ഹൃദയമിടിപ്പ് അനിയന്ത്രിതമാകാറുണ്ടോ?, എട്ര്യല്‍ ഫൈബ്രില്ലേഷനെ സൂക്ഷിക്കുക

ഈ ഹൃദയദിനത്തില്‍ ഹൃദയാഘാതം, ഹൃദയ സംബന്ധമായ മറ്റ്സങ്കീര്‍ണതകള്‍ എന്നിവ വര്‍ദ്ധിപ്പിക്കാനിടയുള്ള ക്രമരഹിതവും വേഗത്തിലുള്ളതുമായ ഹൃദയമിടിപ്പായ എട്ര്യല്‍ ഫൈബ്രിലേഷനെക്കുറിച്ച് (Atrial fibrillation) അറിയാം.

ഹൃദയമിടിപ്പ് അനിയന്ത്രിതമാകുന്നതിനെത്തുടര്‍ന്നുണ്ടാകുന്ന രോഗാവസ്ഥയാണ് എട്ര്യല്‍ ഫൈബ്രില്ലേഷൻ (എ.എഫ്). പ്രായാധിക്യമുള്ളവരിലാണ് ഈ അസുഖം കൂടുതലായും കാണപ്പെടുന്നത്. ജന്മനാ ഹൃദയ സംബന്ധമായ തകരാറുള്ള ചെറുപ്പക്കാരിലും ഇത് കാണാറുണ്ട്. പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ 65 വയസ്സിന്മുകളിലുള്ള അഞ്ച് ശതമാനം പേരിലും ഈ അസുഖംകാണപ്പെടുന്നു.

ഹൃദയം നാല് അറകളാല്‍ നിര്‍മ്മിതമാണ്.  മുകളിലത്തെ രണ്ട് അറകള്‍ (ആട്രിയ), രണ്ട് താഴത്തെ അറകള്‍ (വെന്‍ട്രിക്കിളുകള്‍). ഹൃദയത്തിൻെറ മുകളില്‍ വലത് അറയ്ക്കുള്ളില്‍ (വലത് ആട്രിയം) സൈനസ്‌നോഡ് എന്ന് വിളിക്കുന്ന ഒരു കൂട്ടം സെല്ലുകള്‍ ഉണ്ട്. ഇതാണ് ഹൃദയത്തിൻെറ സ്വാഭാവിക പേസ്‌മേക്കര്‍. മുകളിലെ അറകളിലെ സിഗ്‌നലുകള്‍ താറുമാറാകുന്നതാണ് ഈ രോഗാവസ്ഥക്ക് കാരണമാകുന്നത്.

ഹൃദയത്തിൻെറ മുകള്‍ ഭാഗത്തെ രണ്ട് അറകളില്‍ അനുഭവപ്പെടുന്ന ക്രമരഹിതമായ മിടിപ്പാണ് എട്ര്യല്‍ ഫൈബ്രില്ലേഷന്‍. അതായത് ഹൃദയത്തിൻെറ മുകള്‍ അറകള്‍ അനിയന്ത്രിതമായി സങ്കോചിക്കുകയും വികസിക്കുകയും ചെയ്യുന്ന അവസ്ഥ. വൈദ്യുത തരംഗം പ്രവഹിക്കും പോലുള്ള ഈ പ്രവര്‍ത്തനത്തെത്തുടര്‍ന്ന്ഹൃദയം വിറകൊള്ളും. എന്നാല്‍ ജീവന്‍ നഷ്ടപ്പെടാനുള്ള സാധ്യത കുറവാണ്. കാരണം ഹൃദയത്തില്‍ നിന്ന് രക്തം പമ്പു ചെയ്യുന്നതില്‍ സഹായക ധര്‍മം മാത്രമേ ഹൃദയത്തിൻെറ മുകള്‍ ഭാഗത്തെ അറകള്‍ക്കുള്ളൂ. പ്രത്യക്ഷ അപകടകാരിയല്ലെങ്കിലും അനിയന്ത്രിമായ ഹൃദയമിടിപ്പ് ഹൃദ്രോഗികള്‍ക്കോ പക്ഷാഘാതം പോലുള്ള രോഗം ബാധിച്ചവര്‍ക്കോ മറ്റ്ഹൃദയസംബന്ധമായ അസുഖം ബാധിച്ചവര്‍ക്കോ ഹ്രസ്വ -ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ക്കിടവരുത്തും.

