ദുബൈ: ലോകത്തെ ഏറ്റവും വലിയ സമ്പന്നരായ 500 പേരുടെ പട്ടിക പ്രസിദ്ധപ്പെടുത്തി ബ്ലൂംബെർഗ്. സ്പേസ്എക്സ്, ടെസ്ല, എക്സ് മേധാവി ഇലോൺ മസ്കാണ് പട്ടികയിൽ ഒന്നാമൻ. 26,300 കോടി ഡോളർ ആസ്തിയാണ് മസ്കിനുള്ളത്. ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിനെ പിന്തള്ളി മെറ്റ മേധാവി മാർക്ക് സക്കർബർഗ് രണ്ടാം സ്ഥാനത്തെത്തി.
451 കോടി ഡോളറിന്റെ മുന്നേറ്റത്തോടെ 21,100 കോടി ഡോളറിന്റെ ആസ്തിയാണ് സക്കർബർഗിനുള്ളത്. മൂന്നാം സ്ഥാനത്തുള്ള ജെഫ് ബെസോസിന് 20,900 കോടി ഡോളറിന്റെ ആസ്തിയുണ്ട്. ആദ്യ നൂറ് പേരുടെ പട്ടികയിൽ 59 പേരും യു.എസ്, ഇന്ത്യ, ചൈന എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ്.
ലോകത്തെ നൂറ് സമ്പന്നരിൽ യു.എസിൽ നിന്ന് 35 പേരും ഇന്ത്യ, ചൈന രാജ്യങ്ങളിൽ നിന്ന് 12 പേർ വീതവും ഇടം പിടിച്ചു. മുകേഷ് അംബാനിയാണ് ഇന്ത്യയിൽ നിന്ന് പട്ടികയിൽ മുന്നിൽ. 10,500 കോടി ഡോളർ ആസ്തിയോടെ പതിനാലാം സ്ഥാനത്താണ് മുകേഷ് അംബാനി.
9950 കോടി ഡോളർ ആസ്തിയോടെ പതിനെട്ടാം സ്ഥാനത്തുള്ള ഗൗതം അദാനിയാണ് ഇന്ത്യയിൽ രണ്ടാമത്. ബ്ലൂംബെർഗ് പട്ടികയിൽ ഇടം പിടിച്ച ഒരേയൊരു മലയാളി ലുലു ഗ്രൂപ് ചെയർമാൻ എം.എ യൂസുഫലിയാണ്. 645 കോടി ഡോളറിന്റെ ആസ്തിയോടെ 487ാം സ്ഥാനത്താണ് യൂസുഫലി. 500 പേരുടെ പട്ടികയിൽ മറ്റ് മലയാളികളാരും ഇടംപിടിച്ചിട്ടില്ല.
4100 കോടി ഡോളർ ആസ്തിയുള്ള എച്ച്.സി.എൽ സ്ഥാപകൻ ശിവ് നാടാർ 37ാമതായും ടാറ്റ സൺസ് മേധാവിമാരിൽ ഒരാളായ ഷാപൂർ മിസ്ത്രി 38ാമതായും പട്ടികയിലുണ്ട്. ജിൻഡാൽ ഗ്രൂപ് മേധാവി സവിത്രി ജിൻഡാലാണ് പട്ടികയിൽ ഇടം നേടിയ ഇന്ത്യൻ വനിത. 3540 കോടി ഡോളറിന്റെ ആസ്തിയുള്ള സാവിത്രി ജിൻഡാൽ 49ാം സ്ഥാനത്താണ്.
3100 കോടി ഡോളർ ആസ്തിയോടെ സൺ ഫാർമസ്യൂട്ടിക്കൽസ് സ്ഥാപകൻ ദിലീപ് ഷാംഗ്വി 61ആം സ്ഥാനത്തുണ്ട്. വിപ്രോ സ്ഥാപകൻ അസീം പ്രേംജി (2940 കോടി ഡോളർ), ഭാരതി എയർടെൽ ചെയർമാൻ സുനിൽ മിത്തൽ (2550 കോടി ഡോളർ), ആദിത്യ ബിർള ഗ്രൂപ് ചെയർമാൻ കുമാർ ബിർള (2290 കോടി ഡോളർ), അവന്യൂ സൂപ്പർമാർക്കറ്റ്സ് മേധാവി രാധാകൃഷ്ണൻ ധമാനി (2220 കോടി ഡോളർ) എന്നിവരാണ് ബ്ലൂംബെർഗ് പട്ടികയിലുള്ള മറ്റ് ഇന്ത്യക്കാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.