യു.പി.ഐ ഇടപാട്: പ്രവാസികളുടെ അക്കൗണ്ടും മരവിപ്പിച്ചു

ദുബൈ: യു.പി.ഐ വഴി പണം എത്തിയതിന്‍റെ പേരിൽ അക്കൗണ്ട് മരവിപ്പിക്കപ്പെട്ടവരിൽ പ്രവാസികളും. ഇടുക്കി വണ്ണപ്പുറം സ്വദേശികളായ സൽമാൻ മണപ്പാടൻ, ഇല്യാസ് സൈനുദ്ദീൻ എന്നിവരുടെ അക്കൗണ്ടാണ് മരവിപ്പിച്ചത്. ഇല്യാസിന്‍റെ നാട്ടിലുള്ള നാല് ബന്ധുക്കളുടെ അക്കൗണ്ടും മരവിപ്പിച്ചിട്ടുണ്ട്.

ഹരിയാനയിലെ രണ്ട് പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകളുടെ അടിസ്ഥാനത്തിലാണ് ഇവരുടെ അക്കൗണ്ടുകൾ മരവിപ്പിച്ചത്. എന്നാൽ, എന്താണ് കേസെന്നോ, പരിഹാരം എന്താണെന്നോ ഇവർ വ്യക്തമാക്കുന്നില്ല. വണ്ണപ്പുറം കാളിയാർ ഫെഡറൽ ബാങ്കിലെയും സൗത്ത് ഇന്ത്യൻ ബാങ്കിലെയും സേവിങ്സ് അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. ഇല്യാസിന്‍റെ അക്കൗണ്ടിലേക്ക് കോഴിക്കോട് സ്വദേശിയായ സുഹൃത്ത് യു.പി.ഐ വഴി പണം അയച്ചിരുന്നു. ഈ തുക ഇല്യാസ് വണ്ണപ്പുറം സ്വദേശിയായ സുഹൃത്ത് ഉനൈസിന്‍റെ അക്കൗണ്ടിലേക്ക് നൽകി. ഇതിൽ നിന്ന് 15000 രൂപ സൽമാന്‍റെ അക്കൗണ്ടിലേക്ക് ഉനൈസ് കൈമാറി. ഈ ഇടപാടാണ് അക്കൗണ്ട് മരവിപ്പിക്കലിലേക്ക് എത്തിയത്.

1500 രൂപ മുതൽ 150,00 രൂപ വരെ ചെറിയ തുകകളാണ് അയച്ചത്. അജ്മാനിൽ പ്രവാസിയായ ഇല്യാസിന്‍റെ അക്കൗണ്ടിനെതിരെ ഹരിയാന കുരുക്ഷേത്ര സൈബർ പൊലീസ് സ്റ്റേഷനിൽ പരാതി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഈ കേസ് തീർപ്പാക്കിയാൽ മാത്രമെ അക്കൗണ്ട് തിരികെ ലഭിക്കൂ എന്നുമാണ് ബാങ്കിൽനിന്ന് ലഭിച്ച വിവരം. ഇതോടൊപ്പം ബന്ധപ്പെടുന്നതിന് ഹരിയാനയിലെ പൊലീസുകാരന്‍റെ നമ്പറും ഉണ്ടായിരുന്നു. എന്നാൽ, ഈ നമ്പറിൽ വിളിച്ചപ്പോൾ ഇങ്ങനൊരു കേസ് ഫയൽ ചെയ്തിട്ടില്ലെന്നാണ് പറയുന്നത്. കേസ് ഫയൽ ചെയ്തിട്ടില്ലെന്ന് കാണിക്കുന്ന ഇ-മെയിൽ അയക്കാൻ ആവശ്യപ്പെട്ടെങ്കിലും പൊലീസുകാരൻ വിസമ്മതിച്ചു. ഹരിയാനയിൽ നേരിട്ടെത്താനും പ്രശ്നം പരിഹരിക്കാമെന്നുമാണ് പൊലീസുകാരൻ പറയുന്നത്.

ഷാർജയിൽ പ്രവാസിയായ സൽമാനുൽ ഫാരിസിന്‍റെ കാളിയാർ സൗത്ത് ഇന്ത്യൻ ബാങ്കിലെ അക്കൗണ്ടാണ് മരവിപ്പിച്ചത്. പണം വിട്ടുകിട്ടാൻ ഹരിയാന ഈസ്റ്റ് ഗുരുഗ്രാം സൈബർ പൊലീസിലെ പ്രിയ എന്ന പൊലീസുകാരിയെ ബന്ധപ്പെടണം എന്നാണ് സൽമാന് ബാങ്ക് വഴി ലഭിച്ച ഇ-മെയിലിൽ പറയുന്നത്. എന്നാൽ, ഹരിയാനയിൽ നേരിട്ടെത്തിയാൽ പ്രശ്നം പരിഹരിക്കാമെന്നാണ് ഇവർ പറയുന്നത്. ഇക്കാര്യത്തിൽ ഉറപ്പുനൽകാനും അവർ തയാറാകുന്നില്ല.

15,000 രൂപ വിട്ടുകിട്ടാൻ ഹരിയാന വരെ പോകേണ്ടതില്ല എന്നതാണ് സൽമാന്‍റെ തീരുമാനം. എന്നാൽ, മരവിപ്പിച്ചതോടെ അക്കൗണ്ടിലെ ബാക്കി തുകയും എടുക്കാൻ കഴിയാത്ത അവസ്ഥയാണ്. അതേസമയം, പണം അയച്ച ഉനൈസിന്‍റെ അക്കൗണ്ടിന് യാതൊരു കുഴപ്പവുമില്ല.

Tags:    
News Summary - UPI transaction: Accounts of expatriates also frozen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.