തൊരു രോഗമാണെങ്കിലും അത്​ കുഞ്ഞുങ്ങളെ ബാധിക്കു​േമ്പാൾ വീട്ടുകാരും സമൂഹംതന്നെയും കടുത്ത സമ്മർദത്തിലാകുന്നത്​ സാധാരണമാണ്​. രണ്ടാം തരംഗത്തിൽ രാജ്യത്ത്​ കോവിഡ്​ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ വീടുകളിൽ കഴിയുന്ന കുഞ്ഞുങ്ങൾ, നവജാത ശിശുക്കൾ, കോവിഡ്​ ബാധിച്ച അമ്മമാരുടെ മുലയൂട്ടൽ, മുലയൂട്ടുന്ന അമ്മമാരുടെ വാക്​സിനേഷൻ തുടങ്ങി നിരവധി കാര്യങ്ങളിൽ സമൂഹത്തിൽ ആശങ്കകൾ നിലനിൽക്കുന്നുണ്ട്​. കോവിഡ്​ എന്ന മഹാമാരി താരതമ്യേന പുതിയതരം വൈറസ്​ മൂലമുണ്ടാകുന്ന രോഗമായതുകൊണ്ട്​ അതേക്കുറിച്ചുള്ള പഠനങ്ങളും ഗവേഷണങ്ങളും ലോക​ത്താകമാനം നടന്നുകൊണ്ടിരിക്കുകയാണ്​. നിലവിലെ സാഹചര്യത്തിൽ 18 വയസ്സിന്​ താഴെയുള്ളവർക്ക്​ കോവിഡ്​ പ്രതിരോധത്തിനുള്ള വാക്​സിൻ നൽകുന്നകാര്യത്തിൽ കൃത്യമായ മാർഗനിർദേശങ്ങൾ വന്നിട്ടില്ല. അതുകൊണ്ടുതന്നെ ഈ ഗ്രൂപ്പിൽപെട്ടവർക്ക്​ മറ്റു രീതിയിലുള്ള പ്രതിരോധം മാത്രമാണ്​ കോവിഡിൽനിന്ന്​ രക്ഷപ്പെടാനുള്ള മാർഗം. ഈ പശ്ചാത്തലത്തിലാണ്​ ഗൗരവമേറിയ ഈ ​പകർച്ചവ്യാധിയിൽനിന്ന്​ കുഞ്ഞുങ്ങളെ സംരക്ഷിക്കേണ്ടത്​ എങ്ങനെയാണെന്ന വിഷയത്തിൽ കൂടുതൽ ബോധവത്​കരണം ആവശ്യമായിവരുന്നത്​.

കോവിഡി​െൻറ രണ്ടാം തരംഗത്തി​െൻറ പ്രത്യേകത ഒന്നാം തരംഗത്തെ അപേക്ഷിച്ച് കുട്ടികളിൽ കൂടുതലായി രോഗം റിപ്പോർട്ട് ചെയ്യപ്പെടുന്നു എന്നതും വൈറസ്​ കൂടുതൽ മാരകമായ വകഭേദത്തോടെ കാണപ്പെടുന്നു എന്നതുമാണ്​. ഈ അതിവ്യാപനത്തിൽ നിന്ന്​ കുട്ടികളെ സംരക്ഷിക്കേണ്ടത് ഗൗരവമായി എടുക്കേണ്ട വിഷയമാണ്. കുട്ടികളിൽ ഭൂരിഭാഗവും ഇപ്പോൾ വീട്ടിനുള്ളിൽത്തന്നെ കഴിയുന്നതിനാൽ പലപ്പോഴും രോഗം പിടിപെടുന്നത് സമൂഹവുമായി ഇടപഴകുന്ന മുതിർന്നവരിൽ നിന്നാണ്. അതുകൊണ്ട് കുട്ടികളിലേക്ക്​ രോഗം പകരാതിരിക്കാൻ ജാഗ്രത കാണിക്കേണ്ടത്​ മുതിർന്നവർ തന്നെയാണ്​.

