യാംബു: വർണ്ണപൂക്കളുടെ മനോഹര കാഴ്ചകളൊരുക്കി 14ാം യാംബു പുഷ്പോത്സവത്തിന് വ്യാഴാഴ്ച തുടക്കമാകും. യാംബു റോയൽ കമീഷനിലെ യാംബു-ജിദ്ദ ഹൈവേയോടുചേർന്നുള്ള അൽ മുനാസബാത്ത് ഉദ്യാനത്തില്‍ എല്ലാ ഒരുക്കവും പൂർത്തിയായി. മലരണിയും വഴിത്താരകൾക്കും പാർക്കുകൾക്കും പുറമെ സ്ട്രോബറി പാർക്ക്, പൂന്തോട്ട പരിപാലനം സംബന്ധിച്ച പ്രത്യേക പവിലിയനുകൾ, പക്ഷികളുടെയും ചിത്രശലഭങ്ങളുടെയും വിവിധ പാർക്കുകൾ, റീ സൈക്കിൾ ഗാർഡൻ, പ്രാദേശിക ഉൽപന്നങ്ങൾ വിൽക്കുന്ന സ്റ്റാളുകൾ, വിവിധ ഭക്ഷ്യവിഭവങ്ങളുടെ അപൂർവ ശേഖരങ്ങളുമായി ഫുഡ് കോർട്ടുകൾ, അറിയപ്പെടുന്ന കലാസംഘങ്ങൾ അവതരിപ്പിക്കുന്ന വൈവിധ്യമാർന്ന പരിപാടികൾ, കുട്ടികൾക്കുള്ള വിവിധ പഠനശിൽപശാലകൾ, ആകാശത്ത് വർണ വിസ്മയം തീർക്കുന്ന കരിമരുന്ന് പ്രകടനങ്ങൾ തുടങ്ങി മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന വിവിധ സംവിധാനങ്ങൾ ഇത്തവണത്തെ മേളയിൽ ഒരുക്കിയിട്ടുണ്ട്.
വിശ്രമകേന്ദ്രങ്ങൾ, നമസ്കാര സ്ഥലം, വിശാലമായ വാഹന പാർക്കിങ് എന്നിവയും നഗരിയിൽ സംവിധാനിച്ചിട്ടുണ്ട്. സംഗീതസാന്ദ്രമായ പുഷ്പ നഗരി കണ്ണഞ്ചിപ്പിക്കുന്ന വൈദ്യുതാലങ്കാരങ്ങളാൽ മനോഹാരിതമാക്കിയിരിക്കുന്നു. നാലു വർഷത്തെ ഇടവേളക്ക് ശേഷം നടക്കുന്ന ‘യാംബു ഫ്ലവേഴ്സ് ആൻഡ് ഗാർഡൻസ് ഫെസ്റ്റിവൽ 2024’ മാർച്ച് ഒമ്പത് വരെ നീണ്ടുനിൽക്കും. മുൻ വർഷങ്ങളിൽനിന്ന് വ്യത്യസ്തമായി രാവിലെ എട്ടുമുതൽ ഉച്ചക്ക് 12 വരെയും വൈകീട്ട് നാലുമുതൽ രാത്രി 12.30 വരെയുമാണ് സന്ദർശകർക്ക് പ്രവേശനം. 11.50 റിയാലാണ് ടിക്കറ്റ് ചാർജ്. https://yanbuflowerfestival.com.sa/en എന്ന ലിങ്കിൽനിന്ന് ടിക്കറ്റ് എടുക്കാനാവും.
24 ദിവസം നീണ്ടുനിൽക്കുന്ന മേളയുടെ എല്ലാ ദിവസങ്ങളിലും സന്ദർശനം നടത്താൻ ഒറ്റ തവണയെടുക്കുന്ന പ്രവേശന പാസ് മതിയാകുമെന്ന് സംഘാടകർ അറിയിച്ചു. രണ്ട് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്. പൂഷ്പമേള സന്ദർശിക്കാൻ യാംബുവിലെത്തുന്നവർക്ക് സന്ദർശിക്കാൻ വേറെയും സ്ഥലങ്ങൾക്ക് ഇവിടെയുണ്ട്. അതുകൊണ്ട് തന്നെ സൗദിയുടെ മറ്റ് ഭാഗങ്ങളിൽനിന്നും ഇതര ഗൾഫ് രാജ്യങ്ങളിൽനിന്നുമെല്ലാം ധാരാളം ആളുകൾ ഈ സീസണിൽ യാംബുവിലെത്തുന്നത് പതിവാണ്.
അതിവിശാലമായ ബീച്ച് ഹൈവേക്കരികെയുള്ള വാട്ടർ ഫ്രണ്ട് പാർക്ക്, പാർക്കിനോട് ചേർന്നുള്ള മനുഷ്യ നിർമിത ‘നൗറസ് ദ്വീപ്’, യാംബു തടാകം, ബോട്ടിങ് സവാരിക്കായുള്ള വിവിധ സ്ഥലങ്ങൾ, പൗരാണിക യാംബുവിെൻറ നേർകാഴ്ചകളൊരുക്കി ടൗണിലെ ഹെറിറ്റേജ് പാർക്ക് തുടങ്ങിയവ സഞ്ചാരികളെ കാത്തിരിക്കുകയാണ്. സൗദിയുടെ വിവിധ ഭാഗങ്ങളിൽനിന്ന് പ്രവാസി സംഘടനകളും നാട്ടുകൂട്ടായ്മകളും യാംബു പുഷ്പമേളയിലേക്ക് ഉല്ലാസയാത്ര സംഘടിപ്പിക്കാനുള്ള ഒരുക്കം തുടങ്ങിക്കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.