അബൂദബി: രോഗികൾക്കും ജീവിതത്തിൽ സാമ്പത്തികമായ ദുരിതം പേറുന്നവർക്കും ആശ്വാസമേകാൻ യു.എ.ഇ ഒരുക്കുന്ന സായിദ് ചാരിറ്റി റണ്‍ ഈ മാസം 23ന് അബൂദബിയിൽ നടക്കും. ഇർദ് അബൂദബിയാണ് സായിദ് ചാരിറ്റി റണ്ണിന് ആതിഥ്യം വഹിക്കുന്നത്. 23ന് രാവിലെ ഏഴു മുതല്‍ ഓട്ടം ആരംഭിക്കും.
മൂന്നു കിലോമീറ്റര്‍, അഞ്ച് കിലോമീറ്റര്‍, 10 കിലോമീറ്റര്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് മല്‍സരം. മള്‍ട്ടിപ്പിള്‍ സ്ക്ലെറോസിസ് രോഗ ബാധിതരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിതര സന്നദ്ധസംഘടനയായ നാഷനല്‍ മള്‍ട്ടിപ്പിള്‍ സ്ക്ലെറോസിസ് സൊസൈറ്റിക്കാണ് സായിദ് ചാരിറ്റി റണ്ണിലൂടെ സമാഹരിക്കുന്ന സംഭാവനകള്‍ കൈമാറുകയെന്ന് അധികൃതര്‍ അറിയിച്ചു. യു.എ.ഇ രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ ആല് നഹ്യാനുള്ള ആദരവ് കൂടിയാണ് പരിപാടി. ലോകത്തുടനീളം സമാധാനവും അനുകമ്പയും വ്യാപിപ്പിക്കുകയെന്ന ശൈഖ് സായിദിന്റെ ലക്ഷ്യവും ജീവകാരുണ്യപ്രവര്ത്തനങ്ങളോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയും ഉള്‍ക്കൊള്ളുന്ന സായിദ് ചാരിറ്റി റണ്‍ 2001ലാണ് തുടക്കം കുറിച്ചത്. ക്രമേണ പരിപാടിയില്‍ കൂടുതല്‍ ആളുകളെത്തിച്ചേരുകയും അന്താരാഷ്ട്ര മല്‍സരമായി വളരുകയും ചെയ്യുകയായിരുന്നു.
2005ല്‍ നാഷനല്‍ കിഡ്നി ഫൗണ്ടേഷന്, യു.എ.ഇ എംബസി എന്നിവയുമായി സഹകരിച്ച് ന്യൂയോര്‍ക്ക് സിറ്റിയിലും അബൂദബി മാരത്തണ്‍ സംഘടിപ്പിച്ചിരുന്നു. ഇതിനു ശേഷം 2014ല്‍ ഈജിപ്തിലും ചാരിറ്റി മാരത്തണ്‍ നടത്തി. അബൂദബി സ്പോര്‍ട്സ് കൗണ്‍സിലും ഈജിപ്ഷ്യന്‍ യുവജന, കായിക മന്ത്രാലയവുമായി സഹകരിച്ചായിരുന്നു പരിപാടി നടത്തിയത്.
കോവിഡ് മഹാമാരിക്കാലത്ത് രണ്ടുവര്‍ഷം സായിദ് ചാരിറ്റി റണ്‍ നിര്‍ത്തിവയ്ക്കേണ്ടി വന്നെങ്കിലും 2022ല്‍ പൂര്‍വാധികം ശക്തിയോടെ മല്‍സരം നടത്തി. ഇത്തവണത്തെ പതിപ്പില്‍ ഓട്ടം മിയാമിയിലേക്കും കേരളത്തിലേക്കും വ്യാപിപ്പിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്.
ഇർദ് സായിദ് ചാരിറ്റി മാരത്തണിനായി വേദിയാവുക എന്നതും കേരളത്തിന്റെയും മലയാളികളുടെയും അഭിമാനമാണ്. കേരള സര്‍ക്കാരുമായും യു.എ.ഇയിലെ ഇന്ത്യന്‍ പ്രവാസി സമൂഹവുമായി സഹകരിച്ചാണ് സായിദ് ചാരിറ്റി മാരത്തണിന്റെ ഉന്നത സംഘാടന സമിതി ഇത്തരം പരിപാടികൾ സംഘടിപ്പിച്ചു വരുന്നത്.
മാരത്തണിലൂടെ ലഭിക്കുന്ന വരുമാനം കേരളത്തിലെ ആരോഗ്യപരിചരണ മേഖലയുടെ വികസനത്തിനാണ് ഉപയോഗിക്കുക. യു.എ.ഇയും ഇന്ത്യയും തമ്മിലുള്ള സാംസ്കാരിക, സാമ്പത്തിക ബന്ധത്തിലെ സുപ്രധാന ചുവടുവയ്പുകൂടിയാണ് മാരത്തണ്‍ പോലെയുള്ള പരിപാടികൾ.
സായിദ് ചാരിറ്റി
റണ്ണിൽ പങ്കെടുക്കുന്നവർ
(ഫയൽ ചിത്രം)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.