ലക്ഷത്തിൽ നൂറുപേർക്ക് രോഗസാധ്യത; യുവാക്കളിലും മസ്തിഷ്കാഘാതം കൂടുന്നു

ഏതാനും വർഷങ്ങൾക്ക് മുൻപ് വരെ അറുപത് വയസ് കഴിഞ്ഞവരിൽ മാത്രം കണ്ടുവന്നിരുന്ന മസ്തിഷ്കാഘാതം ഇപ്പോൾ നാല്പതും അമ്പതും വയസുള്ളവരെയും ബാധിക്കുന്നതിന്റെ ഞെട്ടലിലാണ് കേരളത്തിലെ പല ന്യുറോളജി ഡോക്ടർമാരും. മാറിയ ജീവിത സാഹചര്യങ്ങളും വ്യായാമമില്ലാത്ത ദിനചര്യകളും അനാരോഗ്യകരമായ ഭക്ഷണസംസ്കാരവുമെല്ലാം സ്ട്രോക്ക് എന്ന അപ്രതീക്ഷിത വില്ലനെയും ജീവിതത്തിലേക്ക് ക്ഷണിച്ചുവരുത്തുന്നു.

തലച്ചോറിലേക്കുള്ള രക്തയോട്ടം ഭാഗികമായോ പൂർണമായോ തടസ്സപ്പെടുമ്പോഴും അല്ലെങ്കിൽ തലച്ചോറിനുള്ളിൽ രക്തക്കുഴലുകൾ പൊട്ടി ചോർച്ചയുണ്ടാവുമ്പോഴുമാണ് സ്ട്രോക്ക് ഉണ്ടാകുന്നത്. എന്നും ചെയ്യാറുള്ള ഏറ്റവും സാധാരണ കാര്യങ്ങളിൽ മുഴുകുമ്പോഴായിരിക്കും അപ്രതീക്ഷിതമായി ലക്ഷണങ്ങൾ കാണുന്നത്. ചെറിയ തലവേദന മുതൽ ശരീരത്തിന്റെ കുഴച്ചിൽ വരെ ലക്ഷണങ്ങൾ ഏതുമാവാം. സ്ട്രോക്ക് ഉണ്ടായിക്കഴിഞ്ഞാൽ ഓരോ മിനിറ്റിലും തലച്ചോറിലെ ലക്ഷക്കണക്കിന് കോശങ്ങൾ നശിച്ചുകൊണ്ടിരിക്കും. വർഷങ്ങളോളം നീണ്ടുനിൽക്കുന്ന വൈകല്യങ്ങളോ ചിലപ്പോൾ മരണമോ വരെ ആയിരിക്കും അനന്തരഫലം. ഈ രോഗത്തിന്റെ ലക്ഷണങ്ങൾ തിരിച്ചറിയാനോ എത്രയും വേഗം ആശുപത്രിയിൽ എത്തിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും യുവാക്കൾക്ക് പോലും കാര്യമായ ധാരണയില്ല എന്ന വസ്തുത, കാര്യങ്ങൾ കൈവിട്ടുപോകാൻ ഇടയാക്കുന്നു. ഇവിടെയാണ് ഇക്കൊല്ലത്തെ ലോക മസ്തിഷ്കാഘാതദിനത്തിന്റെ പ്രാധാന്യം.

വ്യത്യസ്ത തരം സ്ട്രോക്കുകൾ, കാരണങ്ങൾ

പ്രധാനമായും മൂന്ന് തരത്തിലുള്ള പക്ഷാഘാതങ്ങളാണ് കണ്ടുവരുന്നത്. ഇസ്കെമിക് സ്ട്രോക്ക്, ഹെമറാജിക് സ്ട്രോക്ക്, ട്രാൻസിയന്റ് ഇസ്മെക് അറ്റാക്ക് എന്നിവയാണിവ. ഇവ ഓരോന്നിനും വ്യത്യസ്ത കാരണങ്ങളാണ് ഉള്ളത്.

ഇസ്കെമിക് സ്ട്രോക്ക്:

മസ്തിഷ്കത്തിന്റെ ചില ഭാഗങ്ങളിലേക്കുള്ള ഓക്സിജൻ അടങ്ങിയ രക്തത്തിന്റെ വിതരണം തടസ്സപ്പെടുമ്പോഴോ ഗുരുതരമായി പരിമിതപ്പെടുത്തുമ്പോഴോ ആണ് ഇസ്കെമിക് സ്ട്രോക്ക് ഉണ്ടാകുന്നത്. മിക്ക സ്ട്രോക്കുകളും ഇസ്കെമിക് സ്ട്രോക്കുകളാണ്. രക്തവും ഓക്‌സിജനും ലഭിക്കാത്തതിന്റെ ഫലമായി, തലച്ചോറിന്റെ ആ ഭാഗത്തെ കോശങ്ങൾ നശിക്കുകയും അത് നിയന്ത്രിക്കുന്ന ശരീരത്തിന്റെ പ്രവർത്തനം നിലക്കുകയും ചെയ്യുന്നു. കൊഴുപ്പ്, കൊളസ്ട്രോൾ ഉൾപ്പെടെയുള്ളവ രക്തക്കുഴലിൽ അടിഞ്ഞുകൂടി രക്തക്കുഴലുകളിൽ ആവരണമുണ്ടാകുന്നു. ഇത് മൂലം രക്തയോട്ടം തടസ്സപ്പെടുന്നതാണ് ഇസ്കെമിക് സ്ട്രോക്ക് കാരണമാകുന്നത്. ഇതിന് പുറമേ തലച്ചോറിൽ ഉൾപ്പെടെ രക്തക്കട്ടകൾ ഉണ്ടാകുന്നതും സ്ട്രോക്കിന് കാരണമാകും

