ദുബൈ: യു.എ.ഇയുടെ രണ്ട് സാറ്റലൈറ്റുകൾ ഈ മാസം വിക്ഷേപിക്കും. ഇലോൺ മസ്കിന്റെ സ്പേസ് എക്സ് ഫാൽക്കൺ 9 റോക്കറ്റിലാണ് മേഖലയിലെ ഏറ്റവും നൂതനമായ ഭൗമ നിരീക്ഷണ ഉപഗ്രഹമായ എം.ബി.ഇസെഡ് സാറ്റും വിദ്യാർഥികളുടെ പങ്കാളിത്തത്തോടെ വികസിപ്പിച്ച ഭൂമി നിരീക്ഷണ ക്യൂബ്സാറ്റായ എച്ച്.സി.ടി സാറ്റ്-1ഉം ഒരുമിച്ച് വിക്ഷേപിക്കുക. യു.എസിലെ കാലിഫോർണിയയിലെ വാൻഡൻബർഗ് സ്പേസ് ഫോഴ്സ് ബേസിൽ നിന്നാണ് രണ്ട് ഉപഗ്രഹങ്ങളും വിക്ഷേപിക്കുകയെന്ന് പദ്ധതികൾക്ക് നേതൃത്വം നൽകുന്ന മുഹമ്മദ് ബിൻ റാശിദ് സ്പേസ് സെൻറർ (എം.ബി.ആർ.എസ്.സി) ഡയറക്ടർ ജനറൽ സാലിം ഹുമൈദ് അൽമറി അറിയിച്ചു. യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്റെ പേരിലുള്ള എം.ബി.ഇസെഡ്-സാറ്റിന് ഒരു ടൺ ഭാരമാണുള്ളത്. നാനോ സാറ്റലൈറ്റായ എച്ച്.സി.ടി സാറ്റ്-1 മുഹമ്മദ് ബിൻ റാശിദ് ബഹിരാകാശ കേന്ദ്രത്തിലെ എൻജിനീയർമാരുടെ മാർഗനിർദേശപ്രകാരം വിദ്യാർഥികൾ വികസിപ്പിച്ചെടുത്തതാണ്. വിക്ഷേപണത്തിന്റെ തീയതി പിന്നീട് അറിയിക്കുമെന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളത്.‘എം.ബി.ഇസെഡ്-സാറ്റ്’ ഒക്ടോബറിൽ വിക്ഷേപിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാൽ നീട്ടുകയായിരുന്നു. ഗൾഫ് മേഖലയിൽ ഇതുവരെ വിക്ഷേപിച്ചിട്ടുള്ളതിൽ ഏറ്റവും നൂതന സംവിധാനങ്ങൾ ഉൾക്കൊള്ളുന്ന ഉപഗ്രഹമാണിത്. പൂർണമായും ഇമാറാത്തി എൻജിനീയർമാരുടെ സംഘം വികസിപ്പിച്ച് നിർമിച്ച ‘എം.ബി.ഇസെഡ്-സാറ്റ്’ സാങ്കേതിക രംഗത്തെ രാജ്യത്തിന്റെ മുന്നേറ്റത്തെ പ്രതിനിധാനം ചെയ്യുന്നതാണ്.
യു.എ.ഇയുടെ സുസ്ഥിര ബഹിരാകാശ സമ്പദ്വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിൽ ഉപഗ്രഹത്തിന്റെ നിർമാണം പ്രധാന പങ്കുവഹിക്കും. മേഖലയിൽ ഇതുവരെ വികസിപ്പിച്ചെടുത്തതിൽ ഏറ്റവും ശക്തമായ കാമറ സജ്ജീകരിച്ചിരിക്കുന്ന ഉപഗ്രഹമാണ് ‘എം.ബി.ഇസെഡ്-സാറ്റ്’. ഇതുവഴി വ്യക്തതയോടെ ഉയർന്ന മിഴിവുള്ള ചിത്രങ്ങൾ പകർത്താനാകും. ഉയർന്ന റെസല്യൂഷനുള്ള ഉപഗ്രഹ ചിത്രങ്ങൾക്ക് വാണിജ്യ ആവശ്യക്കാർ വർധിച്ച സാഹചര്യത്തിൽ ഇത് വളരെയധികം ഉപകാരപ്പെടും. ആഗോള ബഹിരാകാശ വ്യവസായത്തിലെ യു.എ.ഇയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതാണ് പദ്ധതി. വിക്ഷേപണത്തിനുശേഷം ദുബൈയിലെ മുഹമ്മദ് ബിൻ റാശിദ് സ്പേസ് സെന്ററിൽ നിന്നുതന്നെ ഉപഗ്രഹത്തെ നിയന്ത്രിക്കാനും കഴിയും. നാനോ സാറ്റലൈറ്റുകളടക്കം അഞ്ച് കൃത്രിമ ഉപഗ്രഹങ്ങൾ യു.എ.ഇ നേരത്തേ വിക്ഷേപിച്ചിട്ടുണ്ട്.
എം.ബി.ഇസെഡ് സാറ്റ് പ്രോജക്ട് മാനേജർ ആമിർ അൽ സായിഗ് അൽ ഗാഫിരി, ഡെപ്യൂട്ടി പ്രോജക്ട് മാനേജർ ഹെസ്സ അലി ഹുസൈൻ എന്നിവരും പ്രഖ്യാപന ചടങ്ങിൽ സംബന്ധിച്ചു. യു.എസിലുള്ള എം.ബി.ഇസെഡ് സാറ്റ് ടീമംഗങ്ങൾ തൽസമയം വിഡിയോ കോളിലൂടെയും ചടങ്ങിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.