ദുബൈ: റമദാനിൽ അനധികൃത തെരുവുകച്ചവടക്കാർക്കെതിരെ ശക്തമായ നടപടിയെടുത്ത് ദുബൈ പൊലീസ്. പൊതുജനാരോഗ്യ സുരക്ഷ മാനദണ്ഡങ്ങൾ ലംഘിച്ച് തെരുവിൽ കച്ചവടം നടത്തിയ 47 പേരാണ് ഇതുവരെ അറസ്റ്റിലായത്. തെരുവിൽ പഴം, പച്ചക്കറി വിൽപനക്ക് അനധികൃതമായി ഉപയോഗിച്ച നിരവധി വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
തെരുവ് കച്ചവടക്കാരിൽനിന്നും ലൈസൻസില്ലാതെ റോഡരികിൽ വാഹനങ്ങൾ പാർക്ക് ചെയ്ത് കച്ചവടം നടത്തുന്നവരിൽനിന്നും സാധനങ്ങൾ വാങ്ങുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിവെക്കും. ഇതിന്റെ അപകടസാധ്യതയും ഏറെയാണ്. കാലാവധി കഴിഞ്ഞ ശേഷം ഉപയോഗ ശൂന്യമായതോ ഉൽപാദിപ്പിച്ച സ്ഥലം വ്യക്തമാവാത്തതോ ആയ വസ്തുക്കളാണ് ഇത്തരക്കാർ കൂടുതലായി വിൽപനക്കെത്തിക്കുന്നത്.
അതോടൊപ്പം കൃത്യമായ ഗുണനിലവാര പരിശോധനയും ഈ ഉൽപന്നങ്ങളിൽ നടത്തിയിട്ടുണ്ടാവില്ലെന്ന് ജനറൽ ഡിപ്പാർട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനിലെ അനധികൃത കച്ചവടക്കാരെ നിയന്ത്രിക്കുന്ന വകുപ്പ് തലവൻ ലഫ്റ്റനന്റ് കേണൽ താലിബ് മുഹമ്മദ് അൽ അമരി പറഞ്ഞു.
നിയമപരമല്ലാത്ത പ്രവർത്തനങ്ങളെ ഇല്ലാതാക്കി സമൂഹത്തിന്റെ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നടപടി. അനധികൃത കച്ചവടങ്ങൾ കണ്ടെത്താൻ തുടർന്നും പരിശോധന നടത്തും.
നിയമലംഘനം ശ്രദ്ധിയിൽപെട്ടാൽ 901 എന്ന ടോൾ ഫ്രീ നമ്പറിലോ ദുബൈ പൊലീസിന്റെ സ്മാർട്ട് ആപ്പിലോ അറിയിക്കണമെന്നും അദ്ദേഹം ജനങ്ങളോട് അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.