എട്ര്യല്‍ ഫൈബ്രില്ലേഷന്‍ സാധാരണയായിഹൃദയമിടിപ്പ്കൂട്ടും. കൈയിലെ പള്‍സ്ക്കി നോക്കിയോ  ഹൃദയത്തില്‍ സ്റ്റെതസ്‌കോപ്പ് വെച്ച് നോക്കിയോ ഇതറിയാം. ഹൃദയത്തിലെ കീഴറകളുടെ സങ്കോചമാണ് ഹൃദയ മിടിപ്പ് അഥവാ പൾസ് എന്ന്പറയുന്നത്. ഈ അറകളുടെ സങ്കോചം ചിലപ്പോള്‍ സാധാരണ ഗതിയിലായിരിക്കാം ചിലപ്പോള്‍ വേഗത്തിലും. ഹൃദയമിടിപ്പിലെ ക്രമരാഹിത്യം സ്ഥിരീകരിക്കാന്‍ ചിലപ്പോള്‍ ഇ.സി.ജി വേണ്ടിവന്നേക്കും. ഹൃദയമിടിപ്പിലെ വ്യതിയാനങ്ങള്‍ കണ്ടെത്താനുള്ള ഇലക്ട്രോണക്വാച്ച്പോലുള്ള ചില ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഇപ്പോള്‍ വിപണിയിലുണ്ട്. കൃത്യമായ പരിശോധനയല്ലെങ്കിലും വ്യതിയാനങ്ങള്‍ എളുപ്പം കണ്ടെത്താന്‍ ഇവ കൊണ്ടാകും.

ശക്തമായ നെഞ്ചിടിപ്പാണ് പ്രധാനലക്ഷണം. ചെറിയ നെഞ്ചിടിപ്പ് മുതല്‍ ശ്വാസതടസ്സം, നെഞ്ചുവേദന, ചിലഅവസരങ്ങളില്‍ തലകറക്കം, ബോധക്ഷയം വരെ ഉണ്ടാകും. ചിലര്‍ക്ക് ഒരുലക്ഷണവും ഉണ്ടാവില്ല. മരുന്ന് കഴിക്കുന്നതോടെ നെഞ്ചിടിപ്പ് ചിലര്‍ക്ക് കുറയുകയും ചെയ്യുന്നു. ഹൃദയസംബന്ധമായ മറ്റ്അസുഖങ്ങളുള്ളവരില്‍ ശക്തമായ നെഞ്ചിടിപ്പ് അത്ര പ്രകടമല്ലെങ്കില്‍ പോലും അവസ്ഥ മോശമായിത്തീരാറുണ്ട്.

മുതിര്‍ന്നവരില്‍, എട്ര്യല്‍ ഫൈബ്രില്ലേഷന്‍ ഉണ്ടാകാനുള്ള സാധ്യതകൂടുതലാണ്. അപൂര്‍വ സംഭവങ്ങളില്‍ ചെറുപ്പക്കാര്‍ക്കും രോഗംപിടിപെടാം. ഹൃദ്രോഗം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, തൈറോയ്ഡ് പ്രശ്‌നങ്ങള്‍, സ്ലീപ്അപ്‌നിയ, മെറ്റബോളിക്സിന്‍ഡ്രോം, പ്രമേഹം, വൃക്കരോഗം അല്ലെങ്കില്‍ ശ്വാസകോശരോഗം തുടങ്ങിയ ചില വിട്ടുമാറാത്ത രോഗങ്ങളുള്ളവര്‍ക്ക് എട്ര്യല്‍ ഫൈബ്രിലേഷന്‍ സാധ്യത കൂടുതലാണ്. മദ്യപാനം, അമിതവണ്ണം, പാരമ്പര്യ രോഗങ്ങള്‍ എന്നിവയും അസുഖ സാധ്യത വര്‍ധിപ്പിക്കുന്നു.