മുതിർന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഇക്കാര്യത്തിൽ മുതിർന്നവർ ഓർത്തിരിക്കേണ്ട പ്രധാന കാര്യം വളരെ അത്യാവശ്യത്തിനു മാത്രം വീടുവിട്ട് പുറത്തുപോകുക എന്നതാണ്​. അഥവാ പുറത്തിറങ്ങുകയാണെങ്കിൽ നിർബന്ധമായും ഡബിൾ മാസ്​ക്​ ധരിച്ചിരിക്കണം. കൂടാതെ വീടുകളിൽ തിരിച്ചെത്തിയാലുടൻ വീട്ടിലുള്ളവരുമായി ഇടപഴകുന്നതിനു​ മുമ്പായി കൈകൾ വിശദമായും സൂക്ഷ്​മമായും സോപ്പ്​ ഉപയോഗിച്ച്​ വൃത്തിയാക്കണം​. ധരിച്ചിട്ടുള്ള വസ്​ത്രങ്ങൾ സോപ്പുവെള്ളത്തിൽ കുതിർത്ത്​ അലക്കിയിടുകയും കുളിക്കുകയും ചെയ്​തതിനുശേഷം മാത്രമേ കുട്ടികളുമായി ഇടപഴകാൻ പാടുള്ളൂ. കഴിയുന്നതും വീട്ടിനകത്തും മാസ്​ക്​ ഉപയോഗിച്ച്​ ശീലിക്കുകയും കുട്ടികളുമായി ഇടപഴകു​േമ്പാൾ ഉമ്മവെക്കുന്ന പോലുള്ള സ്നേഹ പ്രകടനം ഒഴിവാക്കുകയും വേണം.

മറ്റൊരു പ്രധാനകാര്യം കുട്ടികളെ വീടിനു പുറത്ത് കളിക്കാൻ വിടാതെ ശ്രദ്ധിക്കുക എന്നതാണ്​. പറഞ്ഞാൽ മനസ്സിലാകുന്ന പ്രായത്തിലുള്ള കുഞ്ഞുങ്ങളെ മാസ്​ക്​ ധരിക്കുന്നതി​െൻറയും കൈകൾ സോപ്പ്​ ഉപയോഗിച്ച്​ കഴുകുന്നതി​െൻറയും അകലം പാലിക്കുന്നതി​െൻറയും ആവശ്യം മനസ്സിലാക്കിക്കൊടുക്കണം.




 


കുട്ടികളിലെ കോവിഡ് ലക്ഷണങ്ങൾ

പനി, ചുമ, ജലദോഷം, തളർച്ച, ശ്വാസംമുട്ട്, തൊണ്ടവേദന എന്നീ ലക്ഷണങ്ങളാണ് സാധാരണയായി കണ്ടുവരുന്നത്. വയറിളക്കം, ഛർദ്ദി, തൊലിപ്പുറത്ത് വരുന്ന ചുവന്ന പാടുകൾ എന്നീ രീതിയിലും കോവിഡ് കുട്ടികളിൽ പ്രത്യക്ഷപ്പെടാം. ലക്ഷണം ഉള്ള കുട്ടികളെ ഉടൻതന്നെ കോവിഡ്​ പരിശോധനക്ക്​ വിധേയമാക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം.

