മറവിയുടെ പുകമറയിലെ ജീവിതം

ഞാൻ ആരാണ്​...? ഒരു സുപ്രഭാതത്തിൽ സ്വന്തം വ്യക്തിത്വംപോലും മറന്നുപോകുന്ന അവസ്ഥയുണ്ടായാൽ എങ്ങനെയുണ്ടാകും. ഇതുവരെ കൃത്യമായ ചികിത്സ കണ്ടുപിടിക്കാത്തതും, രോഗം എന്തുകൊണ്ട്​ ബാധിക്കുന്നുവെന്ന് കൃത്യമായി​ തിരിച്ചറിയപ്പെടാത്തതുമായ ഒന്നാണ്​ അൾഷൈമേഴ്​സ്. പ്രായമായവരെ ബാധിക്കുന്ന മസ്തിഷ്ക സംബന്ധമായ രോഗമാണിത്​. മറവിയാണ്​ ഈ മാനസികാവസ്ഥയുടെ പ്രധാനലക്ഷണം. ചെറിയ ചെറിയ കാര്യങ്ങളിൽ നിന്ന്​ തുടങ്ങുന്ന മറവി വലിയ അവസ്ഥയിലേക്ക്​ എത്തുകയും, ഇതോടൊപ്പം പെരുമാറ്റത്തിൽ മറ്റ്​ വൈകല്യങ്ങൾ കൂടി​ച്ചേരുകയും അവസാനം സ്വയം ആരെന്ന്​ മറക്കുന്ന അവസ്ഥയിലേക്ക്​ എത്തുന്ന രോഗാവസ്ഥയാണിത്​.

ഒരുകൂട്ടം രോഗങ്ങളുടെ കൂടിച്ചേരലുകളാണ് ​അൾഷൈമേഴ്​സ്. എല്ലാ മറവികളും അൾഷൈമേഴ്​സ് അല്ല, സോഡിയം കുറയുന്നത്​ മൂലമോ തലച്ചോറിലെ മുഴകളോ, തുടങ്ങിയ കാരണങ്ങളാൽ ഓർമ നഷ്ടപ്പെടാം. ഇവക്കെല്ലാം കൃത്യമായ ചികിത്സയിലൂടെ ഓർമകൾ തിരികെ കൊണ്ടുവരാം. എന്നാൽ അൽഷൈമേഴ്​സിന്‍റെ കാര്യത്തിൽ അങ്ങനെയല്ല. പ്രായാധിക്യം മൂലമുണ്ടാകുന്ന തലച്ചോറി​ന്‍റെ ശോഷണമാണ്​ ഈ അവസ്ഥക്ക്​ കാരണം. ഘട്ടംഘട്ടമായി ആരംഭിക്കുന്ന മറവിരോഗം കാലക്രമേണ എല്ലാ ഓർമകളെയും മായ്ക്കുന്നു. തുടർന്ന്​ അവസാനഘട്ടമാകുമ്പോഴേക്കും ദിനചര്യകൾ പോലും മറക്കുന്ന അവസ്ഥയിലേക്കെത്തുന്നു. അൾഷൈമേഴ്​സ് ബാധിച്ച രോഗിയുടെ പെരുമാറ്റമായിരിക്കില്ല അതുപോലുള്ള മറ്റൊരു രോഗബാധിതന്‍റേത്​. പലരിലും പെരുമാറ്റങ്ങൾ വ്യത്യാസപ്പെട്ടിരിക്കാം.

