പാലക്കാട്: സംസ്ഥാനത്ത് പകർച്ചപ്പനികൾക്കു പുറമെ മുണ്ടിനീരും പടരുന്നു. കഴിഞ്ഞമാസം മാത്രം 6326 പേരാണ് ചികിത്സ തേടിയത്. ഈ വർഷം ആഗസ്റ്റ് 31 വരെ 40,318 പേർക്ക് രോഗബാധയുണ്ടായി. മംപ്സ് വൈറസ് മൂലമുണ്ടാകുന്ന പകർച്ചവ്യാധിയാണ് മുണ്ടിനീര്. പനി, തലവേദന, അസ്വാസ്ഥ്യം, പേശി വേദന, വിശപ്പില്ലായ്മ എന്നിവയാണ് ലക്ഷണങ്ങൾ. മുഖത്തിന്റെ വശത്ത് വേദനയോടെ വീക്കമുണ്ടാകുന്നത് സാധാരണ ലക്ഷണമാണ്.
വൈറസ് ബാധിച്ച് 16 മുതൽ 18 ദിവസങ്ങൾക്കുശേഷമാണ് ലക്ഷണങ്ങൾ ഉണ്ടാകുന്നത്. തുള്ളി, ഉമിനീർ തുടങ്ങിയ ശ്വാസകോശ സ്രവങ്ങൾ വഴിയും രോഗബാധിതനായ വ്യക്തിയുമായി നേരിട്ട് സമ്പർക്കം പുലർത്തുന്നതിലൂടെയും വൈറസ് പകരുന്നു. ജനസാന്ദ്രതയുള്ള സ്ഥലങ്ങളിൽ വേഗം പടരും. ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നതിന് ഒരാഴ്ച മുമ്പു മുതൽ എട്ടു ദിവസംവരെ രോഗം പടരാം. മുണ്ടിനീരിന് പ്രത്യേക ചികിത്സകളൊന്നുമില്ല. വാക്സിനേഷൻ വഴി അണുബാധ തടയാം. രോഗബാധിതരെ ഐസൊലേഷനിലാക്കുന്നതിലൂടെയും വ്യാപനം തടയാം.
ഡെങ്കിപ്പനി, എച്ച്1 എൻ1, ചിക്കൻപോക്സ്, എലിപ്പനി, ചെള്ളുപനി തുടങ്ങിയ പകർച്ചവ്യാധികളും വ്യാപകമായി പടരുന്നുണ്ട്. കഴിഞ്ഞമാസം 2065 പേർക്ക് ചിക്കൻപോക്സും 1198 പേർക്ക് എച്ച്1 എൻ1 പനിയും ബാധിച്ചു. ചിക്കൻപോക്സ് മൂലം ഒരാളും എച്ച്1 എൻ1 മൂലം 16 പേരുമാണ് മരിച്ചത്. ഈ വർഷം ഇതുവരെ 52 പേരുടെ ജീവനാണ് എച്ച്1 എൻ1 ബാധിച്ച് പൊലിഞ്ഞത്. 836 പേർക്ക് ഹെപ്പറ്റൈറ്റിസ്-എ ബാധിച്ചു. ഇതിൽ ഒമ്പത് പേർ മരിച്ചു. 29 പേരുടെ ജീവനാണ് എലിപ്പനി ബാധിച്ച് നഷ്ടപ്പെട്ടത്. ഈ വർഷം ഇതുവരെ 2064 പേർ രോഗബാധിതരാകുകയും 126 പേർ മരിക്കുകയും ചെയ്തു. 124 പേർക്ക് ചെള്ളുപനിയും 119 പേർക്ക് മലേറിയയും ബാധിച്ചു. ഒന്ന് വീതം മരണവുമുണ്ടായി. 13 പേർക്ക് ടൈഫോയ്ഡും ബാധിച്ചു.
35 പേർക്കാണ് ഈ വർഷം കോളറ സ്ഥിരീകരിച്ചത്. ഇതിൽ 11 ഉം ആഗസ്റ്റിലാണ്. ഒരാൾ മരിച്ചു. നാലുപേർക്ക് ചികുൻഗുനിയ, മൂന്നുപേർക്ക് ഷിഗല്ല, രണ്ടുവീതം പേർക്ക് ഡിഫ്തീരിയ, ഹെപ്പറ്റൈറ്റിസ്-ഇ എന്നിവയും ബാധിച്ചു. വെസ്റ്റ് നൈൽ ബാധിച്ച് ഈ വർഷം ആറ് മരണങ്ങളുണ്ടായി. 27 പേർക്കാണ് ഇക്കാലയളവിൽ രോഗം ബാധിച്ചത്. ഇതിനെല്ലാം പുറമെ 3,03,199 പേർ സാധാരണ പനി ബാധിച്ച് ചികിത്സ തേടി. നാല് മരണവുമുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.