നോമ്പ് കാലത്തെ ദന്തസംരക്ഷണം

നമ്മുടെ വായയിൽ ഒരുപാട് ബാക്റ്റീരിയകൾ ഉണ്ട്. അത് നമ്മുടെ വായയിലുള്ള ഭക്ഷണപദാർഥങ്ങളുമായി ചേർന്ന് ഒരു ആസിഡ് നിർമിക്കും. ഇത് നമ്മുടെ പല്ലിന് കേട് സംഭവിക്കാനും മോണക്കും മറ്റും പ്രശ്നങ്ങളുണ്ടാവാനും കാരണമാവും. നമ്മൾ സമൂഹത്തിൽ ജീവിക്കുമ്പോൾ ഒരുപാട് ആളുകളുമായി ആശയവിനിമയം നടത്തേണ്ടതുണ്ട്. ആളുകളോട് ആത്മവിശ്വാസത്തോടെ സംസാരിക്കുന്നതിലും ചിരിക്കുന്നതിലും പല്ലിന് ഒരു പ്രത്യേക പങ്കുണ്ട്.

പല്ലിന്റെ ആരോഗ്യം ആത്മവിശ്വാസത്തോടെയുള്ള ആശയവിനിമയത്തെ വളരെയധികം സ്വാധീനിക്കുന്നുണ്ട്. സാധാരണയായി നമ്മൾ രണ്ട് തവണയാണ് പല്ലു തേക്കേണ്ടത്. രാത്രിയും രാവിലെയും ഓരോ പ്രാവശ്യം. പല്ലുതേക്കുന്ന സമയത്ത് പേസ്റ്റ് ഒരുപാട് ഉപയോഗിക്കേണ്ട ആവശ്യമില്ല. കുട്ടികളിൽ ഒരു അരിമണിയുടെ അത്രയും മുതിർന്നവരിൽ ഒരു കടലമണിയുടെ അത്രയും പേസ്റ്റ് ഉപയോഗിച്ചാൽ മതി. മൂന്ന് മാസം കൂടുമ്പോൾ പുതിയ ബ്രഷ് ഉപയോഗിച്ചു തുടങ്ങണം.


വ്രതം അനുഷ്ഠിക്കുമ്പോൾ

റമദാൻ മാസം വ്രതം അനുഷ്ഠിക്കുമ്പോൾ രാവിലെ മുതൽ വൈകീട്ട് വരെ വെള്ളമോ, ഭക്ഷണമോ ഉപയോഗിക്കാതെ നിൽക്കുന്നത് മൂലം വായക്കും പ്രത്യേകിച്ച് പല്ലിനും അസ്വസ്ഥതകൾ നേരിടുന്നവരുണ്ട്. പ്രധാനപ്പെട്ടതാണ് വായയും കവിളും വരണ്ടുപോവുന്നത്. വായ്നാറ്റവും പല്ലിന് പുളിപ്പ് വരുന്നതും പല്ലിന് കേട് വരുന്നതുമാണ് മറ്റു കാര്യങ്ങൾ.

വായ വരണ്ടുപോകലിനും വായ്‌നാറ്റത്തിനും പരിഹാരം

വായിൽ വെള്ളത്തിന്റെ അംശം കുറയുന്നതാണ് വരണ്ടുപോകലിനും വായ്‌നാറ്റത്തിനും കാരണം. നോമ്പുകാർ അഞ്ചുനേരം നമസ്കാരത്തിന് വേണ്ടി അംഗശുദ്ധി വരുത്തുമ്പോൾ വായ വൃത്തിയായി കഴുകുന്നതുകൊണ്ട് ആ പ്രശ്നം കുറയും. ബ്രഷ് ചെയ്യുന്ന സമയത്ത് വായയുടെ എല്ലാ ഭാഗവും ഒരുപോലെ വൃത്തിയാക്കണം. നോമ്പ് തുറന്ന ശേഷം പുകവലി പരമാവധി ഒഴിവാക്കുക. വെളുത്തുള്ളി, ഉള്ളി തുടങ്ങിയവ അടങ്ങിയ ഭക്ഷണം കുറക്കുക. ആരോഗ്യകരമായ ഭക്ഷണങ്ങൾ കഴിക്കുക. രണ്ട് മുതൽ മൂന്ന് ലിറ്റർ വരെ എല്ലാ ദിവസവും വെള്ളം കുടിക്കുക.

പല്ലിന് പുളിപ്പ്

ഇനാമലിന് തേയ്മാനം സംഭവിക്കുമ്പോഴാണ് പല്ലിന് പുളിപ്പ് അനുഭവപ്പെടുന്നത്. തേയ്മാനം സംഭവിക്കാതിരിക്കാൻ അസിഡിറ്റി കൂടിയ ലെമൺ ജ്യൂസ്‌ പോലുള്ളവ സ്ട്രോ ഉപയോഗിച്ച് തന്നെ കുടിക്കുക. അല്ലെങ്കിൽ അത് പല്ലിന് തേയ്മാനം വരാൻ കാരണമാകും. നന്നായി വെള്ളം കുടിക്കുക. ചൂടുള്ളതും തണുത്തതും ഒരേസമയം കഴിക്കുകയോ കുടിക്കുകയോ ചെയ്യരുത്.


കേടുവരുന്നതിന് കാരണം

പഞ്ചസാര അടങ്ങിയ ഭക്ഷണം കൂടുതലായി കഴിക്കുന്നതാണ് പല്ല് കേടുവരുന്നതിന് കാരണം. അത്താഴശേഷം ബ്രഷ് ചെയ്യുക. പഞ്ചസാരയുടെ അളവ് കുറക്കുക. പല്ലിൽ ഒട്ടിപ്പിടിക്കുന്ന ഭക്ഷണം പരമാവധി ഒഴിവാക്കുക. റമദാൻ സമയത്ത് പല്ലിന് എന്ത് പ്രശ്നങ്ങൾ വന്നാലും നോമ്പ് കാലം കഴിയാൻ കാത്തുനിൽക്കാതെ ഉടൻ ഡെന്റിസ്റ്റിനെ സമീപിക്കുക. പല്ലിൽ പഴുപ്പോ, രക്തമോ എന്തുണ്ടെങ്കിലും അത് വയറ്റിൽ എത്തുന്നത് നോമ്പ് മുറിയാൻ കാരണമാവുമെന്നാണ് വിശ്വാസം. അത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ ആദ്യമേ ഡെന്‍റിസ്റ്റിനെ സമീപിക്കുക.

Tags:    
News Summary - Dental care on Ramadan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.