അബൂദബി: നിഷ്ക്രിയ കോവിഡ്-19 വാക്സിെൻറ മൂന്നാംഘട്ട പരീക്ഷണങ്ങളിൽ കുടുംബസമേതമെത്തുന്നവരുടെ എണ്ണത്തിലും വർധന. കമ്യൂണിറ്റി പൊലീസ് വളൻറിയറായ കോഴിക്കോട് പയ്യോളിയിലെ തരിപ്പയിൽ അഫ്സലും ഭാര്യയും മറ്റു കുടുംബാംഗങ്ങളായ ആറു പേർക്കൊപ്പമാണ് കോവിഡ് വാക്സിൻ ക്ലിനിക്കൽ പരീക്ഷണത്തിനു തയാറായത്.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായ അഫ്സൽ വാക്സിനെടുക്കാൻ തയാറായതോടെ ഭാര്യ ഷസ്നയും ഇവരുടെ സഹോദരൻ യാസർ അബ്ദുൽ ഖാദറും രംഗത്തെത്തി. ഇതോടെ അഫ്സലിെൻറ കുടുംബാംഗങ്ങളായ യാസർ അറഫാത്തും സഹോദരീപുത്രൻ ഷഫ്നാസ് ഫൈസലും പിതൃസഹോദര പുത്രൻ അർസൽ റസാഖും യജ്ഞത്തിൽ പങ്കെടുക്കാൻ സന്നദ്ധരായി കൂടെക്കൂടുകയായിരുന്നു. ഇവരെല്ലാവരും അബൂദബി നാഷനൽ എക്സിബിഷനിൽ ഒരുമിച്ചെത്തി കോവിഡ് വാക്സിെൻറ ആദ്യ ഡോസ് സ്വീകരിച്ചു.
ഇതിന് പുറമെ, മലപ്പുറം സ്വദേശിയായ 65കാരനും വാക്സിൻ സ്വീകരിക്കാനെത്തി. അബൂദബി ബൂത്തീനിലെ ഏലീസി ക്ലിനിക്കിൽ സ്റ്റെറിലൈസേഷൻ ടെക്നീഷ്യനായ പൊന്നാനി സ്വദേശി മുഹമ്മദ് അയ്യപ്പൻകാവിലാണ് മകൻ ഇബ്രാഹിം മുഹമ്മദ് മിർഷാദിനൊപ്പം (32) കോവിഡ് വാക്സിൻ സ്വീകരിച്ചത്. മുഹമ്മദിെൻറ കൂടെ ജോലി ചെയ്യുന്ന മറ്റു മൂന്നു പേരും ക്ലിനിക്കൽ പരീക്ഷണത്തിൽ പങ്കാളിയായി.
ഒട്ടേറെ മലയാളികളാണ് മൂന്നാംഘട്ട ക്ലിനിക്കൽ പരീക്ഷണത്തിന് ദിനംപ്രതി അബൂദബി നാഷനൽ എക്സിബിഷൻ സെൻററിലെ ഫീൽഡ് ആശുപത്രിയിലെത്തുന്നത്. കായിക താരങ്ങൾ ഉൾപ്പെടെയുള്ളവർ വാക്സിൻ സ്വീകരിക്കാൻ എത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.