ഫുജൈറ: രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിന് യു.എ.ഇയിൽ എത്തിയ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ഫുജൈറ ഇന്ത്യൻ സോഷ്യൽ ക്ലബിൽ കിഴക്കൻ പ്രവിശ്യയിലെ പ്രവാസികളുമായി കൂടിക്കാഴ്ച നടത്തി. കോൺസുലാർ ജനറൽ സതീഷ് കുമാർ ശിവൻ, വൈസ് കോൺസുലർ അംരീഷ് കുമാർ മന്ത്രിയെ അനുഗമിച്ചെത്തി.
ഇന്ത്യൻ സോഷ്യൽ ക്ലബ് വൈസ് പ്രസിഡന്റ് സഞ്ജീവ് മേനോൻ, കോൺസുൽ സെക്രട്ടറി അശോക് മുൻചന്ദാനി എന്നിവരുടെ നേതൃത്വത്തിൽ മന്ത്രിയെ സ്വീകരിച്ചു. ജനറൽ സെക്രട്ടറി പ്രദീപ് കുമാർ, സഹ ഭാരവാഹികളായ മനാഫ് ഒളകര, സുഭാഷ്, ജലീൽ ഖുറൈശി, ഇസ്ഹാഖ്, ജഗദീഷ് തുടങ്ങിയവർ സംബന്ധിച്ചു.
ദുബൈ ഇന്ത്യൻ കോൺസുലേറ്റിന്റെ പ്രവർത്തനങ്ങളുടെ വിലയിരുത്തലിന്റെ ഭാഗമായാണ് സന്ദർശനം. ഫുജൈറ ഇന്ത്യൻ സോഷ്യൽ ക്ലബിൽ നടന്ന പ്രവാസി സംഘടന പ്രതിനിധികളുമായുള്ള യോഗത്തിൽ പ്രവാസികളുമായി ബന്ധപ്പെട്ട സുപ്രധാന വിഷയങ്ങളിൽ ചർച്ച നടക്കുകയും പരാതികൾ സ്വീകരിക്കുകയും ചെയ്തു.
അത്യാഹിത വിഭാഗത്തിൽ കഴിയുന്ന രോഗികളെ അടിയന്തരാവസ്ഥയിൽ ഇന്ത്യയിലേക്ക് ചികിത്സക്കോ കുടുംബത്തിലേക്കോ അയക്കാനുള്ള ബദൽ സംവിധാനമില്ലാത്തതിലെ പ്രയാസങ്ങൾ, പാസ്പോർട്ട് പുതുക്കിക്കിട്ടുന്നതിലെ കാലതാമസം, തൽക്കാൽ പാസ്പോർട്ടിന്റെ വർധിത ഫീസ്, യാത്രാവിലക്കുമായി ബന്ധപ്പെട്ട വിഷയങ്ങൾ, ജയിലിൽ കഴിയുന്നവരുടെ മോചനം, പ്രവാസി പെൻഷൻ, പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കൽ, തൊഴിൽ സംബന്ധമായ പ്രശ്നങ്ങൾ എന്നിവയിൽ സാധ്യമാകുന്ന പരിഹാരങ്ങൾക്ക് ശ്രമിക്കുമെന്ന് മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.