ദുബൈ: യു.എ.ഇയിൽ അസ്ഥിരകാലാവസ്ഥ തുടരുന്നു. കനത്ത ചൂടിലും ഞായറാഴ്ച ദുബൈയിലേയും ഷാർജയിലേയും വിവിധ മേഖലകളിൽ ശക്തമായ മഴ ലഭിച്ചു. ഷാർജയിലെ മധ്യമേഖലകളിലും മരുഭൂമികളിലും ദുബൈയിലെ വടക്ക്, കിഴക്കൻ പ്രദേശങ്ങളിലുമാണ് ഞായറാഴ്ച ഉച്ചക്കുശേഷം മഴ പെയ്തത്.ഷാർജ മദാം അൽ ബദായർ റോഡിൽ വൈകീട്ട് നാലോടെയാണ് മഴ തുടങ്ങിയത്. ശനിയാഴ്ച മൂന്ന് എമിറേറ്റുകളിലും ആലിപ്പഴ വർഷവും ശക്തമായ മഴയുമുണ്ടായിരുന്നു. അബൂദബിയിലെ അൽഐൻ, റാസൽഖൈമ, ഫുജൈറ എമിറേറ്റുകളിലാണ് ശനിയാഴ്ച വൈകീട്ടോടെ വ്യത്യസ്ത തീവ്രതയിൽ ആലിപ്പഴവർഷവും കനത്ത മഴയും പെയ്തത്. ശനിയാഴ്ച അൽഐനിൽ ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (എൻ.സി.എം) ഓറഞ്ച്, യെല്ലോ അലർട്ടും പ്രഖ്യാപിച്ചിരുന്നു.
അൽഐനിലെ ഉമ്മു ഗഫയിലെ റോഡുകളിൽ ശക്തമായ മഴ പെയ്യുന്ന വിഡിയോ ദൃശ്യങ്ങളും എൻ.സി.എം എക്സിൽ പങ്കുവെച്ചിട്ടുണ്ട്. അതേസമയം, ആഞ്ഞടിച്ച കാറ്റിലും മഴയിലും ഇതുവരെ അത്യാഹിതങ്ങളോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഷാർജയിലെ പ്രമുഖ വിനോദസഞ്ചാര ആകർഷണമായ വാദി അൽ ഹിലൂ മഴയിൽ കൂടുതൽ സജീവമായിട്ടുണ്ട്. മലമുകളിലൂടെ മഴവെള്ളം കുത്തിയൊലിച്ചിറങ്ങുന്ന മനോഹര കാഴ്ചകൾ കാണാനായി വിനോ സഞ്ചാരികളും വാദികൾ ലക്ഷ്യമാക്കി നീങ്ങുന്നുണ്ട്. എന്നാൽ, ഇത് അപകടം വരുത്തുമെന്നാണ് പൊലീസ് മുന്നറിയിപ്പ്. ശക്തമായ മഴയുള്ള വേളകളിൽ വാദികൾക്കരികിൽ വാഹനങ്ങൾ പാർക്കു ചെയ്യുന്നതും കൂട്ടം കൂടി നിൽക്കുന്നതും 1000 ദിർഹം വരെ പിഴശിക്ഷയും ആറ് ബ്ലാക് പോയിന്റും ലഭിക്കുന്ന കുറ്റകൃത്യമാണ്.
ഫുജൈറയിൽ ആലിപ്പഴത്തോടൊപ്പമാണ് ശക്തമായ മഴ വർഷിച്ചത്. ശൈഖ് ഖലീഫ സ്ട്രീറ്റിലെ റോഡിൽ നിന്ന് പ്രദേശവാസികൾ ആലിപ്പഴം പെറുക്കുന്ന ദൃശ്യങ്ങളും എൻ.സി.എമ്മിന്റെ വീഡിയോകളിൽ കാണാം. എന്നാൽ, ദൃശ്യപരത കുറവായതിനാൽ റോഡുകളിൽ വാഹനങ്ങളുടെ വേഗപരിധി പൊലീസ് കുറച്ചിട്ടുണ്ട്. ശക്തമായ മഴയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിന് സാധ്യതയുള്ളതിനാൽ ജാഗ്രതപാലിക്കണമെന്നും വിവരങ്ങൾക്കായി ആധികാരിക കേന്ദ്രങ്ങളെ മാത്രം ആശ്രയിക്കണമെന്നും പൊലീസ് അഭ്യർഥിച്ചു. ഞായറാഴ്ച വടക്കു, കിഴക്ക് മേഖലകളിൽ മഴ പെയ്യുമെന്നും എൻ.സി.എം പ്രവചിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.