നിങ്ങള്‍ കുഞ്ഞുങ്ങളെ കുലുക്കാറുണ്ടോ? തലച്ചോറിന് പ്രശ്‌നമായേക്കാം

കുഞ്ഞുങ്ങളെ എല്ലാവര്‍ക്കും തൊട്ടിലില്‍ ആട്ടി ഉറക്കാനാണിഷ്ടം. ചിലര്‍ കുഞ്ഞുങ്ങളെ സന്തോഷിപ്പിക്കാനും നേരംപോക്കിനും മുകളിലേക്ക് ഇട്ടിട്ട് കൈകളില്‍ പിടിക്കുക, കരയുമ്പോള്‍ കരച്ചില്‍ നിര്‍ത്താന്‍ കൈകളിലിട്ട് ഉലക്കുക തുടങ്ങിയ പ്രവര്‍ത്തികള്‍ ചെയ്യാറുണ്ട്. ഇത്തരം പ്രവര്‍ത്തികള്‍ നിങ്ങളുടെ കുഞ്ഞിന് മാനസിക ശാരീരിക പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം.

  • സംസാരത്തിന്റെയും വികാസത്തിന്റെയും കാലതാമസം
  • പഠന വൈകല്യങ്ങൾ
  • അന്ധത
  • സ്ഥിരമായ കേൾവിക്കുറവ്
  • സെറിബ്രൽ പാൾസി
  • അപസ്മാരം
  • പക്ഷാഘാതം തുടങ്ങിയവക്കും കാരണമാകാം.

അബ്യൂസിവ് ഹെഡ് ട്രോമ

കുട്ടികളെ ശാരീരികമായി ദുരുപയോഗം ചെയ്യുന്നതിലൂടെ തലക്കോ കഴുത്തിലോ ഉണ്ടാകുന്ന പരിക്കാണ് അബ്യൂസീവ് ഹെഡ് ട്രോമ. ആരെങ്കിലും ഒരു കുഞ്ഞിനെ കുലുക്കുമ്പോഴോ കുഞ്ഞിനെ കഠിനമായി തല്ലുമ്പോഴോ ഇത് സംഭവിക്കുന്നു. ഒരു കുഞ്ഞ് കരയുന്നത് നിര്‍ത്താത്തതിനാലോ പ്രതീക്ഷിക്കുന്ന എന്തെങ്കിലും ചെയ്യാന്‍ കഴിയാത്തതിനാലോ മാതാപിതാക്കളോ പരിചരിക്കുന്നവരോ ദേഷ്യപ്പെടുകയോ അസ്വസ്ഥരാകുകയോ ചെയ്യുമ്പോഴാണ് മിക്ക കേസുകളും സംഭവിക്കുന്നത്. ഈ പരിക്കുകള്‍ സ്ഥിരമായ മസ്തിഷ്‌ക ക്ഷതത്തിനും മരണത്തിനും വരെ കാരണമാകാം. ഒരു കാരണവശാലും കുഞ്ഞിനെ കുലുക്കരുത്.

രണ്ട് വയസ്സിന് താഴെയുള്ള ശിശുക്കള്‍ക്കും പിഞ്ചുകുട്ടികള്‍ക്കും തലക്ക് സംഭവിക്കുന്ന കഠിനമായ ആഘാതത്തെ ഷേക്കന്‍ ബേബി സിന്‍ഡ്രോം എന്നു പറയുന്നു. അപൂര്‍വ്വമായി അഞ്ച് വയസ്സുവരെയുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഇത് സംഭവിക്കാം.

അബ്യൂസിവ് ഹെഡ് ട്രോമ സംഭവിക്കുന്നത് എങ്ങനെ?

കുഞ്ഞിനെ പതുക്കെ മുട്ടുകുത്തിക്കുന്നതോ കുണ്ടുംകുഴിയുള്ള റോഡില്‍ വാഹനത്തില്‍ സഞ്ചരിക്കുന്നതോ ഒന്നും തലക്ക് ആഘാതമായി തോന്നുന്ന പ്രശ്നങ്ങള്‍ക്ക് കാരണമാകില്ല.

