അബൂദബി: ഫാഷിസത്തിനും വര്‍ഗീയതക്കുമെതിരെ ഉറച്ച നിലപാട് സ്വീകരിക്കുകയും ജനാധിപത്യ മതനിരപേക്ഷ ഇന്ത്യ നിലനിന്നുകാണുന്നതിന് എന്ത് വിട്ടുവീഴ്ചക്കും തയാറാവുകയും ചെയ്ത മതേതര ഇന്ത്യയുടെ കാവലാളെയാണ് സീതാറാം യെച്ചൂരിയുടെ വിയോഗത്തിലൂടെ രാജ്യത്തിന് നഷ്ടപ്പെട്ടതെന്ന് അബൂദബി പൗരസമൂഹം സംഘടിപ്പിച്ച അനുശോചനയോഗം അഭിപ്രായപ്പെട്ടു.
ബി.ജെ.പിയെ അധികാരത്തില്‍ നിന്നും അകറ്റി നിര്‍ത്തിക്കൊണ്ട് 1989ല്‍ വി.പി. സിങ് സര്‍ക്കാര്‍ രൂപവത്കരിക്കുന്നതിനും 2004ല്‍ ഒന്നാം യു.പി.എ സര്‍ക്കാര്‍ രൂപവത്കരിക്കുന്നതിനും 18ാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്ലാ ജനാധിപത്യ മതനിരപേക്ഷ കക്ഷികളെ ഒരുമിച്ച് നിര്‍ത്തിക്കൊണ്ട് ‘ഇൻഡ്യ’ കൂട്ടായ്മ രൂപവത്കരിക്കുന്നതിന് നേതൃപരമായ പങ്കു വഹിക്കുകയും ചെയ്ത യെച്ചൂരിയിലൂടെ രാജ്യം കണ്ടത് ജനാധിപത്യ മതനിരപേക്ഷ ഇന്ത്യക്ക് വേണ്ടി ആത്മാർഥമായി നിലകൊണ്ട ഒരു രാഷ്ട്രനേതാവിനെയാണെന്ന് അനുശോചന യോഗം വിലയിരുത്തി.
വി.പി. കൃഷ്ണകുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ലോക കേരളസഭ അംഗം അഡ്വ. അന്‍സാരി സൈനുദ്ദീന്‍ അനുശോചനപ്രമേയം അവതരിപ്പിച്ചു.
അബൂദബിയിലെ പൗര സമൂഹത്തെ പ്രതിനിധീകരിക്കുന്ന വിവിധ സംഘടനകളെ പ്രതിനിധീകരിച്ചുകൊണ്ട് എ.കെ. ബീരാന്‍കുട്ടി (കേരള സോഷ്യല്‍ സെന്റര്‍), വി.പി.കെ. അബ്ദുല്ല (ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍), എ.എം. അന്‍സാര്‍ (അബൂദബി മലയാളി സമാജം), എ.എല്‍ സിയാദ് (ശക്തി തിയറ്റേഴ്സ് അബൂദബി), റോയ് ഐ. വര്‍ഗീസ് (യുവകലാസാഹിതി), ടി. ഹിദായത്തുല്ല (കെ.എം.സി.സി), സഫറുല്ല പാലപ്പെട്ടി (മലയാളം മിഷന്), കെ.കെ. അഷറഫ്, പ്രകാശ് പല്ലിക്കാട്ടില്‍, റിജുലാല്‍, ഗീത ജയചന്ദ്രന്, കെ. സരോഷ്, ഇത്ര തയ്യില്‍, ഷെറിന് വിജയന്, ബാബുരാജ് പിലിക്കോട്, അഡ്വ. സലിം ചോലമുഖത്ത്, റഫീഖ് സക്കറിയ, എം. സുനീര്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.