ദുബൈ: യു.എസ്, യു.കെ, യൂറോപ്യൻ യൂനിയൻ ടൂറിസ്റ്റ് വിസയുള്ള ഇന്ത്യൻ പൗരന്മാർക്ക് ഇനി യു.എ.ഇയിലേക്ക് മുൻകൂട്ടി വിസയെടുക്കാതെ യാത്ര ചെയ്യാം. ഈ രാജ്യങ്ങളുടെ ടൂറിസ്റ്റ് വിസയുള്ള ഇന്ത്യക്കാർക്ക് ഓൺ അറൈവൽ വിസ നൽകാൻ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട്സ് സെക്യൂരിറ്റി (ഐ.സി.പി) അനുമതിയായി. നേരത്തേ ഈ രാജ്യങ്ങളിൽ റെസിഡന്റ്സ് വിസയുള്ള ഇന്ത്യക്കാർക്ക് മാത്രമായി വിസ ഓൺ അറൈവൽ ആനുകൂല്യം പരിമിതപ്പെടുത്തിയിരുന്നു.
ഇനി മുതൽ യു.എസ്, യു.കെ, ഇ.യു ടൂറിസ്റ്റ് വിസക്കാർക്കും വിസ ഓൺ അറൈവൽ ആനുകൂല്യം ലഭിക്കുമെന്ന് ഐ.സി.പി വൃത്തങ്ങൾ അറിയിച്ചു. എന്നാൽ, പാസ്പോർട്ടിനും വിസക്കും കുറഞ്ഞത് ആറു മാസം കാലാവധിയുണ്ടായിരിക്കണം. ഇവർക്ക് നൂറ് ദിർഹം ചെലവിൽ 14 ദിവസത്തേക്ക് വിസ ലഭിക്കും. 250 ദിർഹം നൽകി 14 ദിവസത്തേക്കുകൂടി ഇത്തരം വിസകൾ നീട്ടാനുള്ള അനുമതിയുമുണ്ട്.
യു.കെ, യു.എസ്, യൂറോപ്യൻ യൂനിയൻ രാജ്യങ്ങളുടെ വിസയുള്ള പാസ്പോർട്ടിലുള്ളവർക്ക് 250 ദിർഹം ചെലവിൽ 60 ദിവസം യു.എ.ഇയിൽ തങ്ങാനുള്ള വിസയും അനുവദിക്കും. ഇന്ത്യയും യു.എ.ഇയും തമ്മിലെ തന്ത്രപ്രധാന ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായി യു.എ.ഇ മന്ത്രിസഭയാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.