ഏതുതരം പ്രവര്‍ത്തികളാണ് പ്രശ്‌നമാകുക:

ഒരു കുട്ടിയെ ശക്തിയായി കുലുക്കുന്നത്, മനപ്പൂര്‍വ്വം ബലപ്രയോഗത്തില്‍ എറിയുകയോ വീഴ്ത്തുകയോ ചെയ്യുന്നത്,

തറയോ ഫര്‍ണിച്ചറോ പോലുള്ള ഒരു വസ്തുവിൽ കുട്ടിയുടെ തലയോ കഴുത്തോ ഇടിക്കുക, അല്ലെങ്കില്‍ കുട്ടിയുടെ തലയിലോ കഴുത്തിലോ ഒരു വസ്തു കൊണ്ട് അടിക്കുക എന്നിവയൊക്കെയാണ് പ്രശ്‌നമാകുക.

ശിശുക്കള്‍ക്ക് കഴുത്തിന്റെ ശക്തി കുറവാണ്, ശരീരത്തിന്റെ വലുപ്പവുമായി താരതമ്യപ്പെടുത്തുമ്പോള്‍ അവരുടെ തല വലുതാണ്. ഇത് അവരെ കുലുക്കുമ്പോള്‍ തല വളരെയധികം ചലിക്കാന്‍ ഇടയാക്കുന്നു.

തല ചുറ്റിക്കറങ്ങുമ്പോള്‍ കുഞ്ഞിന്റെയോ കുട്ടിയുടെയോ മസ്തിഷ്‌കം തലയോട്ടിക്കുള്ളില്‍ അങ്ങോട്ടും ഇങ്ങോട്ടും നീങ്ങുന്നു. ഇത് തലച്ചോറിന്റെ ഉള്ളിലോ ചുറ്റുമുള്ളതോ ആയ രക്തക്കുഴലുകളും ഞരമ്പുകളും പൊട്ടുന്നതിനും രക്തസ്രാവത്തിനും നാഡികള്‍ക്ക് തകരാറുണ്ടാക്കുന്നതിനും ഇടയാക്കും.

മസ്തിഷ്‌കം തലയോട്ടിയുടെ ഉള്ളില്‍ അടിച്ചേക്കാം, ഇത് മസ്തിഷ്‌ക ചതവുകളും തലച്ചോറിന്റെ പുറത്ത് രക്തസ്രാവവും ഉണ്ടാക്കുന്നു.

മസ്തിഷ്‌ക വീക്കം തലയോട്ടിയില്‍ സമ്മര്‍ദ്ദം ഉണ്ടാക്കുന്നു. ഈ മര്‍ദ്ദം ഓക്‌സിജനും പോഷകങ്ങളും വഹിക്കുന്ന രക്തത്തെ കഠിനമാക്കുകയും തലച്ചോറിലെത്തുന്നത് അതിനെ കൂടുതല്‍ ദോഷകരമാക്കുകയും ചെയ്യുന്നു.

അബ്യൂസിവ് ഹെഡ് ട്രോമയുടെ ലക്ഷണള്‍:

  1. ഉറക്കത്തില്‍ അപസ്മാരമോ ഞെട്ടലോ ഉണ്ടാകാം.
  2. കഠിനമല്ലാത്ത കേസുകളില്‍ കുട്ടിക്ക് സാധാരണയിലും വ്യത്യസ്തമായ ഭാവങ്ങള്‍ ഉണ്ടാകാം.
  3. കുഞ്ഞിനെ ആശ്വസിപ്പിക്കാന്‍ പ്രയാസമുണ്ടാവുന്ന അവസ്ഥ, മുലകുടിക്കുന്നതിനോ വിഴുങ്ങുന്നതിനോ പ്രശ്‌നമുണ്ടാവുക, മുലപ്പാല്‍ നിഷേധിക്കുക, പതിവിലും കുറവ് കഴിക്കുക, പുഞ്ചിരിക്കാതിരിക്കുക, ശ്വസിക്കാന്‍ ബുദ്ധിമുട്ട്, ചര്‍മ്മത്തില്‍ നീലനിറമുണ്ടാവുക എന്നീ ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക.
  4. ഒരേ വലിപ്പമില്ലാത്ത കൃഷ്ണമണികള്‍ ഉണ്ടായിരിക്കും. തല ഉയര്‍ത്താന്‍ കഴിയില്ല. കണ്ണുകള്‍ ഫോക്കസ് ചെയ്യുന്നതിനോ ചലനം ട്രാക്ക് ചെയ്യുന്നതിനോ ബുദ്ധിമുട്ടുണ്ടാവും.

