ദുബൈ: ഡിജിറ്റൽ സാങ്കേതികവിദ്യകളുടെ വരവോടെ കഴിഞ്ഞ കാൽനൂറ്റാണ്ടിനിടെ കുട്ടികളുടെ വിദ്യാഭ്യാസത്തിൽ സ്കൂളുകളുടെ പങ്ക് ക്രമാനുഗതമായി കുറഞ്ഞുവരുകയാണെന്ന് മെൽബൺ യൂനിവേഴ്സിറ്റിയിലെ പ്രഫസറും എഴുത്തുകാരനുമായ പാസി സഹൽ ബർഗ് അഭിപ്രായപ്പെട്ടു.
വിദ്യാഭ്യാസ മേഖലയിൽ അതിവേഗത്തിലാണ് മാറ്റങ്ങൾ സംഭവിക്കുന്നത്.
ഡിജിറ്റൽ സാങ്കേതികവിദ്യകളിലൂടെയാണ് നിലവിൽ ഭൂരിഭാഗം കുട്ടികളും കൂടുതൽ അറിവുകൾ കരസ്ഥമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അബൂദബിയിൽ നടക്കുന്ന മജ്ലിസ് മുഹമ്മദ് ബിൻ സായിദിൽ ‘വിദ്യാഭ്യാസത്തിൽ മാതാപിതാക്കളുടെ പങ്ക്’ തലക്കെട്ടിൽ സംസാരിക്കുകയായിരുന്നു സഹൽ ബർഗ്. കുട്ടികളുടെ വിദ്യാഭ്യാസത്തിൽ രക്ഷിതാക്കൾ സജീവമായ പങ്കുവഹിക്കേണ്ടത് നിർണായകമാണ്.
ഒരിക്കൽ സ്കൂളുകളിൽ നിന്ന് മാത്രമായി ലഭിച്ചിരുന്ന അറിവുകളും വൈദഗ്ധ്യങ്ങളും ഇന്ന് ഡിജിറ്റൽ സാങ്കേതികവിദ്യകൾ പോലുള്ള ബദൽ മാർഗങ്ങളിലൂടെ വിദ്യാർഥികൾക്ക് നേടാൻ കഴിയുന്നു. പരമ്പരാഗത സ്കൂൾ സമയത്തിനപ്പുറത്ത് അനൗദ്യോഗിക പഠന രീതികൾ ലോകത്തെ പല രാജ്യങ്ങളും വിദ്യാഭ്യാസത്തിന്റെ സമഗ്ര ഭാഗമാക്കി മാറ്റിയിട്ടുണ്ട്.
സ്കൂളുകളും വിദ്യാഭ്യാസ അതോറിറ്റികളും അംഗീകരിച്ച പാഠ്യവിഷയങ്ങൾ വിദ്യാർഥികൾക്ക് ഇന്ന് സ്വതന്ത്രമായി നേടാൻ കഴിയുന്നുണ്ടെന്നും പ്രഫസർ സഹൽ ബർഗ് പറഞ്ഞു. താഴ്ന്നതും ഉയർന്ന വരുമാനമുള്ളതുമായ കുടുംബങ്ങളിൽനിന്നുള്ള കുട്ടികൾ തമ്മിലുള്ള വിദ്യാഭ്യാസ ഫലങ്ങളിലെ അസമത്വം ഈ മാറ്റം വർധിപ്പിച്ചിട്ടുണ്ട്. സ്വന്തം കുട്ടികൾ ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിലുള്ള ഇടപെടലുകളിലും ഈ സാമ്പത്തിക സാഹചര്യങ്ങൾ സ്വാധീനിക്കുന്നുണ്ടെന്നാണ് ആസ്ട്രേലിയ, കാനഡ എന്നീ രാജ്യങ്ങളിൽ നടന്ന ഗവേഷണത്തിൽ വ്യക്തമായത്.
ആസ്ട്രേലിയയിൽ ശരാശരി മൂന്നിൽ ഒരു രക്ഷിതാവ് തന്റെ കുട്ടി രാത്രി ബെഡിലേക്ക് സ്മാർട്ട് ഫോൺ കൊണ്ടുപോകുന്നത് നിയന്ത്രിക്കുന്നുണ്ട്.
എന്നാൽ, കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങളിൽ ഈ ശതമാനം പകുതിവരെ ഉയർന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.