അമിതമായ നെഞ്ചിടിപ്പ് കാരണം രോഗികള്‍ ദുര്‍ബലരാവുന്നു.  രോഗം സ്ഥിരീകരിച്ചാല്‍ ചിട്ടയോടെയുള്ള ചികിത്സയിലൂടെ രോഗം ഭേദമാക്കാം. പക്ഷെ രോഗം രൂക്ഷമാകുന്നത് പലരോഗങ്ങളും ഒരുമിച്ച് വലയ്ക്കുന്നവരെയാണ്. രക്തസമ്മര്‍ദ്ദവും അനിയന്ത്രിത പ്രമേഹവും ഹൃദ്രോഗവും ഉള്ളവര്‍ക്ക് എട്ര്യല്‍ ഫൈബ്രില്ലേഷന്‍ എന്ന രോഗം കൂടുതല്‍ ബാധിക്കുന്നതായി ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു. രോഗം രൂക്ഷമായാല്‍ പക്ഷാഘാതം, ഹൃദയസ്തംഭനം എന്നിവയിലെത്തിച്ചേരാം.

ലക്ഷണങ്ങള്‍ കാണിക്കുന്ന രോഗികള്‍ക്കോ ലക്ഷണങ്ങള്‍ക്കോ ചികിത്സയും തുടര്‍ചികിത്സയും അത്യാവശ്യമാണ്. കാരണം ഈ സാഹചര്യം ഹൃദ്രോഗത്തിലേക്കോ പക്ഷാഘാതത്തിലേക്കോ നയിക്കാനുള്ള സാധ്യതയേറെയാണ്. പ്രധാനമായും ജീവനോ, ശാരീരിക ബലക്ഷയത്തിനോ കാരണമാകുന്ന പക്ഷാഘാതത്തിലെത്താതെ നോക്കുകയെന്നതിനാണ് ചികിത്സയില്‍ ഊന്നല്‍ നല്‍കേണ്ടത്. പക്ഷാഘാതത്തിലെത്തുന്ന 30 ശതമാനം കേസുകളുടെയും ഉത്തരവാദിത്തം എട്ര്യല്‍ ഫൈബ്രില്ലേഷനാണെന്ന് തെളിഞ്ഞിട്ടുണ്ട്.

തുടര്‍ചികിത്സകളുടെ നിര

മികച്ച ചികിത്സാ ക്രമം നിശ്ചയിക്കുന്നതനുസരിച്ച് ചിലര്‍ക്ക് തുടര്‍ചികിത്സകളുടെ ഒരുനിര തന്നെ വേണ്ടി വന്നേക്കും. എട്ര്യല്‍ ഫൈബ്രില്ലേഷന്‍ തടയാനായി മരുന്നുകള്‍ ലഭ്യമാണ്. പെട്ടന്നുണ്ടാകുന്ന അമിത നെഞ്ചിടിപ്പ് കുറയ്ക്കാനായി അടിയന്തിര ചികിത്സയെന്ന നിലയില്‍ മരുന്നുകള്‍ നല്‍കാറുണ്ട്. അമിത നെഞ്ചിടിപ്പ് കുറച്ച് സാധാരണ ഗതിയിലാക്കുക എന്നതാണ് ദീര്‍ഘകാല ചികിത്സ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. അതിന്ഏതുമാര്‍ഗം അവലംബിക്കണം എന്നത് കുറേയെറെ ഘടകങ്ങള്‍ പരിഗണിച്ചു വേണം തീരുമാനിക്കാന്‍, പ്രത്യേകിച്ച് രോഗിയുടെ അഭിപ്രായം അറിഞ്ഞ് വേണം ചെയ്യണ്ടത്.

രോഗിയെ കൃത്യമായി നിരീക്ഷിക്കുകയും രോഗിയുടെ ശാരീരിക അവസ്ഥയുടെ പുരോഗതി വിലയിരുത്തുകയും വേണം. മരുന്നുകളുടെ പ്രവര്‍ത്തനവും പ്രതിപ്രവര്‍ത്തനവും പ്രത്യേകം ശ്രദ്ധിക്കണം. ഇലക്ട്രോഫിസിയോളജിക്കല്‍ പഠനരീതി അവലംബിച്ച് ചിലരോഗികളില്‍ ഈ അസുഖം തടയാനാകും. ചിലരോഗികള്‍ക്ക് പേസ്‌മേക്കറിൻെറ സഹായം വേണ്ടിവന്നേക്കും. ഹൃദയമിടിപ്പ് കുറവുള്ളവരിലും തുടര്‍ച്ചയായി എട്ര്യല്‍ ഫൈബ്രില്ലേഷന്‍ രോഗലക്ഷണമുള്ളവര്‍ക്കും പേസ്‌മേക്കര്‍ ഘടിപ്പിക്കുന്നത്  രോഗം തടയാന്‍ ഉപകരിക്കും.