കുട്ടികളെ കോവിഡ്​ പരിശോധനക്ക്​ വിധേയമാക്കുമ്പോൾ

കോവിഡ്​ വൈറസി​െൻറ സാന്നിധ്യം കണ്ടെത്താൻ മൂക്കിനുള്ളിലെ ​സ്രവം ശേഖരിക്കേണ്ടതുണ്ട്​. അതിനാൽ, ചെറിയ കുട്ടികളെ ഭക്ഷണം നൽകിയ ഉടനെയോ മൂലയൂട്ടിയ ഉടനെയോ പരിശോധന നടത്തിയാൽ ഛർദ്ദി വരാനും മറ്റു​ ബുദ്ധിമുട്ടുകൾക്കും സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ അടുത്ത മുലയൂട്ടലിനോ ഭക്ഷണത്തിനോ മുമ്പായി സ്രവം ശേഖരിക്കുന്നതാണ്​ നല്ലത്​. ഇതിനായി ആരോഗ്യപ്രവർത്തകരുടെ നിർദേശമനുസരിച്ച് കുട്ടികളെ ആവശ്യമുള്ള രീതിയിൽ പിടിച്ചു​കൊടുക്കണം.




 


കുട്ടികളിൽ രോഗം സ്​ഥിരീകരിച്ചാൽ

വളരെ നേരിയ രോഗലക്ഷണം ഉള്ള കുട്ടികൾക്ക്​ ആരോഗ്യപ്രവർത്തകരുടെ മേൽനോട്ടത്തിൽ വീടുകളിൽതന്നെ കഴിയാവുന്നതാണ്​. ഇങ്ങനെ വീടുകളിൽ കഴിയുന്ന രോഗികളായ കുട്ടികളിൽ വലിയ കുട്ടികളെ മസ്​ക്​ ധരിക്കാനും കൈകൾ ഇടക്കിടെ കഴുകാനും പരിശീലിപ്പിക്കണം. വീട്ടിലുള്ള ഒരാൾ മാത്രം കുട്ടികളുടെ എല്ലാ കാര്യങ്ങളും ശ്രദ്ധിക്കുന്നതാണ്​ നല്ലത്​. പനി ഉണ്ടെങ്കിൽ ആരോഗ്യപ്രവർത്തകരുടെ നിർദേശാനുസരണം മരുന്നുകൾ നൽകാം. അതേസമയം ശരീരത്തിലെ ജലാംശം നഷ്​ടപ്പെടാതിരിക്കാൻ ഇവരെ ധാരാളം വെള്ളം കുടിപ്പിക്കണം. ഒ.ആർ.എസ്​ ലായനി, കഞ്ഞിവെള്ളം എന്നിവ നൽകാം. കുഞ്ഞുങ്ങൾക്ക്​ ബേക്കറി പലഹാരങ്ങൾ, ഫാസ്​റ്റ്​ ഫുഡുകൾ എന്നിവ ഒഴിവാക്കി പോഷകങ്ങൾ ഉൾപ്പെടുന്ന സമീകൃതാഹാരം മാത്രം നൽകാൻ ശ്രദ്ധിക്കുക.

കുട്ടികൾക്ക്​ അസുഖം വന്നാൽ മാതാപിതാക്കളിൽ ഭയവും ഉത്കണ്ഠയും സ്വാഭാവികമാണ്. എന്നാൽ ഇത്​ കുട്ടികളിൽ അസുഖത്തിനെ കുറിച്ച് അമിതമായ പേടി ജനിപ്പിക്കാൻ കാരണമായേക്കും. അതുകൊണ്ട്​ രോഗികളായ കുട്ടികളോട്​ സംയമനത്തോടെയും സന്തോഷത്തോടെയും പെരുമാറുകയും അവർക്ക്​ രോഗം ഉടൻ ഭേദമാകും എന്നരീതിയിൽ ആത്മവിശ്വാസം നൽകുകയും വേണം. അതേസമയം ഗുരുതര ലക്ഷണങ്ങൾ ഉള്ള കുട്ടികളെയും അർബുദം,വൃക്ക, കരൾ, ഹൃദയം എന്നി അവയങ്ങൾക്ക്​ രോഗങ്ങളുള്ളവരെയും പ്രതിരോധശേഷി കുറഞ്ഞവരെയും കഴിയുന്നതും ആശുപത്രികളിലേക്ക്​ മാറ്റണം.




