പൊന്നോമനകൾ ഉറങ്ങുന്നില്ലേ? അറിയാം ഇക്കാര്യങ്ങൾ...

ചെറിയ കുട്ടികളുള്ള അമ്മമാരുടെ പ്രധാന പരാതി കുഞ്ഞുങ്ങൾ പകൽ ഉറങ്ങുകയും രാത്രി ഉണർന്ന് കരയുകയും ​ചെയ്യുന്നുവെന്നതാണ്. കുഞ്ഞുങ്ങളുടെ ഉറക്കം പലതരത്തിലാണ്. ചിലർ പകൽ ദീർഘ സമയം ഉറങ്ങും. മറ്റു ചിലരാകട്ടെ പൂച്ചയുറക്കം നടത്തി എഴുന്നേൽക്കും. ചില കുട്ടികൾ രാത്രി ഇടക്കിടെ എഴുന്നേൽക്കും. ആദ്യ ഒരു വർഷത്തിനുള്ളിൽ കുഞ്ഞുങ്ങൾ ഉറങ്ങുന്ന രീതിയിൽ വലിയ വ്യത്യാസം വന്നുകൊണ്ടിരിക്കും. ഓരോ കുഞ്ഞുങ്ങളും വ്യത്യസ്തരാണെങ്കിലും കുഞ്ഞുങ്ങളുടെ ഉറക്കത്തിന്റെ പാറ്റേൺ മുതിർന്നവരിൽ നിന്ന് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നുവെന്ന് തരിച്ചറിയുന്നത് നല്ലതാണ്.

കുഞ്ഞുങ്ങളുടെ ഉറക്കവും മുതിർന്നവരിലെ ഉറക്കവും

മുതിർന്നവരെ അപേക്ഷിച്ച് ഒരു വയസിനു താഴെയുള്ള കുഞ്ഞുങ്ങൾ ആഴത്തിൽ ഉറങ്ങുന്നവരല്ല. അവർ ശാന്തമായി ഉറങ്ങില്ല. ഉറങ്ങുമ്പോൾ തന്നെ സജീവമായി ഇരിക്കുന്നവരാണ്. ആക്ടീവ് സ്‍ലീപ്പിങ് എന്നാണ് ഇതിന് പറയുന്നത്. ആക്ടീവ് സ്‍ലീപ്പിങ്ങിൽ കുട്ടികൾ അതിവേഗം ശ്വസിക്കുന്നു. കൈകളും കാലുകളും ഇളക്കിക്കൊണ്ടിരിക്കും. കൺപോളകൾക്കടിയലൂടെ കൃഷ്ണമണി ഇളകിക്കൊണ്ടിരിക്കും. ഇത്തരം ഉറക്കത്തിലുളള കുട്ടികൾ വേഗത്തിൽ എഴുന്നേൽക്കാൻ സാധ്യതയുണ്ട്.

എല്ലാവർക്കും ചെറുമയക്കവും ആഴത്തിലുള്ള ഉറക്കവും ചേർന്ന ക്രമീകരണമാണ് ഉറക്കത്തിലുണ്ടാവുക. മുതിർന്നവരിൽ 90 മിനിട്ടാണ് ആഴത്തിലുള്ള ഉറക്കമുണ്ടാവുക. പിന്നീട് ചെറുമയക്കമായിരിക്കും. എന്നാൽ കുട്ടികളിൽ ഇത് 40 മിനുട്ടാണ്. അതിനാൽ കുട്ടികൾ കൂടുതൽ തവണ എഴുന്നേക്കുന്നു.

എല്ലാ കുട്ടികളും വ്യത്യസ്തരാണ്. എന്നാലും സാധാരണയായി കുട്ടികളിൽ ഉണ്ടാകാവുന്ന ഉറക്ക ഘടന ഇങ്ങനെയാണ്:

ജനനം മുതൽ മൂന്ന് മാസം വരെ

  • നവജാത ശിശുക്കൾ രാവിലെയും രാത്രിയും കൂടുതൽ ഉറങ്ങിയും ഇടക്ക് ഉണർന്നും കഴിയുന്നു. ദിവസം എട്ടു മണിക്കൂർ മുതൽ 18 മണിക്കൂർ വരെ നവജാത ശിശുക്കൾ ഉറങ്ങാം.
  • പാലുകുടിക്കുക, മൂത്രമൊഴിച്ച് വസ്ത്രം നനയുക തുടങ്ങിയ ആവശ്യങ്ങൾ ഇടക്കിടെ ഉണ്ടാകുന്നതിനാൽ ഉറക്കത്തിന്റെ ദൈർഘ്യം കുറവായിരിക്കും
  • സാധാരണയായി നവജാത ശിശുക്കളുടെ ഉറക്കം ആഴത്തിലുള്ളതല്ല. ഉറക്ക സമയത്തിന്റെ പകുതിയും അവർ ആക്ടീവ് സ്ലീപ്പിങ്ങിലേർപ്പെടുന്നവരാണ്
  • കുഞ്ഞുങ്ങൾക്ക് ആറ് ആഴ്ച പ്രായമായാൽ മാത്രമേ രാത്രിയും പകലുമായുള്ള വ്യത്യാസം തിരിച്ചറിയുകയുള്ളു. പകൽ സമയം കുഞ്ഞിനെ വെളിച്ചമുള്ളിടത്ത് കിടത്തുകയും അവരോടൊപ്പം കളികളിൽ ഏർപ്പെട്ടും പകൽ ഉറക്കം കുറച്ച് രാത്രി കൂടുതൽ സമയം ഉറങ്ങാനായി ശീലിപ്പിക്കാം.