2020 ലെ കണക്ക് പ്രകാരം രാജ്യത്ത് മറവിരോഗം ബാധിച്ചവർ 5.29 മില്യൺ ആണ്. ലോകത്തിലെ തന്നെ രണ്ടാമത്തെ ഏറ്റവും അധികം മറവിരോഗ ബാധിതരുള്ള രാജ്യമായി മാറിയിരിക്കുകയാണ് ഇന്ത്യ. എല്ലാ വർഷവും രോഗബാധിതരുടെ എണ്ണം 10 ശതമാനം വർധിക്കുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഓരോ മൂന്നു സെക്കൻഡിലും ലോകത്ത് ഒരു പുതിയ മറവിരോഗി ഉണ്ടാകുന്നതായാണ് സൂചന. ഡയബറ്റിസ്, വിഷാദം, ഹൈപ്പർടെൻഷൻ, അമിത മദ്യോപയോ​ഗം, പുകവലി തുടങ്ങിയ ഏതാനും ചില കാര്യങ്ങൾ മറവിരോ​ഗത്തിന് ആക്കം കൂട്ടുന്നു. ഇന്ത്യയിൽ 65 നും 75 വയസ്സ് പ്രായപരിധിക്കുമിടയിൽ അഞ്ച്​ മുതൽ ആറ്​ ശതമാനം വരെ ആളുകൾക്ക് മറവിരോഗമുണ്ട്. പ്രായമായവരിൽ മറവിരോ​ഗം ബാധിച്ചിരുന്നതിന്‍റെ തോത് കോവിഡിന്​ പിന്നാലെയുള്ള ഒരുവർഷം കൊണ്ട് വർധിച്ചെന്നുമാണ് ഡിമെൻഷ്യ റെസ്​പൈറ്റ്​​ കെയർ സെന്‍ററിന്‍റെ പഠനത്തിൽ പറയുന്നത്​.

ഇവ സൂചനകൾ:

  • അൽഷൈമേഴ്‌സിന്‍റെ ഏറ്റവും വലിയ അടയാളങ്ങൾ ഓർമ്മശക്തി നഷ്ടപ്പെടുന്നതാണ്. അടുത്തിടെ കണ്ട വ്യക്തിയെ പോവും ഓർക്കാൻ പറ്റാതിരിക്കുക. സ്വന്തം ഫോൺ നമ്പർ ഓർക്കാതിരിക്കുന്നതിൽ തുടങ്ങി ക്രമേണ പ്രധാനപ്പെട്ടതും വിശേഷപ്പെട്ടതുമായ കാര്യങ്ങളുടെ തീയതികളും പരിപാടികളും മറക്കുന്നതിലേക്കും എത്തുന്നു.
  • കാര്യങ്ങൾ ആസൂത്രണം ചെയ്യാനും പ്രശ്നങ്ങൾ പരിഹരിക്കാനും ഇത്തരത്തിലുള്ള ആളുകൾക്ക് പലപ്പോഴും ബുദ്ധിമുട്ടുളവാക്കും. നമ്പറുകൾ കൈകാര്യം ചെയ്യുന്നതും ബില്ലുകളും അക്കൗണ്ടുകളും കൈകാര്യം ചെയ്യുന്നതും അൽഷൈമേഴ്​സ്​ ബാധിക്കപ്പെട്ട ഒരാൾക്ക് വളരെ ബുദ്ധിമുട്ടാണ്.
  • സ്വഭാവത്തിലുണ്ടാകുന്ന മാറ്റങ്ങൾ, അടുത്ത ബന്ധുക്കളെയും അവരുടെ പേരുകളും മറക്കുക. കൂടാതെ ദേഷ്യവും കൂടുതൽ പ്രകടിപ്പിക്കുക. മുൻപിൻ ആലോചനയില്ലാതെ പെരുമാറുക.
  • വർണാന്ധത. കാണുന്ന വസ്തുക്കളിലെ നിറങ്ങൾ വ്യക്തമാവാതെയും, നിറം ഏതാണെന്നും പറയാൻ പറ്റാത്ത അവസ്ഥ.
  • മതിഭ്രമം, പേടി, ഉറക്കമില്ലായ്മ.
  • മറവിരോഗമുള്ള ഒരു വ്യക്തിക്ക് ആശയവിനിമയം അസാധ്യമാകും. ഇത്തരം ആളുകൾ സംസാരിക്കുമ്പോൾ വാക്കുകൾ മറക്കുകയോ, ഒരുപാട് തവണ നിർത്തി നിർത്തി സംസാരിക്കുകയോ അല്ലെങ്കിൽ ഒരു വാചകം എങ്ങനെ പൂർത്തിയാക്കാമെന്നത് മറക്കുകയോ ചെയ്യാം.

