ദുബൈ: സോളാർ ഊർജത്തിൽ പ്രവർത്തിക്കുന്ന ലോകത്തെ ഏറ്റവും വലിയ ഡേറ്റാ സെൻറർ ദുബൈയിൽ പ്രവർത്തനമാരംഭിച്ചു. ലോകത്തിലെ ഏറ്റവും വലിയ സിംഗ്ൾ-സൈറ്റ് സോളാർ പാർക്കായ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം സോളാർ പാർക്കിലാണ് ഡേറ്റാ സെന്റർ ആരംഭിച്ചിട്ടുള്ളത്.
ദുബൈ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി(ദീവ)യുടെ ഡിജിറ്റൽ വിഭാഗമായ ‘ഡിജിറ്റൽ ദീവ’യുടെ ഉപസ്ഥാപനമായ മോറോ ഹബ്(ഡേറ്റ ഹബ് ഇന്റഗ്രേറ്റഡ് സൊല്യൂഷൻസ്) ആണ് സമുച്ചയം വികസിപ്പിച്ചത്. ഗിന്നസ് വേൾഡ് റെക്കോഡ് അധികൃതർ ലോകത്തെ ഏറ്റവും വലിയ സോളാർ ഡേറ്റാ സെന്ററാണിതെന്ന് അംഗീകാരം നൽകിയിട്ടുണ്ട്.
ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം കഴിഞ്ഞ ദിവസം ഡേറ്റാ സെന്ററിന്റെ ഉദ്ഘാടനം നിർവഹിച്ചു. സുസ്ഥിര വികസനത്തിനുള്ള യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ കാഴ്ചപ്പാട് അനുസരിച്ച് രൂപപ്പെടുത്തിയ ആഗോള മാതൃകയാണ് കേന്ദ്രമെന്ന് അദ്ദേഹം ട്വിറ്ററിൽ പ്രസ്താവിച്ചു.
ഡിജിറ്റൽ പരിവർത്തനം, ക്ലൗഡ് കമ്പ്യൂട്ടിങ്, സൈബർ സുരക്ഷ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡേറ്റ ഹോസ്റ്റിങ്, സ്മാർട്ട് സിറ്റികൾ, ഇന്റർനെറ്റ് ഓഫ് തിങ്സ്, ചാറ്റ് ജി.പി.ടി സാങ്കേതികവിദ്യ തുടങ്ങിയ സേവനങ്ങൾക്ക് സഹായകരമാകുന്ന സംവിധാനമാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. ഡിജിറ്റൽ രംഗവും ഊർജ സാങ്കേതികവിദ്യയും സംയോജിപ്പിക്കുന്ന അസാധാരണ മാതൃകയാണ് കേന്ദ്രം മുന്നോട്ടുവെക്കുന്നതെന്ന് ‘ദീവ’ മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടിവുമായ സയീദ് അൽ തയാർ പറഞ്ഞു. ദുബൈ ക്ലീൻ എനർജി സ്ട്രാറ്റജി 2050 എന്ന ലക്ഷ്യത്തെ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.