 


വീട്ടിൽ കഴിയുന്ന കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കുക

രോഗികളായി വീട്ടിൽ കഴിയേണ്ടിവരുന്ന കുട്ടികളെ പ്രത്യേകം നിരീക്ഷണത്തിന്​ വിധേയരാക്കേണ്ടതുണ്ട്​. ഒരു ഡിജിറ്റൽ തെർമോമീറ്റർ വാങ്ങി ശരീരത്തി​െൻറ താപനില സംബന്ധിച്ച വിവരങ്ങൾ എല്ലാ ദിസവും എഴുതി സൂക്ഷിക്കണം. കുട്ടികളിൽ മയക്കം, അമിതമായി നിർത്താതെ ഉള്ള കരച്ചിൽ എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ബന്ധപ്പെട്ട ആരോഗ്യപ്രവർത്തകരെ അറിയിക്കണം. കുട്ടികളുടെ ശ്വാസത്തി​െൻറ നിലയും പരിശോധിക്കണം​. രണ്ടു മാസത്തിൽ താഴെയുള്ള കുട്ടികൾ ഒരു മിനിറ്റിൽ 60 തവണയിൽ താഴെമാത്രം ശ്വാസം ഉള്ളിലേക്കെടുത്ത്​ പുറത്തുവിടുന്നത്​ സാധാരണമാണ്​. രണ്ടു മാസം മുതൽ ഒരു വയസ്സുവരെയുള്ളവരിൽ 50 തവണയിൽ താഴെയും ഒരു വയസ്സു മുതൽ അഞ്ചുവയസ്സു വരെയുള്ള കുട്ടികളിൽ 40 തവണയിൽ താഴെയും അഞ്ചുവയസ്സിനു മുകളിലുള്ള കുട്ടികളിൽ 30 തവണയിൽ താഴെയുമാണ്​ സ്വാഭാവികമായ ശ്വാസോച്ഛ്വാസത്തി​െൻറ നിരക്ക്​. ഇതിൽ കൂടുതൽ അനുഭവപ്പെട്ടാൽ ഉടൻ ആരോഗ്യപ്രവർത്തകരെ വിവരം അറിയിക്കണം.

കൂടാതെ നെഞ്ചി​െൻറ അടിഭാഗം കുഴിയുന്നതായും ശരീരത്തിൽ നീലനിറം കാണുന്നതായും ശ്രദ്ധയിൽപെട്ടാൽ ഉടൻ വൈദ്യസഹായം തേടണം. പൾസ്​ ഓക്​സിമീറ്റർ ഉണ്ടെങ്കിൽ രക്​തത്തിൽ ഓക്​സിജ​െൻറ അളവ് കുറയുന്നുണ്ടോ എന്ന് നിരീക്ഷിക്കാം. അളവ്​ 94ൽ കുറവ് ആണെങ്കിൽ ആരോഗ്യപ്രവർത്തകരെ ഉടൻ അറിയിക്കണം. ഫോണിലൂടെ വിദഗ്​ധരായ ഡോക്​ടർമാരുടെ സേവനം തേടുകയുമാവാം.

