്രഖ്യാപിച്ച് യു.എ.ഇ. ‘ഗാലന്റ് നൈറ്റ് ടു’ എന്ന് പേരിട്ട ദൗത്യത്തിന് യു.എ.ഇ പ്രതിരോധ മന്ത്രാലയം നേതൃത്വം നൽകും. ദൗത്യസംഘവുമായി ആദ്യവിമാനം തുർക്കിയയിലേക്ക് തിരിച്ചു. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനാണ് ഇതുസംബന്ധിച്ച് നിർദേശം നൽകിയത്.
ആദ്യ വിമാനം അബൂദബിയിൽനിന്ന് തെക്കൻ തുർക്കിയയിലെ അദാനയിലേക്കാണ് പുറപ്പെട്ടത്. സെർച്ച് ആൻഡ് റെസ്ക്യൂ ടീം, മെഡിക്കൽ സംഘം എന്നിവർ ടീമിലുണ്ട്. മെഡിക്കൽ സംഘം ഫീൽഡ് ആശുപത്രികൾ ഒരുക്കും. രക്ഷാസേന ആളുകൾ കുടുങ്ങിക്കിടക്കുന്ന പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം നടത്തും. തുർക്കിയ, സിറിയ പ്രസിഡന്റുമാരുമായി യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ ഫോണിൽ സംസാരിച്ചു. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തെ അനുശോചനം അറിയിച്ച ശൈഖ് മുഹമ്മദ് പരിക്കേറ്റവർ എത്രയും വേഗത്തിൽ സുഖംപ്രാപിക്കട്ടെ എന്ന് പ്രാർഥിക്കുന്നതായി പറഞ്ഞു. സിറിയ, തുർക്കിയ ജനങ്ങൾക്ക് പിന്തുണ അറിയിക്കുന്നതായും എല്ലാവിധ സഹായങ്ങളും എത്തിക്കുമെന്നും പ്രസിഡന്റിന്റെ നയതന്ത്ര ഉപദേശകൻ ഡോ. അൻവർ ഗർഗാഷ് പറഞ്ഞു. യു.എ.ഇ സേന, വിദേശകാര്യ മന്ത്രാലയം, എമിറേറ്റ്സ് റെഡ്ക്രസന്റ് എന്നിവ സംയുക്തമായാണ് ദുരന്തഭൂമിയിൽ രക്ഷാപ്രവർത്തനം നടത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.