മൂന്നു മുതൽ ആറ് മാസം വരെ

  • പകൽ മൂന്നു തവണയായി രണ്ടു മണിക്കൂർ ദൈർഘ്യമുള്ള ഉറക്കം കുട്ടികളിൽ ഉണ്ടാകും.
  • ആകെ ഒരു ദിവസം 14-15 മണിക്കൂർ ഉറങ്ങിയേക്കാം. ചില കുട്ടികൾ രാത്രി എട്ടു മണിക്കൂർ ഉറങ്ങും.
  • ആക്ടീവ് സ്‍ലീപ്പിങ്ങിന്റെ ദൈർഘ്യം കുറയുകയും ഉറക്കത്തിന്റെ തുടക്കത്തിൽ ശാന്തമായ ഉറക്കം ശീലിക്കുകയും ചെയ്യും.
  • എന്നാലും രാത്രി ഒരിക്കലെങ്കിലും എഴുന്നേൽക്കുന്ന പ്രവണത കാണിക്കാറുണ്ട്

ആറ് മുതൽ 12 മാസം വരെ

  • ആറ് മാസം മുതൽ കുട്ടികളുടെ ഉറക്ക രീതി നിങ്ങളുടെതിന് ഏകദേശം സമാനമാകും.
  • ദിവസം ശരാശരി 13 മണിക്കൂറാണ് കുട്ടികൾ ഈ കാലഘട്ടത്തിൽ ഉറങ്ങുക
  • പകലുറക്കം രണ്ട് തവണയായി കുറക്കും. ഒരു മണിക്കൂർ മുതൽ രണ്ടു മണിക്കൂർ ദൈർഘ്യമുള്ള ഉറക്കമായിരിക്കും അത്.
  • കുട്ടികൾ രാത്രി ഇടക്കിടെ ഉണരുന്നത് കുറയും. അവർക്ക് ഭക്ഷണം കൂടുതൽ ആവശ്യമില്ലാത്തതിനാലാണ് അത്.
  • കൂടുതൽ പേരും രാത്രി ഒരിക്കൽ മാത്രം ഉണരുകയും വേഗം ഉറക്കത്തിലേക്ക് തന്നെ വഴുതി വീഴുകയും ചെയ്യും. ചിലർ എന്നാലും കൂടുതൽ തവണ എഴുന്നേൽക്കാം.
  • ഇക്കാലയളവിൽ കുട്ടികൾ രക്ഷിതാക്കളിൽ നിന്ന് അകന്ന് നിൽക്കുന്നതിനെ പേടിക്കുന്നു. അതു മൂലം കുട്ടികൾ ഉറങ്ങാതിരിക്കാൻ ശ്രമിക്കുകയും ഇടക്കിടെ എഴുന്നേൽക്കുകയും ചെയ്യാം.
  • സ്ഥിരമായി ഒരേ സമയത്ത് ഉറങ്ങുകയും എഴുന്നേൽക്കുകയും ചെയ്യുന്നത് നല്ല ഉറക്കത്തിന് സഹായിക്കും.

12 മാസത്തിന് ശേഷം

12 മാസത്തിനു ശേഷം കുട്ടികൾ കൂടുതൽ നന്നായി ഉറങ്ങുന്നു. ആദ്യ പിറന്നാൾ എത്തുമ്പോഴേക്കും ദൈർഘ്യമേറിയ ഉറക്കം ശീലമാക്കിയിരിക്കും. ഇടക്കിടെ എഴുന്നേൽക്കുന്ന ശീലം കുറയും. പകൽ ഒന്നോ രണ്ടോ തവണ മാത്രം ചെറുമയക്കം ഉണ്ടാകുകയും രാത്രി കൂടുതൽ സമയം ഉറങ്ങുകയും ചെയ്യും. ഒരു വയസ് ആയിക്കഴിഞ്ഞാൽ കുട്ടികൾ രാത്രി എട്ടു മണിക്കൂർ മുതൽ 12 മണിക്കൂർ വരെ ഉറങ്ങും. രാത്രിയിൽ ഒന്നോ ​രണ്ടോ തവണ മാത്രമാണ് എഴുന്നേൽക്കുക. 

Tags:    
News Summary - Baby sleep patterns by age

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.