അബ്യൂസിവ് ഹെഡ് ട്രോമ രോഗനിര്‍ണയം:

കുട്ടി കുലുങ്ങുകയോ കുട്ടിയെ അടിക്കുകയോ ചെയ്തതായി മാതാപിതാക്കളോ പരിചരിക്കുന്നവരോ പലപ്പോഴും പറയില്ല. അതിനാല്‍ തലക്ക് പരിക്കേറ്റിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ ഡോക്ടര്‍മാര്‍ ശ്രദ്ധിക്കില്ല. ഉറങ്ങാതിരിക്കുക, കരച്ചില്‍, മുലപ്പാല്‍ കുടിക്കാതിരിക്കുക, അനാവശ്യ നിര്‍ബന്ധങ്ങള്‍ തുടങ്ങിയ പല ലക്ഷണങ്ങളും കുട്ടിക്കാലത്തെ പതിവ് സ്വഭാവങ്ങളില്‍ സാധാരണമാണ്. അതിനാല്‍, കുഞ്ഞിന് അപകടമുണ്ടെന്ന് കണ്ടെത്താന്‍ ഡോക്ടര്‍മാര്‍ക്ക് ബുദ്ധിമുട്ടാണ്.

തലക്ക് പ്രശ്‌നകരമായ ആഘാതം ഉണ്ടെന്ന് സംശയിക്കുന്നുവെങ്കില്‍ ഡോക്ടര്‍മാര്‍ കണ്ണിനുള്ളില്‍ രക്തസ്രാവമുണ്ടോ എന്നറിയാന്‍ നേത്രപരിശോധന നടത്തും. കൈകള്‍, കാലുകള്‍, തലയോട്ടി, വാരിയെല്ലുകള്‍ എന്നിവയുടെ എക്‌സ്-റേ/ സി.ടി/എം.ആർ.ഐ സ്കാൻ എന്നിവ ചെയ്യാന്‍ പറയും. തലയിലെ തകര്‍ന്ന അസ്ഥികള്‍ (തലയോട്ടിയുടെ ഒടിവുകള്‍), മസ്തിഷ്‌ക വീക്കം, മസ്തിഷ്‌ക രക്തസ്രാവം എന്നിവ അറിയാന്‍ പരിശോധനകള്‍ സഹായകമാകും.

തൊട്ടിലില്‍ കുഞ്ഞിനെ ആട്ടിയുറക്കുമ്പോള്‍:

തൊട്ടിലില്‍ കുഞ്ഞിനെ ആട്ടുമ്പോള്‍ ഭിത്തിയിലും കുഞ്ഞിനെ ആട്ടിയുറക്കുന്നവരുടെ ശരീരഭാഗങ്ങളിലും മറ്റും തട്ടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ശക്തിയായി തൊട്ടിലിലുള്ള ആട്ടലും പാടില്ലാത്തതാകുന്നു. കുഞ്ഞ് അമ്മയുടെ പരിലാളനമേറ്റ് ഒപ്പം ഉറങ്ങുന്നതാണ് അഭികാമ്യം.

നിങ്ങളുടെ കുഞ്ഞിനെ പരിപാലിക്കുന്ന ആളുകളോട് ഒരിക്കലും കുഞ്ഞിനെ കുലുക്കരുതെന്ന് പറയുക.

ഒരു കുഞ്ഞിനെ ശാന്തമാക്കാനുള്ള സുരക്ഷിതമായ വഴികൾ സ്വീകരിക്കുക. തലക്കുണ്ടാകുന്ന ആഘാതം പലപ്പോഴും തലച്ചോറിന് ആജീവനാന്ത ദോഷം വരുത്തുകയും ചിലപ്പോള്‍ മരണത്തിന് കാരണമാവുകയും ചെയ്യുന്നതിനാല്‍ കുഞ്ഞുങ്ങളെ കൈകാര്യം ചെയ്യുന്നതിൽ അതീവ ജാഗ്രത പുലർത്തേണ്ടതുണ്ട്.

Tags:    
News Summary - Do you shake babies? It can be a problem for the brain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.