ഇന്ന് ആഗസ്റ്റ് ഒന്ന്, ദേശീയ ദന്ത ശുചിത്വദിനം. വായയുടെയും മോണയുടെയും ആരോഗ്യം നിലനിർത്താനായി ദിവസവും ശാസ്ത്രീയായ രീതിയിൽ ദന്തസംരക്ഷണം ചെയ്യുന്നു എന്ന് നാം ഉറപ്പു വരുത്തണം. ചിലർ പറയാറുണ്ട് പണ്ട് കാലത്ത് ഈ പല്ലുകൾക്ക് ഒന്നും പ്രശ്നങ്ങൾ ഇല്ലായിരുന്നു. ആധുനിക കാലത്ത് മാനസിക സമ്മർദം പലപ്പോഴും ഒരു പ്രധാന കാരണമാകാറുണ്ട്. സമ്മർദം കാരണം പലപ്പോഴും ദന്ത ശുചീകരണത്തിൽ അലംഭാവം കാട്ടുന്നതിനൊപ്പം തന്നെ മാനസിക സമ്മർദവും ദന്താരോഗ്യവും തമ്മിൽ ബന്ധവുമുണ്ട്. അമിതമായ മാനസിക പിരിമുറുക്കം മറ്റു പല ശാരീരിക പ്രശ്നങ്ങളിലേക്കും നയിക്കുന്നതു പോലെ ദന്താരോഗ്യ പ്രശ്നങ്ങൾക്കും കാരണമാവാറുണ്ട്.
1. പല്ലിറുമ്മൽ: ഉറക്കവൈകല്യങ്ങളുള്ളവർക്കും മാനസിക സമ്മർദം ഏറെയുള്ളവരിലും ഈ ശീലം കൂടുതലാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. പല്ലിന്റെ അറ്റത്ത് കാണുന്ന തേയ്മാനം പിന്നീട് അമിതമായ പല്ല് പുളിപ്പിലേക്കും നയിക്കും 2. വായ്പ്പുണ്ണ്: മാനസിക സമ്മർദം കാരണം പലപ്പോഴുമുണ്ടാകുന്ന മറ്റൊരു പ്രശ്നമാണ് വായ്പ്പുണ്ണ്. വായിൽ നാവ്, കവിളിന്റെ ഉൾഭാഗം, മോണ തുടങ്ങിയവയിലെ ശ്ലേഷ്മസ്തരത്തെ ബാധിക്കുന്ന ഈ അവസ്ഥ വളരെ വേദനയുണ്ടാക്കുന്നതാണ്. ഒറ്റക്കോ കൂട്ടമായോ ഇത് പ്രത്യക്ഷപ്പെടാറുണ്ട്. ഇത് 10-14 ദിവസം വരെ നീണ്ടു നിൽക്കാറുണ്ട്.
3. വരണ്ടുണങ്ങിയ വായ: ഉത്കണ്ഠ കാരണം വായിലെ ഉമിനീർ കുറയുന്നത് കാരണമാണിത് സംഭവിക്കുന്നത്. ഇത് കാരണം വായിൽ എരിച്ചിലും പുകച്ചിലും ഉണ്ടാവാനും കാരണമാവുന്നു. ആർത്തവ വിരാമം കഴിഞ്ഞ സ്ത്രീകളിലും പ്രമേഹ രോഗികളിലും ഈ അവസ്ഥക്ക് തീവ്രതയേറുന്നു. ഉമിനീർ കുറയുന്നത് കാരണം ദന്തക്ഷയത്തിന്റെ തോതും കൂടാൻ കാരണമാവുന്നു. അതു പോലെ തന്നെ വായ്നാറ്റത്തിനും ഈ വായിലെ വരൾച്ച കാരണമാവുന്നു.
4. താടിയെല്ല് സന്ധിയിലെ വേദന: മാനസിക പിരിമുറുക്കം കാരണമുണ്ടാവുന്ന മറ്റൊരു പ്രശ്നമാണ് താടിയെല്ല് സന്ധിയിലെ വേദന. പല്ലിറുമ്മലും ഈ പ്രക്രിയക്ക് ആക്കം കൂട്ടുന്നു. പലപ്പോഴും ഈ താടിയെല്ല് സന്ധിയിലെ പ്രശ്നങ്ങൾ ചികിത്സിച്ചില്ലെങ്കിൽ തലവേദന, കഴുത്തു വേദന, തോൾവേദന തുടങ്ങിയ മറ്റ് പ്രശ്നങ്ങളിലേക്ക് വഴിവെക്കാറുണ്ട്.
5. മോണരോഗം: മാനസിക സമ്മർദം രോഗപ്രതിരോധശേഷി കുറക്കുന്നത് കാരണം അണുബാധക്കുള്ള സാധ്യത വളരെ കൂടുതലാണ്. മാനസിക സമ്മർദ്ദമുള്ളവരിൽ മോണരോഗം വർധിക്കുന്നു എന്ന് മിഷിഗൻ സർവകലാശാല, നോർത്ത് കരോലിന സർവകലാശാല എന്നിവിടങ്ങളിൽ നടത്തിയ പഠനങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്.
1. മാനസിക സമ്മർദം കുറക്കാനായി ഉല്ലാസദായകമായ പ്രവൃത്തികൾ ചെയ്യുക. പാട്ട് കേൾക്കുക, പുസ്തകം വായിക്കുക, സൗഹൃദ സംഭാഷണങ്ങളിലേർപ്പെടുക. ആവശ്യമെങ്കിൽ മനശാസ്ത്രവിദഗ്ധന്റെ ഉപദേശം തേടാം.
2. രോഗ പ്രതിരോധ ശേഷി കൂട്ടാനായി വ്യായാമം, സമീകൃത ആഹാരം എന്നിവ ശീലമാക്കുക.
3. ആറ് മുതൽ എട്ട് മണിക്കൂർ നേരം നന്നായി ഉറങ്ങുക.
4. രണ്ടുനേരം മൂന്ന് മിനിറ്റ് വീതം ബ്രഷ് ചെയ്ത് ദന്തശുചിത്വം നന്നായി പാലിക്കുക.
5. ധാരാളം വെള്ളം കുടിക്കുന്നത് നിർജലീകരണവും അതു കാരണമുണ്ടാകുന്ന വായ്നാറ്റവും ഒഴിവാക്കാൻ സഹായിക്കും 6. ദന്താരോഗ്യ പ്രശ്നങ്ങൾ യഥാസമയം ദന്തഡോക്ടറോട് പറയുക
7. പുകവലി ഒഴിവാക്കുക
8. പല്ലിന്റെ ഇടയിലുള്ള ഭക്ഷണാവശിഷ്ടങ്ങൾ യഥാവിധി പല്ലിട ശുചീകരണ ഉപാധികൾ ഉപയോഗിച്ച് നീക്കം ചെയ്യുക. 9. വായ്പ്പുണ്ണ് അസഹ്യമെങ്കിൽ ദന്തഡോക്ടറുടെ നിർദേശപ്രകാരം പുറമെ പുരട്ടുന്ന ലേപനങ്ങളും ആവശ്യമെങ്കിൽ വിറ്റാമിൻ ഗുളികകളും കഴിക്കാം.
10. പ്രമേഹം പോലുള്ള അസുഖങ്ങൾ ഉള്ളവർ മരുന്നുകൾ യഥാസമയം മുടങ്ങാതെ കഴിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.