ഷാർജ: ഭൂതകാലത്തെ അതിരുവിട്ട് സ്നേഹിക്കുന്നത് അപകടകരമാണെന്ന് ബൾഗേറിയൻ ബുക്കർ പുരസ്കാര ജേതാവ് ജോർജി ഗോഡ്സ്പോഡിനോവ് അഭിപ്രായപ്പെട്ടു. സന്തോഷവാനായിരിക്കാൻ ഭൂതകാലത്തേക്ക് തിരിച്ചുപോകൂ എന്ന് പറയുന്നത് പ്രചാരണം മാത്രമെന്നും അദ്ദേഹം പറഞ്ഞു.
ഷാർജ രാജ്യാന്തര പുസ്തകമേളയിൽ ബുക്ക് ഫോറം നാലിൽ നടന്ന ‘ഫ്രം നാച്വറൽ നോവൽ ടു ടൈം ഷെൽട്ടർ - ജോർജി ഗോഡ്സ്പോഡിനോവുമൊത്ത് ഒരു സഞ്ചാരം’ എന്ന പരിപാടിയിൽ വായനക്കാരുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. ഗൃഹാതുരത്വം വ്യക്തിപരമായ ഒരു അനുഭവം മാത്രമാണ്. അത് പൊതുവായ അവസ്ഥയല്ലെന്നും അദ്ദേഹം പറഞ്ഞു.
ബൾഗേറിയൻ ഗൃഹാതുരതയുടെ മറ്റൊരു തലം ഇതുവരെ പോയിട്ടില്ലാത്ത സ്ഥലങ്ങളെ കുറിച്ചുള്ള ‘നൊസ്റ്റാൾജിയ’ ആണെന്നും ജോർജി പറഞ്ഞു. തന്റെ മാതാപിതാക്കൾക്ക് പാരീസ് ഒരു നൊസ്റ്റാൾജിയ ആയിരുന്നു. അവർ ഇതുവരെ അവിടെ പോയിട്ടില്ല.
നമ്മൾ ഇപ്പോൾ എന്തായിരിക്കുന്നുവോ അത് പോയ കാലത്തിന്റെ നഷ്ടപ്പെടലാണ്. അടുത്ത 10 വർഷത്തിനുള്ളിൽ നല്ലത് എന്തെങ്കിലും സംഭവിക്കുമെന്ന് കരുതുക വയ്യ. 50 വർഷം മുമ്പ് നമുക്ക് ഇതിനേക്കാൾ നല്ല ഭാവി ഉണ്ടായിരുന്നു.
അതുകൊണ്ട് ജനങ്ങൾ ഭൂതകാലത്തിൽ അഭയം കണ്ടെത്താൻ ശ്രമിക്കുന്നു. ചില യൂറോപ്യൻ രാജ്യങ്ങൾ സന്തോഷ ദശകം ഏതെന്ന് കണ്ടെത്താനുള്ള സർവേ നടത്തുകയാണെന്നും ഗോഡ്സ്പോഡിനോവ് പറഞ്ഞു. സാഹിത്യ ജീവിതത്തിന്റെ തുടക്കത്തിൽ കവിതകളാണ് എഴുതിയിരുന്നത്.
കവിതകൾ പ്രസിദ്ധീകരിക്കാൻ പ്രസാധകർ താൽപര്യം കാണിച്ചിരുന്നില്ല. എങ്കിലും കവിത ഇപ്പോഴും തനിക്ക് വളരെ പ്രധാനപ്പെട്ടതാണ്.
രണ്ടോ മൂന്നോ വരികൾ മാത്രമുള്ള ചെറു കവിതകളോടാണ് പ്രിയം. പൗരസ്ത്യ രാജ്യങ്ങളിൽ നിന്നും ‘സെൻ’ കവിതകളിൽനിന്നും പ്രചോദനം സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഖലീജ് ടൈംസ് ഫീച്ചർ വിഭാഗം അസോസിയേറ്റ് എഡിറ്റർ അനാമിക ചാറ്റർജി സംവാദത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.