ദുബൈ: 18വയസ്സിൽ കൂടുതൽ പ്രായമുള്ളവർക്ക് എക്സ്പോ 2020 ദുബൈ സന്ദർശിക്കാൻ വാക്സിനേഷെൻറ തെളിവോ പി.സി.ആർ പരിശോധന നെഗറ്റിവ് ഫലമോ ഹാജരാക്കണം. ബുധനാഴ്ച സംഘാടകർ പ്രഖ്യാപിച്ച ഏറ്റവും പുതിയ സുരക്ഷ മാനദണ്ഡപ്രകാരമാണിത്. ഒരോ രാജ്യക്കാരും അവരവരുടെ നാട്ടിലെ സർക്കാർ അംഗീകൃത വാക്സിൻ സ്വീകരിച്ചതിെൻറ തെളിവ് ഹാജരാക്കിയാൽ മതിയാകും. പി.സി.ആർ പരിശോധന ഫലം 72മണിക്കൂറികം എടുത്തതായിരിക്കണം.ടിക്കറ്റെടുത്ത വാക്സിനെടുക്കാത്ത ആളുകൾക്ക് പി.സി.ആർ പരിശോധനക്ക് എക്സ്പോ സൈറ്റിൽ സൗകര്യമുണ്ടായിരിക്കും. ഇതിനു പുറമെ നഗരത്തിലുടനീളം പരിശോധന കേന്ദ്രങ്ങൾ രൂപപ്പെടുത്തുകയും ഇതു സംബന്ധിച്ച വിവരം എക്സ്പോ സൈറ്റിൽ നൽകുകയും ചെയ്യും.
എക്സ്പോ ടിക്കറ്റുകൾ കാണിക്കുന്നവർക്ക് പി.സി.ആർ പരിശോധന സൗജന്യമായി നൽകുകയും ചെയ്യും. ഒരുദിവസത്തെ ടിക്കറ്റുകാർക്കും മറ്റു ടിക്കറ്റുള്ളവർക്കും ഈ സൗജന്യം ലഭിക്കും. എക്സ്പോയിൽ ആരോഗ്യ സുരക്ഷ ശക്തമാക്കുന്നതിെൻറ ഭാഗമായി എല്ലാ എക്സ്പോ സ്റ്റാഫും അന്താരാഷ്ട്ര പവിലിയനുകളുടെ ജീവനക്കാരും വളൻറിയർമാരും കോൺട്രാക്ടർമാരും സേവനദാതാക്കളും വാക്സിൻ സ്വീകരിച്ചിരിക്കണമെന്നത് നിർബന്ധമാക്കിയിട്ടുണ്ട്. സാനിറ്റേഷൻ സ്റ്റേഷനുകൾ, അകത്തും പുറത്തും മാസ്ക് ധരിക്കൽ, രണ്ട് മീറ്റർ സാമൂഹിക അകലം തുടങ്ങിയ എല്ലാ നിബന്ധനകളും ശക്തമായി നടപ്പാക്കും. വിനോദസഞ്ചാരികളെയും സന്ദർശകരെയും സ്വാഗതം ചെയ്യാനായി യു.എ.ഇ ഒരുങ്ങുന്ന സാഹചര്യത്തിൽ എല്ലാവരുടെയും ആരോഗ്യത്തിനും സുരക്ഷക്കും ഒന്നാം നമ്പർ മുൻഗണനയായി തുടരുമെന്ന് അന്തരാഷ്ട്ര സഹകരണ സഹമന്ത്രിയും എക്സ്പോ ഡയറക്ടർ ജനറലുമായ റീം അൽ ഹാഷിമി പറഞ്ഞു.
പ്രമുഖരായ ശാസ്ത്ര, മെഡിക്കൽ വിദഗ്ധരുടെ മാർഗനിർദേശങ്ങൾ അനുസരിക്കുന്നത് തുടരേണ്ടതുണ്ട്. ലോകത്തിനായി നമ്മുടെ വാതിലുകൾ തുറക്കുമ്പോൾ ഈ നടപടി അത്യാവശ്യമാണ് -അവർ വ്യക്തമാക്കി. കോവിഡ് വ്യാപനം കഴിഞ്ഞ ദിവസങ്ങളിൽ കുത്തനെ കുറഞ്ഞ സാഹചര്യമാണ് യു.എ.ഇയിലുള്ളത്. കൃത്യവും ആസൂത്രിതവുമായ പ്രതിരോധ നടപടികളും വാക്സിനേഷനുമാണ് ഇതിനു സഹായിച്ചിട്ടുള്ളത്. വിവിധ രാജ്യങ്ങളിൽനിന്ന് എത്തുന്ന യാത്രക്കാർക്ക് നിലവിൽ പി.സി.ആർ പരിശോധന അടക്കമുള്ള നിബന്ധനകൾ വിമാനത്താവളങ്ങളിൽ നിലവിലുണ്ട്. പൂർണമായും സുരക്ഷിത അന്തരീക്ഷത്തിൽ എക്സ്പോ നടത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് നിബന്ധനകൾ കർശനമാക്കിയിരിക്കുന്നത്.തിങ്കളാഴ്ച യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ നിർദേശപ്രകാരം കോവിഡ് പ്രതിരോധ ചുമതലയുള്ള ദുബൈ ദുരന്തനിവാരണ സമിതി സുപ്രീംകമ്മിറ്റി ചെയർമാൻ ശൈഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം എക്സ്പോ നഗരി സന്ദർശിച്ച് സുരക്ഷ മുന്നൊരുക്കം വിലയിരുത്തിയിരുന്നു. സന്ദർശകർക്കും പ്രദർശനങ്ങൾ ഒരുക്കുന്നവർക്കും ഏറ്റവും ഉയർന്ന രൂപത്തിലുള്ള സുരക്ഷ ഒരുക്കണമെന്ന് നേരത്തേ ശൈഖ് മുഹമ്മദ് നിർദേശിച്ചിരുന്നു. ഇതിെൻറ അടിസ്ഥാനത്തിലാണ് ശൈഖ് മൻസൂറും ഉന്നതാധികാര സമിതി അംഗങ്ങളും സന്ദർശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.