എട്ര്യല്‍ ഫൈബ്രില്ലേഷൻ മൂലം പക്ഷാഘാതത്തിന് സാധ്യത കൂടുതലാണ്. അതിനാൽ ഈ രോഗാവസ്ഥയിലെത്താതിരിക്കുക എന്നതാണ് പക്ഷാഘാതം ഒഴിവാക്കാനുള്ള മാർഗം. അതിനാൽ രോഗം എത്രയും നേരത്തെ തിരിച്ചറിയുകയെന്നത് ആവശ്യമാണ്. കൂടാതെ രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്നുകളും വിപണിയിൽ ലഭ്യമാണ്. രക്ത പരിശോധനയെത്തുടർന്നാണ്  രക്തം കട്ടപിടിക്കാനുള്ള മരുന്നുകളുടെ അളവ് നിശ്ചയിക്കുക.

ഭക്ഷണരീതി

ജീവിതശൈലിയിൽ മാറ്റംവരുത്തിയാൽ ഈ രോഗത്തെ പ്രതിരോധിക്കാൻ സാധിച്ചേക്കും.  ഹൃദയത്തിന് അനുഗുണമായ ജീവിത ശൈലിയും ആരോഗ്യകരമായ ഭക്ഷണക്രമവും അതിൽ പ്രധാനമാണ്.

രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്ന് കഴിക്കുന്നവരിൽ ഇലക്കറികൾ മരുന്നിൻെറ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കും. അതിനാല്‍ ഇത്തരം മരുന്ന്കഴിക്കുന്നവര്‍ ഭക്ഷണത്തില്‍ ഇലക്കറികള്‍ ഉള്‍പ്പെടുത്തുമ്പോള്‍ ഡോക്ടറുടെ നിര്‍ദ്ദേശം സ്വീകരിക്കേണ്ടതാണ്.

• കഫീനും മദ്യവും ഒഴിവാക്കുക.

• രക്തസമ്മർദ്ദവും കൊളസ്ട്രോളും കൃത്യ ഇടവേളകളിൽ പരിശോധിക്കുക. സോഡിയം, ഫാറ്റ് എന്നിവ കുറഞ്ഞ അളവിൽ മാത്രം ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക.

• പുകവലി നിർത്തുക.

• ആരോഗ്യകരമായ ഭാരം നിലനിർത്തുക.

വ്യായാമം

ശരീര ഭാരം നിയന്ത്രിക്കാൻ വ്യായാമം ശീലമാക്കാം. പൊണ്ണത്തടി എ.എഫ്. ചികിത്സക്കും പ്രതികൂലമാകാറുണ്ട്. ഡോക്ടറെ സമീപിച്ച്  രോഗിയുടെ ശാരീരിക അവസ്ഥക്ക് ആവശ്യമായ വ്യായാമം സംബന്ധിച്ച് അഭിപ്രായം തേടാം. നിദ്രയ്ക്കിടയിൽ ശ്വാസോച്ഛ്വാസ പ്രക്രിയയിൽ ഉണ്ടാകുന്ന തടസ്സം ( സ്ലീപ്അപ്നീയ) എ.എഫിന് പ്രധാന കാരണമാണ്. ഇത്പൂർണ്ണമായും ചികിത്സിച്ച് ഭേദമാക്കാവുന്നതാണ്.

എട്ര്യല്‍ ഫൈബ്രില്ലേഷൻ എന്ന അവസ്ഥ ജീവിത ശൈലിയിലൂടെയോ മരുന്നുകളിലൂടെയോ കൃത്യമായി നി യന്ത്രിക്കാനും ഇതിലൂടെ പക്ഷാഘാതം അടക്കമുള്ള പ്രത്യാഘാതം ഒഴിവാക്കാനുംസാധിക്കും.



Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.