അബൂദബി: ആഗോള ജീവകാരുണ്യ പ്രവർത്തനങ്ങളിൽ യു.എ.ഇയുടെ പങ്ക് വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി സായിദ് ഹ്യുമാനിറ്റേറിയൻ ലെഗസി ഫൗണ്ടേഷൻ (ഇർഥ് സായിദ്) എന്ന പേരിൽ പുതിയ സംരംഭം പ്രഖ്യാപിച്ചു. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ പുതിയ സംരംഭം ആരംഭിക്കുന്നതിനുള്ള നിയമം പുറത്തിറക്കി.
പ്രസിഡന്റിന്റെ രക്ഷാകർതൃത്വത്തിൽ യു.എ.ഇ ആഗോളതലത്തിൽ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയാണ് ലക്ഷ്യം. അതോടൊപ്പം നിലവിൽ നടന്നുവരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ കാര്യക്ഷമതയും സ്വാധീനവും വർധിപ്പിച്ച് ഈ രംഗത്ത് പ്രധാന ശക്തിയായി മാറാനും പുതിയ സംരംഭം ലക്ഷ്യമിടുന്നു.
ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഏറെ പ്രാധാന്യം നൽകിയിരുന്ന രാഷ്ട്ര ശിൽപി ശൈഖ് സായിദിന്റെ പാരമ്പര്യം തുടരുകയെന്ന ഉദ്ദേശ്യത്തോടെയാണ് ഇർഥ് സായിദ് എന്ന് പേരിട്ടിരിക്കുന്നതെന്ന് അബൂദബി മീഡിയ ഓഫിസ് അറിയിച്ചു. സായിദ് ചാരിറ്റബ്ൾ ആൻഡ് ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ, ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ ഫൗണ്ടേഷൻ, എമിറേറ്റ്സ് ഫൗണ്ടേഷൻ, മുഹമ്മദ് ബിൻ സായിദ് സ്പീഷീസ് കൺസർവേഷൻ ഫണ്ട്.
സന്തൂഖ് അൽ വതൻ, ക്ലീൻ റിവേഴ്സ്, ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡിസീസ് എലിമിനേഷൻ, സായിദ് സസ്റ്റെയ്നബിലിറ്റി പ്രൈസ്, ഖലീഫ അവാർഡ് ഫോർ എജുക്കേഷൻ, ഖലീഫ ഇന്റർനാഷനൽ അവാർഡ് ഫോർ ബെസ്റ്റ് ടീച്ചർ തുടങ്ങിയ സംരംഭങ്ങളെയെല്ലാം ഇർഥ് സായിദിന് കീഴിൽ കൊണ്ടുവരും.
ഇവരുടെയെല്ലാം മേൽനോട്ടം വഹിക്കുന്നതും ഇർഥ് സായിദായിരിക്കും. യു.എ.ഇ നടത്തുന്ന ആഗോള ജീവകാരുണ്യ പ്രവർത്തനങ്ങളുടെ സ്വാധീനം വർധിപ്പിക്കുന്നതിനുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയുടെ തെളിവാണ് പുതിയ സംരംഭമെന്ന് വൈസ് പ്രസിഡന്റും ഉപ പ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.