വളരെയേറെ ഇണങ്ങുന്ന ചങ്ങാതിയാണ് ഡോൾഫിനുകൾ. ഇണങ്ങിക്കഴിഞ്ഞാൽ കൂട്ടുകാരെ പോലെയാണ്. ഡോൾഫിന്റെ ഈ ചങ്ങാത്തം കാണാൻ ദുബൈയിലുള്ളവർക്കും അവസരമുണ്ട്. ദുബൈ ഉമ്മുഹുറൈറിലെ ക്രീക്ക് പാർക്കിലെ ഡോൾഫിനോറിയത്തിലെത്തിയാൽ ഡോൾഫിന്റെ വികൃതികൾ കാണാൻ കഴിയും.
ചെറുതും വലുതുമായ നിരവധി ഡോൾഫിനുകളാണ് ഇവിടെ കാണികളെ കൈയിലെടുക്കുന്നത്. കുടുംബ സമേതം കുട്ടികളുമൊത്ത് കണ്ടാസ്വദിക്കാൻ പറ്റിയ ഇടം കൂടിയാണ് ദുബൈ ഡോൾഫിനോറിയം. ഡോൾഫിൻ മാത്രമല്ല, സീലുകളുടെ പ്രകടനവും ഇവിടെ കാണാം.
മൂന്ന് വിഭാഗങ്ങളായി തിരിച്ചാണ് ഇവിടേക്ക് പ്രവേശനം. മൂന്നിനും പ്രത്യേകം ടിക്കറ്റെടുക്കണം. ഡോൾഫിൻ ആൻഡ് സീൽ ഷോയാണ് പ്രധാനം. ഓരോ ദിവസവും നിശ്ചിത സമയത്താണ് ഷോകൾ നടക്കുന്നത്. രാവിലെ 11, ഉച്ചക്ക് 2.00, വൈകുന്നേരം 6.00 സമയങ്ങളിലായാണ് ഡോൾഫിൻ ആൻഡ് സീൽ ഷോ നടക്കുന്നത്. മുതിർന്നവർക്ക് 99 ദിർഹമും കുട്ടികൾക്ക് 49 ദിർഹമുമാണ് നിരക്ക്.
ഇതിന് പുറമെ, വാർഷിക പാസുകളും ലഭിക്കും. ഡോൾഫിനുകളുമായുള്ള ‘സംവാദ’വും അവരുടെ കളികളുമാണ് ഈ ഷോയിൽ കൂടുതലായി കാണാൻ കഴിയുക. വെള്ളത്തിലൂടെ നീന്തിത്തുടിക്കുന്നതിനൊപ്പം കരയിലേക്കും ഡോൾഫിനുകൾ കയറിക്കിടക്കുന്നു, അഭ്യാസങ്ങൾ കാണിക്കുന്നു.
കുട്ടികൾക്ക് ഏറ്റവും പ്രിയം ഈ ഷോയാണ്. മുതിർന്നവർക്കും ആസ്വദിക്കാനുള്ള വകുപ്പ് ഈ ഷോയിലുണ്ട്. ഡോൾഫിന് പുറമെ സീലുകളും ഈ ഷോക്ക് നിറം പകരാനെത്തുന്നു. പാട്ട് പാടുന്ന, പന്ത് കളിക്കുന്ന, ഡൈവ് ചെയ്യുന്ന, സംസാരിക്കുന്ന ഡോൾഫിനുകളെയാണ് ഇവിടെ കാണുന്നത്.
മറ്റൊരു ആകർഷണം ബേഡ് ഷോയാണ്. വിവിധ നിറം ചിറകുകളുള്ള മക്കാവു, വേഴാമ്പൽ, ഫാൽക്കൺ, തത്തകൾ തുടങ്ങിയവയുടെ പ്രകടനമാണ് ഈ ഷോയിൽ കാണുന്നത്. പക്ഷികൾക്ക് ഭക്ഷണം നൽകാനുള്ള അവസരവും ഇവിടെയുണ്ട്. ദിവസവും 12.15, 3.15, രാത്രി 7.30 എന്നീ സമയങ്ങളിലാണ് ബേഡ് ഷോയുള്ളത്.
മുതിർന്നവർക്ക് 50 ദിർഹം, കുട്ടികൾക്ക് 30 ദിർഹം എന്നിങ്ങനെയാണ് നിരക്ക്. അര മണിക്കൂർ പ്രദർശനമുണ്ടാകും. ഏറ്റവും ആകർഷകമായ മറ്റൊരു ഇനം സ്വിം വിത്ത് ഡോൾഫിനാണ്. 475 ദിനം മുതൽ മുകളിലേക്കാണ് നിരക്ക്. ഡോൾഫിനൊപ്പം നീന്താൻ അവസരം ലഭിക്കുന്നതിനാലാണ് ഇത്രയേറെ ചിലവ് വരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.