ദുബൈ: വിദേശത്തുനിന്നെത്തുന്നവർ നാട്ടിൽ ഏഴ് ദിവസം നിർബന്ധിത ക്വാറന്‍റീനിൽ കഴിയണമെന്ന കേന്ദ്ര സർക്കാരിന്‍റെയും ആരോഗ്യ മന്ത്രി വീണാ ജോർജിന്‍റെയും അറിയിപ്പിനെ ചോദ്യം ചെയ്ത് പ്രവാസികൾ. ഗൾഫിൽ നിന്ന് പി.സി.ആർ പരിശോധനയും വിമാനത്താവളത്തിലെ പരിശോധനയും കഴിഞ്ഞ് നെഗറ്റീവായി വീട്ടിലെത്തുന്ന തങ്ങൾ എന്തിന് ക്വാറൻനീൽ കഴിയണമെന്നാണ് അവരുടെ ചോദ്യം.
സാമൂഹിക അകലത്തിന്‍റെ കണിക പോലും പാലിക്കാത്ത പാർട്ടി പരിപാടികളിലും ആഘോഷങ്ങളിലും പങ്കെടുക്കുന്നവർക്കില്ലാത്ത മഹാമാരി പ്രവാസികൾക്ക് മാത്രം എങ്ങിനെയാണ് ബാധിക്കുന്നതെന്നും അവർ ചോദിക്കുന്നു. വിമാനങ്ങളിൽ നിന്നോ വിമാനത്താവളങ്ങളിൽ നിന്നോ കോവിഡ് പടരുമെന്ന യാതൊരു ശാസ്ത്രീയ പഠനവും ഇല്ലാത്ത സ്ഥിതിക്ക് പ്രവാസികൾക്ക് മേൽ നിയന്ത്രണം ഏർപെടുത്തുന്നത് കണ്ണിൽ പൊടിയിടാനാണെന്നാണ് അവരുടെ അഭിപ്രായം.
ഇന്ത്യയിൽ ഇന്നലെ റിപ്പോർട്ട് ചെയ്തത് 1,17,100 കോവിഡ് കേസുകളാണ്. ഗൾഫ് രാജ്യങ്ങളിലെ മൊത്തം കണക്കെടുത്താൽ പോലും ഇതിന്‍റെ പത്തിൽ ഒന്ന് കേസ് മാത്രമാണുള്ളത്. കോവിഡ് കുറഞ്ഞ രാജ്യത്ത് നിന്നും കൂടിയ രാജ്യത്തേക്ക് വരുന്നവർക്ക് അനാവശ്യ നിയന്ത്രണം ഏർപെടുത്തുന്നതിനെയാണ് പ്രവാസികൾ ചോദ്യം ചെയ്യുന്നത്.
കോവിഡ് തുടങ്ങിയ കാലം മുതൽ നാട്ടിൽ രോഗികളുടെ എണ്ണം വർധിച്ചാൽ ആദ്യം പിടിവീഴുക പ്രവാസികളുടെ കഴുത്തിനാണ്. സർക്കാർ കനത്ത നടപടികളെടുക്കുന്നു എന്ന് വരുത്തിത്തീർക്കാനുള്ള ഏറ്റവും മികച്ച മാർഗമായാണ് ഇതിനെ കാണുന്നത്. പ്രവാസികൾക്കായി ശബ്ദിക്കാൻ നാട്ടിലെ പ്രതിപക്ഷ കക്ഷികൾ പോലും മുന്നിട്ടിറങ്ങാറില്ല.
ചുരുങ്ങിയ ദിവസത്തേക്ക് അവധിക്കെത്തുന്നവരാണ് ഇതുമൂലം കുടുങ്ങുന്നത്. ക്വാറന്‍റീൻ കഴിഞ്ഞാൽ ഉടൻ തിരികെയെത്തേണ്ട അവസ്ഥയിലാണവർ. കുടുംബത്തിലുള്ളവരുടെ മരണം പോലുള്ള അടിയന്തര ആവശ്യങ്ങൾക്കായി വിദേശത്ത് നിന്ന് വരുന്നവർക്ക് ഏർപെടുത്തിയിരുന്ന എയർസുവിധയിലെ സൗകര്യം കേന്ദ്ര സർക്കാർ ഒഴിവാക്കിയിട്ട് രണ്ട് മാസം കഴിഞ്ഞു. ഇക്കാര്യത്തിൽ നിരവധി നിവേദനങ്ങൾ അയച്ചിട്ടും യാതൊരു നടപടിയുമുണ്ടായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.