മറവി നഷ്ടപ്പെടുന്നവർക്ക് കരംകൊടുത്ത്​ സെൻജുവും പ്രിയയും

കോട്ടയം: മറവിരോഗത്തിന്‍റെ ബുദ്ധിമുട്ടുകളിൽ വലയുന്നവർക്കായി ഒരാശ്വാസമായാണ്​ ചങ്ങനാശേരി പെരുന്ന സ്വദേശികളായ സെൻജു ജോസഫ്​- പ്രിയ ദമ്പതികൾ സ്വന്തംവീട്ടിൽ ചികിത്സാകേന്ദ്രം ആരംഭിച്ചത്​. ഇവിടെയുള്ള 18 ഓളം രോഗികൾക്ക്​ മകന്‍റെ കടമയെന്ന പോലെയാണ്​ ഇവർ സേവനം ചെയ്യുന്നത്​. വർഷം മുമ്പാണ് ​ഈ സ്ഥാപനം ആരംഭിച്ചത്​. ഹോം നഴ്​സ്​, കെയർടേക്കർ, കുക്ക്​ എന്നീ സ്റ്റാഫുകൾ സഹായത്തിനായി കൂടെയുണ്ട്​. ചികിത്സാകേന്ദ്രമെന്ന്​ അറിയിക്കാതിരിക്കാൻ യൂനിഫോമുകൾ ഏർപ്പെടുത്തിയിട്ടില്ല. ഇവിടെത്തുന്ന രോഗികളുടെ സ്വന്തം വീടെന്ന പോലെയാണ്​ പരിചരിക്കുന്നത്​. 


(സെൻജുവും കുടുംബവും)

 


ബാംഗ്ലൂരിലെ നഴ്​സിങ്​ പഠനത്തിന്​ ശേഷം യു.കെയിലേക്ക്​ പോയ ഭാര്യയും സെൻജുവും 10 വർഷത്തോളം അവിടെ ഡിമെൻഷ്യ സെന്‍ററിലാണ്​ ജോലി ചെയ്തത്​. വല്യച്ചന്​ ഡിമെൻഷ്യ ബാധിക്കുകയും, അദ്ദേഹത്തെ പരിചരിച്ച ചികിത്സാകേന്ദ്രത്തിലുള്ളവരുടെ പെരുമാറ്റത്തിലെ വൈകൃതവും മനസ്സിലാക്കിയതോടെയാണ്​ നാട്ടിലൊരു ഡിമെൻഷ്യ സെന്‍റർ ആരംഭിക്കണമെന്ന്​ സെൻജു തീരുമാനമെടുത്തത്​. നിരവധി കടമ്പകളാണ്​ ഇതിനായി സെൻജുവിന്​ തരണം ചെയ്യേണ്ടിവന്നത്​. രോഗികളായല്ല അതിഥികളായാണ്​, ഇവരെ സെൻജുവും ഭാര്യയും സ്വീകരിക്കുന്നത്​. കോട്ടയത്തെ മൂലവട്ടത്തുള്ള വീട്ടിൽ ഒരു നിലയിൽ അതിഥികൾക്കും, മുകളിലെ നിലയിൽ സെൻജുവിന്‍റെയും കുടുംബത്തിനും താമസിക്കാവുന്ന രീതിയിലാണ്​ താമസമൊരുക്കിയിരിക്കുന്നത്​.

ഇവിടുത്തെ അതിഥികളോട്​ ഒരു തരത്തിലുമുള്ള ഭാവവ്യത്യാസവും വരാതിരിക്കാൻ ജോലിചെയ്യുന്ന സ്റ്റാഫുകളോട്​ നിർദ്ദേശം വെച്ചിട്ടുണ്ട്​ സെൻജു ജോസഫ്​. 'ബി നൈസ്​​ ടു ഓൾ പീപ്പിൾ' എന്നതാണ്​ സെൻജുവിന്‍റെ ​അടിസ്ഥാന പെരുമാറ്റരീതി. ഇവർക്കൊപ്പം മക്കളായ ആറുവയസുകാരൻ ഓസ്റ്റിനും, ഒരുവയസുകാനായ ആക്​സെലും ഒപ്പമുണ്ട്​.


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.