ദുബൈ: യു.എ.ഇയുടെ പുതിയ മന്ത്രിസഭ വെർച്വൽ സത്യപ്രതിജ്ഞയിലൂടെ അധികാരം ഏറ്റെടുത്തു. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ മുമ്പാകെയായിരുന്നു സത്യപ്രതിജ്ഞ. അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേന ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനും പങ്കെടുത്തു. യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹിയാെൻറ ദീർഘവീക്ഷണമുള്ള കാഴ്ചപ്പാടാണ് യു.എ.ഇ സർക്കാറിൽ പ്രതിഫലിക്കുന്നതെന്നും അടുത്ത 50 വർഷം മുന്നിൽ കണ്ടുള്ള വികസന പദ്ധതികളാണ് നടപ്പാക്കുന്നതെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു. വെല്ലുവിളികൾ മറികടക്കുന്ന കാര്യത്തിൽ ലോകത്തിെൻറ മുൻനിരയിൽ യു.എ.ഇയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞയാഴ്ചയാണ് 33 മന്ത്രിമാരുമായി യു.എ.ഇയിലെ മന്ത്രിസഭ പുനഃസംഘടിപ്പിച്ചത്. രാജ്യത്തിെൻറ ഡിജിറ്റൽ വളർച്ച ലക്ഷ്യമിട്ട് പലവകുപ്പുകളും ലയിപ്പിച്ചും പുതിയ ചുമതലകൾ ഏൽപിച്ചുമായിരുന്നു പുനഃസംഘടന. മന്ത്രിസഭ പുനഃസംഘടിപ്പിക്കുമെന്നും മന്ത്രിമാരുടെ എണ്ണം കുറക്കുമെന്നും അദ്ദേഹം നേരത്തെ അറിയിച്ചിരുന്നു. ശൈഖ് മുഹമ്മദ് പ്രതിരോധവും ശൈഖ് സൈഫ് ബിൻ സായിദ് ആൽ നഹ്യാൻ ആഭ്യന്തരവും കൈകാര്യം ചെയ്യും. ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാൻ, ശൈഖ് സൈഫ് ബിൻ സായിദ് ആൽ നഹ്യാൻ എന്നിവർ ഉപപ്രധാനമന്ത്രിമാരാണ്. കോവിഡിന് ശേഷം യു.എ.ഇയുടെ വളർച്ചക്ക് കുതിപ്പേകാനുള്ള മാറ്റങ്ങളുമായാണ് മന്ത്രിസഭ പുനഃസംഘടിപ്പിച്ചിരിക്കുന്നത്.
പല വകുപ്പുകളും ലയിപ്പിച്ചതോടെ മന്ത്രിമാരുടെ എണ്ണം 33 ആയി ചുരുങ്ങിയെങ്കിലും ഡിജിറ്റൽ യുഗത്തിൽ ഇത് ധാരാളമാണെന്ന കണക്കുകൂട്ടലിലാണ്. സർക്കാർ സേവനങ്ങൾ 50 ശതമാനവും ഡിജിറ്റലിലേക്ക് മാറുന്ന സാഹചര്യത്തിലാണ് പല വകുപ്പുകളുടെയും മേൽനോട്ടം ലയിപ്പിച്ചത്. ആർട്ടിഫിഷ്യൽ ഇൻറലിജൻറ്സിനും ഡിജിറ്റൽ ഇക്കോണമിക്കുമെല്ലാം പ്രത്യേകം മന്ത്രിമാരെ നിയോഗിക്കുകയും ചെയ്തു. സാമ്പത്തിക മന്ത്രാലയത്തിന് കീഴിൽ മൂന്ന് മന്ത്രിമാരെയും ഡിജിറ്റൽ ഇക്കണോമി, ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, റിമോട്ട് വർക്ക് ആപ്ലിക്കേഷൻസ് എന്നിവക്ക് സഹ മന്ത്രിമാരെയും നിയമിച്ചു. ഊർജ്ജ മന്ത്രാലയവും ഇൻഫ്രാസ്ട്രക്ചർ മന്ത്രാലയവും ലയിപ്പിച്ച് ഊർജ്ജ -അടിസ്ഥാന സൗകര്യ മന്ത്രാലയമായി മാറ്റി. ദേശീയ മീഡിയ കൗൺസിൽ, ഫെഡറൽ യൂത്ത് അതോറിറ്റി എന്നിവ സാംസ്കാരിക മന്ത്രാലയവുമായി ലയിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.