ദുബൈ: അന്താരാഷ്ട്ര യുവജന ദിനത്തിൽ യുവത്വത്തിന് ആശംസകളുമായി യു.എ.ഇ രാഷ്ട്ര നേതാക്കൾ. ഭാവി നിങ്ങളുടെ കൈയിലാണെന്നും രാജ്യം നിങ്ങളിൽ വിശ്വാസം അർപ്പിക്കുന്നുവെന്നും യു.എ.ഇ വൈസ്പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പറഞ്ഞു. നിങ്ങളുടെ സ്വപ്നങ്ങളും അഭിലാഷങ്ങളും നിറവേറ്റാനുള്ള ഇൻകുബേറ്ററായി യു.എ.ഇ തുടരും. നിങ്ങളുടെ കഴിവുകൾ സമർപ്പിക്കാനുള്ള ഏറ്റവും വലിയ പ്ലാറ്റ്ഫോമാണ് യു.എ.ഇയെന്നും അദ്ദേഹം കൂട്ടിചേർത്തു.
രാജ്യത്തിെൻറ അഭിമാനകരമായ ചരിത്രം രൂപപ്പെടുത്തിയെടുത്തത് നമ്മുടെ യുവജനങ്ങളാണെന്ന് യു.എ.ഇ സായുധസേന ഡെപ്യൂട്ടി സുപ്രീം കമാൻഡറും അബൂദബി കിരീടാവകാശിയുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ പറഞ്ഞു. ഇന്നത്തെ നമ്മുടെ യുവജനങ്ങളാണ് നാളെ ലോകത്തെ മാറ്റിയെഴുതുന്നത്. ഇൗ യുവജന ദിനത്തിൽ നമുക്ക് അവരുടെ കഴിവുകൾ ആഘോഷമാക്കാം. അവരുടെ വിജയത്തിന് ശക്തിപകരാം. ശോഭനമായ ഭാവി കെട്ടിപ്പടുക്കാൻ അവരിൽ വിശ്വാസമർപ്പിക്കാമെന്നും ശൈഖ് മുഹമ്മദ് ബിൻ സായിദ് ട്വീറ്റ് ചെയ്തു. യുവജനദിനത്തിന് മുന്നോടിയായി എക്സ്പോ 2020യിൽ യൂത്ത് പവലിയെൻറ പ്രഖ്യാപനം ബുധനാഴ്ച നടന്നിരുന്നു. യുവജനതക്ക് വേണ്ടി അവർ തന്നെ നിർമിക്കുന്ന പവലിയനാണ് അവതരിപ്പിച്ചത്. ലോക യുവത്വത്തിെൻറ സംഗമമൊരുക്കുന്ന രീതിയിലായിരിക്കും പവലിയെൻറ പ്രവർത്തനം.
ദുബൈ നഗരത്തിലൂടെ സൈക്കിൾ പ്രയാണം നടത്തിയാണ് ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം യുവജന ദിനത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.