അബൂദബി: ഇലക്ട്രിക് വിമാനങ്ങള്‍ വികസിപ്പിക്കുന്നതില്‍ പേരുകേട്ട യു.എസ്. ഏവിയേഷന്‍ കമ്പനി അബൂദബിയിലും പ്രവര്‍ത്തനം തുടങ്ങുന്നു. ഹ്രസ്വ, മധ്യ ദൂര എയര്‍ ടാക്സികളാണ് കമ്പനി വികസിപ്പിക്കുന്നത്. ഇതോടെ അബൂദബിയുടെ മാനത്തും വൈകാതെ എയര്‍ ടാക്സികള്‍ പ്രത്യക്ഷപ്പെടാനുള്ള സാധ്യതകളേറി. സാമ്പത്തിക മന്ത്രാലയമാണ് ഓഡിസ് ഏവിയേഷന്‍ അബൂദബിയിലും പ്രവര്‍ത്തനമാരംഭിക്കുന്ന വിവരം പ്രഖ്യാപിച്ചത്. ലംബ(വെര്‍ട്ടിക്കില്‍)ടേക്ക് ഓഫും ലാന്‍ഡിങ്ങും നടത്തുന്ന ഹൈബ്രിഡ് ഇലക്ട്രിക് വിമാനങ്ങള്‍ നിര്‍മിക്കുന്നതിലാണ് കമ്പനി ശ്രദ്ധ കൊടുത്തിരിക്കുന്നത്. യാത്രാവിമാനം, ചരക്കുവിമാനം, എമര്‍ജന്‍സി ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്നതാണ് ഇവ. 320 കിലോമീറ്റര്‍ ദൂരം ഓഡിസ് ഏവിയേഷന്‍ വിമാനത്തിന് സഞ്ചരിക്കാനാവും. ഇതിലൂടെ ജി.സി.സി. രാജ്യങ്ങളിലേക്കുള്ള യാത്രകളിലൂടെയുണ്ടാവുന്ന കാര്‍ബണ്‍ പുറന്തള്ളല്‍ 76 ശതമാനം വരെ ഒഴിവാക്കാനാവും എന്ന പ്രത്യേകതയുമുണ്ട്.
യു.എ.ഇയിലുടനീളം സര്‍വീസ് നടത്താമെന്നതിനാല്‍ കാര്‍ബണ്‍ രഹിത യാത്രയും സാധ്യമാക്കാനാവും. 2025ഓടെയാവും കമ്പനി അബൂദബിയില്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനം തുടങ്ങുക. 2027 മുതല്‍ ഇലക്ട്രിക് വിമാനങ്ങള്‍ സര്‍വീസ് ആരംഭിക്കും. സാമ്പത്തിക മന്ത്രാലയത്തിന്റെ പദ്ധതിയായ നെക്സ്റ്റ് ജന്‍ എഫ്.ഡി.ഐയുടെ ഭാഗമായി സ്ഥാപിക്കുന്ന കമ്പനിയുടെ മേഖലാ ആസ്ഥാനം അബൂദബിയായിരിക്കും. പ്രത്യക്ഷവും പരോക്ഷവും ആയി രണ്ടായിരത്തിലേറെ തൊഴിലവസരങ്ങള്‍ ഇതിലൂടെ സൃഷ്ടിക്കപ്പെടും. പൂര്‍ണമായും യു.എ.ഇയില്‍ നിര്‍മിക്കുന്ന ഇലക്ട്രിക് വിമാനങ്ങളുടെ കയറ്റുമതിക്കും ഇതു വഴിവയ്ക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.