അബൂദബി: യു.എ.ഇയിൽ ചിലയിനം പച്ചക്കറികളുടെ ഉൽപാദനം വിപണിയുടെ ആവശ്യത്തിന് അനുസരിച്ച് വർധിച്ചതായി കാലാവസ്ഥ വ്യതിയാന-പരിസ്ഥിതി മന്ത്രാലയം. വഴുതന ഉൽപാദനം 18,55 ടണ്ണും മാരോപ്പഴം 18,500 ടണ്ണും കവിഞ്ഞു. 11,320 ടണ്ണിൽ കൂടുതൽ കോളി ഫ്ലവറും 13,420 ടണ്ണിൽ കൂടുതൽ കാബേജും ഉൽപാദിപ്പിക്കുന്നുണ്ട്. കുരുമുളക് ഉൽപാദനം 4,000 ടണ്ണാണ്.
ചില രാജ്യങ്ങളിൽനിന്നുള്ള പഴം^പച്ചക്കറി ഇറക്കുമതി നിരോധിച്ചത് വിപണിയെ കാര്യമായ രീതിയിൽ ബാധിച്ചിട്ടില്ലെന്ന് മന്ത്രാലയം അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി സുൽത്താൻ ബിൻ അൽവാൻ ആൽ ഹബ്സി പറഞ്ഞു. ജനങ്ങൾ ആശങ്കപ്പെടേണ്ട ഒരു കാര്യവുമില്ല. നിരോധനം ഏർപ്പെടുത്തിയത് മൂലമുള്ള പഴങ്ങളുടെയും പച്ചക്കറികളുടെയും കുറവ് സൗദി അറേബ്യ, ഇന്ത്യ, പാകിസതാൻ, മൊറോക്കോ, തുനീഷ്യ, ദക്ഷിണാഫ്രിക്ക, നെതർലാൻഡ്സ്, മലേഷ്യ, ന്യുസിലാൻഡ്, അമേരിക്ക, ബംഗ്ലാദേശ്, ഇറാൻ, തുർക്കി, ഫ്രാൻസ്, ഇറ്റലി, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള ഇറക്കുമതിയിലൂടെ പരിഹരിക്കുന്നുണ്ട്.
രാജ്യത്തെ വിപണിയിൽനിന്ന് ലഭിക്കുന്ന ഉൽപന്നങ്ങൾ സുരക്ഷിതവും ഉപഭോക്താക്കളുടെ ആരോഗ്യത്തിന് ഒരുവിധ ഹാനിയും ഉണ്ടാക്കാത്തതുമാണ്. കീടനാശിനി അവശിഷ്ടങ്ങൾ പഴങ്ങളിലും പച്ചക്കറികളിലും കൂടുതൽ സമയം നിലനിൽക്കുന്നില്ലെങ്കിൽ അവ കൊണ്ട് പ്രശ്നമില്ല. ചില രാജ്യങ്ങളിൽനിന്നുള്ള പഴങ്ങളും പച്ചക്കറികളും നിരോധിക്കാൻ തീരുമാനിച്ചത് അവയുടെ ലഭ്യതയെയും വിലയെയും ബാധിക്കാത്ത തരത്തിൽ ഉപഭോക്താക്കളുടെ ആരോഗ്യത്തിന് ഭാവിയിലുണ്ടായേക്കാവുന്ന ഭീഷണി ഒഴിവാക്കാനാണ്.
മാനദണ്ഡങ്ങൾ പാലിക്കുന്നത് വരെ ഇൗ രാജ്യങ്ങളിലെ ഉൽപന്നങ്ങൾക്കുള്ള നിരോധം തുടരുമെന്നും സുൽത്താൻ ബിൻ അൽവാൻ ആൽ ഹബ്സി അറിയിച്ചു. അനുവദനീയമായ അളവിൽ കൂടുതൽ കീടനാശിനി കണ്ടെത്തിയതിനാൽ ഏപ്രിൽ 24നാണ് അഞ്ച് രാജ്യങ്ങളിൽനിന്നുള്ള ചിലയിനം പഴങ്ങളുടെയും പച്ചക്കറികളുടെയും ഇറക്കുമതി യു.എ.ഇ കാലാവസ്ഥ വ്യതിയാന^പരിസ്ഥിതി മന്ത്രാലയം നിരോധിച്ചത്. ഇൗജിപ്ത്, ഒമാൻ, ജോർദാൻ, ലെബനാൻ, യെമൻ രാജ്യങ്ങളിൽനിന്നുള്ള ഉൽപന്നങ്ങൾക്കാണ് നിരോധനം. മെയ് 15 മുതലാണ് നിരോധനം നിലവിൽ വരുന്നത്. ഇൗജിപ്തിലെ വിവിധയിനം കുരുമുളക്, ജോർദാനിലെ കാബേജ്, കോളിഫ്ലവർ, ലെറ്റ്യൂസ്, സ്ക്വാഷ്, പയർ, ലെബനാനിലെ തണ്ണിമത്തൻ, കാരറ്റ്, ഒമാനിലെ ചീര എന്നിവയുടെയും യെമനിലെ എല്ലാ ഇനം പഴങ്ങളുടെയും ഇറക്കുമതിയാണ് നിരോധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.