ദുബൈ: യു.എ.ഇയിൽ ഇന്നാരംഭിക്കുന്ന വനിത ടി20 ലോകകപ്പിനുള്ള സുരക്ഷ തയാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിയതായി ഓപറേഷന്‍സ് അഫയേഴ്സ് അസിസ്റ്റന്റ് കമാന്‍ഡന്റും ദുബൈ ഇവന്റ് സെക്യൂരിറ്റി കമ്മിറ്റി മേധാവിയുമായ മേജര്‍ ജനറല്‍ അബ്ദുല്ല അലി അല്‍ ഗെയ്തി പറഞ്ഞു.
ദുബൈ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന് അകത്തും പുറത്തും സുരക്ഷ ഉറപ്പാക്കുന്നതില്‍ പ്രത്യേക സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. കാണികള്‍ക്കും കളിക്കാര്‍ക്കും അകത്തേക്ക് എളുപ്പത്തില്‍ പ്രവേശിക്കാനും സുരക്ഷ പട്രോളിങ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഈ മാസം 20 വരെയാണ് ടൂര്‍ണമെന്റ്. ദുബൈ, ഷാര്‍ജ സ്റ്റേഡിയങ്ങളിലായി 23 മത്സരങ്ങള്‍ നടക്കും. ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ഉദ്ഘാടന ചടങ്ങ്. ദുബൈ അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് ഫൈനൽ മത്സരം. സെമി ഫൈനല്‍ മത്സരങ്ങൾ ഈ മാസം 17ന് ദുബൈയിലും 18ന് ഷാര്‍ജയിലുമായി നടക്കും.
പങ്കെടുക്കുന്ന ടീമുകളെ രണ്ട് വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ഗ്രൂപ് എയില്‍ ആറുതവണ ലോക ചാമ്പ്യന്മാരായ ആസ്ട്രേലിയ, ഇന്ത്യ, ന്യൂസിലന്‍ഡ്, പാകിസ്താന്, ശ്രീലങ്ക എന്നിവ ഉള്‍പ്പെടുന്നു. ബി ഗ്രൂപ്പില്‍ ബംഗ്ലാദേശ്, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ്, സ്കോട്ട്ലന്‍ഡ് എന്നിവയാണ്.
വലിയ അന്താരാഷ്ട്ര പരിപാടികള്‍ സംഘടിപ്പിക്കുന്നതില്‍ ലോകത്തില്‍ മുന്‍നിരയിലാണ് യു.എ.ഇയുടെ സ്ഥാനമെന്നും അല്‍ ഗെയ്തി പറഞ്ഞു.
ഷാർജയിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ന്യൂസിലൻഡ് സ്കോട്ട്ലൻഡിനെ നേരിടും. വെള്ളിയാഴ്ചയാണ് ഇന്ത്യയുടെ ആദ്യ മത്സരം.
ദുബൈ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ന്യൂസിലൻഡാണ് ഇന്ത്യയുടെ എതിരാളി. നേരത്തേ ബംഗ്ലാദേശിൽ നിശ്ചയിച്ചിരുന്ന മത്സരങ്ങൾ ആഭ്യന്തര കലാപത്തെ തുടർന്നാണ് അവസാന നിമിഷം യു.എ.ഇയിലേക്ക് മാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.