അമ്മമാർക്ക്​ കോവിഡ്​ വന്നാൽ

ചെറിയ കുഞ്ഞുങ്ങളുള്ള അമ്മമാർക്ക്​ കോവിഡ്​ വൈറസ്​ ബാധയുണ്ടായാലും മുലയൂട്ടൽ തുടരാവുന്നതാണ്​. ഇത് കുട്ടിയുടെ പ്രതിരോധശക്തി വർധിപ്പിക്കാൻ സഹായിക്കും. അതേസമയം മുലയൂട്ടു​േമ്പാൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. മുലയൂട്ടുന്നതിനായി നല്ല വായു സഞ്ചാരമുള്ളതും വൃത്തിയുള്ളതുമായ മുറി തിരഞ്ഞെടുക്കണം. മുലയൂട്ടുന്ന സമയത്ത്​ അമ്മമാർ ഡബിൾ മാസ്ക്​ ധരിക്കുകയും കുഞ്ഞിനെ എടുക്കുന്നതിനു മുമ്പായി സോപ്പ് ഉപയോഗിച്ച് കൈകൾ നന്നായി കഴുകുകയും വേണം. തുമ്മലും ചുമയും കാരണം സ്രവങ്ങൾ മാറിടത്തിലേക്ക്​ തെറിച്ചതായി സംശയമുണ്ടെങ്കിൽ മാറിടങ്ങളും കഴുകി വൃത്തിയാക്കണം. കൂടാതെ കുളിക്കുമ്പോൾ മാറിടങ്ങൾ പ്രത്യേകം ശ്രദ്ധയോടെ സോപ്പ് ഉപയോഗിച്ച് കഴുകണം. അമ്മമാരുടെ അമിത ഉത്​കണ്​ഠ മുലപ്പാൽ കുറയാൻ കാരണമാകുന്നതിനാൽ മനസ്സ്​ ശാന്തമായിരിക്കാൻ ശ്രമിക്കണം. അമ്മക്ക്​ അസുഖം ഗുരുതരമാണെങ്കിൽ കുട്ടിയെ പരിചരിക്കാൻ മറ്റു ബന്ധുക്കളുടെ സഹായം തേടുകയും മുലയൂട്ടാൻ മാത്രം കുട്ടിയെ അരികിൽ കൊണ്ടുവരുകയോ മുലപ്പാൽ പിഴിഞ്ഞ് കൊടുക്കുകയോ വേണം.




 


മറ്റു പ്രതിരോധ കുത്തിവെപ്പുകൾ

സമ്പർക്കം മൂലം ക്വാറൻറീനിൽ ഇരിക്കുന്ന കുട്ടികൾ അതു കഴിഞ്ഞതിനുശേഷം മാത്രം മറ്റു​ പ്രതിരോധകുത്തിവെപ്പുകൾ കൊടുത്താൽ മതിയാവും. അതേസമയം കോവിഡ് പോസിറ്റിവ് ആയ കുട്ടികളിൽ നെഗറ്റിവ് ആയി രണ്ടാഴ്ച കഴിഞ്ഞതിനുശേഷം മറ്റു പ്രതിരോധ കുത്തിവെപ്പുകൾ എടുക്കാവുന്നതാണ്​. മറ്റു പല മഹാമാരികളിൽനിന്നും നമ്മളുടെ കുട്ടികളെ രക്ഷിക്കുമെന്നതിനാൽ ഈ കുത്തിവെപ്പുകളുടെ കാര്യത്തിലും ഒരിക്കലും മുടക്കം വരുത്തരുത്​.

കാനഡ പോലുള്ള വിദേശരാജ്യങ്ങളിൽ 12 മുതൽ 15 വയസ്സു വരെയുള്ള കുട്ടികൾക്ക് വാക്സിനേഷൻ നൽകാൻ തീരുമാനിച്ചിട്ടുണ്ട്​. ആറു മാസം മുതലുള്ള കുട്ടികൾക്കായി വാക്​സിൻ വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പഠനം നടന്നുകൊണ്ടിരിക്കുകയാണ്​. താമസിയാതെ നമ്മുടെ രാജ്യത്തുള്ള കുട്ടികൾക്കും വാക്​സിനേഷൻ ലഭ്യമാക്കും എന്നും പ്രതീക്ഷിക്കാവുന്നതാണ്​.

(ലേഖകൻ പേരാവൂർ ഗവ. താലൂക്ക് ആശുപത്രിയിലെ ശിശുരോഗ വിദഗ്​ധനാണ്​)

Tags:    
News Summary - covid 19; take care of children

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.