ഹെമറാജിക് സ്ട്രോക്ക്:

തലച്ചോറിലെ ദുർബലമായ രക്തക്കുഴൽ പൊട്ടുന്നത് മൂലം തലച്ചോറിലേക്ക് രക്തം ഒഴുകുകയും ചുറ്റുമുള്ള മസ്തിഷ്ക കോശങ്ങളിൽ രക്തം നിറയുന്നതാണ് സ്ട്രോക്കിന് കാരണം. ഉയർന്ന രക്തസമ്മർദ്ദം, തലയ്ക്ക് പരിക്കേൽക്കുക, രക്തം കട്ടി കുറയ്ക്കുന്ന മരുന്നുകൾ ഉപയോഗിച്ചുള്ള അമിത ചികിത്സ, രക്തസ്രാവം തുടങ്ങിയവയെല്ലാം ഹെമറാജിക് സ്ട്രോക്കിന് കാരണമാകുന്നു.

ട്രാൻസിയന്റ് ഇസ്കെമിക് അറ്റാക്ക് (ടി.ഐ.എ)

മിനി-സ്ട്രോക്ക് അല്ലെങ്കിൽ മുന്നറിയിപ്പ് സ്ട്രോക്ക് എന്നാണ് ടി.ഐ.എ അറിയപ്പെടുന്നത്. പെട്ടെന്നുണ്ടാകുന്ന ഏതാനും മിനുറ്റ് മാത്രം നീണ്ടു നിൽക്കുന്ന സ്ട്രോക്കാണിത്. രക്തം കട്ടപിടിക്കുന്നതാണ് പ്രധാന കാരണം. മറ്റ് സ്ട്രോക്കുകൾ പോലെ അത്ര അപകടകാരി അല്ലെങ്കിലും ഭാവിയിൽ ഗുരുതരമായ സ്ട്രോക്ക് ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.

സ്ട്രോക്ക് ലക്ഷണങ്ങൾ

കണ്ണുകൾ മങ്ങുകയോ കാഴ്ച നഷ്ടപ്പെടുകയോ ചെയ്യുന്നതാണ് പക്ഷാഘാതത്തിന്റെ ലക്ഷണങ്ങളിൽ പ്രധാനപ്പെട്ടത് . പക്ഷാഘാതത്തിന് മുന്നോടിയായികൈ കാലുകൾക്കോ മുഖത്തിലോ മരവിപ്പ് ഉണ്ടാകുകയോ കടുത്ത ബലഹീനത അനുഭവപ്പെടുകയോ ചെയ്തേക്കാം. സംസാരിക്കാനുള്ള ബുദ്ധിമുട്ട്, സംസാരശേഷി പൂർണ്ണമായും നഷ്ടപ്പെടുക അല്ലെങ്കിൽ മറ്റുള്ളവർ എന്താണ് സംസാരിക്കുന്നതെന്ന് മനസ്സിലാക്കാനുള്ള കഴിവ് ഇല്ലാതാക്കുക, അസ്ഥിരമായ നടത്തം, ബാലൻസ് നഷ്ടപ്പെടുക, ഒരു കാരണവുമില്ലാതെ പെട്ടെന്നുണ്ടാകുന്ന കഠിനമായ തലവേദന എന്നിവയെല്ലാം സ്ട്രോക്കിന്റെ ലക്ഷണങ്ങൾ ആകാം.

ചെറുപ്പക്കാരിലെ സ്‌ട്രോക്ക്

ജീവിതശൈലിയിൽ ഉണ്ടായ മാറ്റങ്ങൾ ചെറുപ്പക്കാരിൽ സ്ട്രോക്ക് വരാനുള്ള സാധ്യത വലിയതോതിൽ വർദ്ധിപ്പിച്ചിട്ടുണ്ട്. അമിത വണ്ണം, രക്തസമ്മര്‍ദം, മാനസിക സമ്മര്‍ദം, ഉദാസീന ജീവിതം എന്നിവയെല്ലാം പക്ഷാഘാതത്തിലേക്ക് നയിക്കുന്നുണ്ട്. ഗര്‍ഭനിരോധന ഗുളികകള്‍ സ്ഥിരമായി ഉപയോഗിക്കുന്ന സ്ത്രീകളിലും സ്‌ട്രോക്കിനുള്ള സാധ്യത കൂടുതലാണ്. ഇത് കൂടാതെ കുടുംബപരമായി സ്‌ട്രോക്ക് വരുന്നവരിലും രക്തം കട്ട പിടിക്കുന്നതില്‍ അപാകത ഉണ്ടാകുന്ന രോഗങ്ങള്‍ ഉള്ളവരിലും ചെറുപ്പകാലത്ത് തന്നെ സ്‌ട്രോക്ക് ഉണ്ടായേക്കാം.

പുകവലിയും മദ്യപാനവും ലഹരി ഉപയോഗവും വില്ലൻ

യുവാക്കളിൽ പക്ഷാഘാതം ഉണ്ടാകാനുള്ള പ്രധാന കാരണം പുകവലിയാണ്. മദ്യപാനവും പുകവലിയും മസ്തിഷ്കാഘാത സാധ്യത വളരെയധികം വർധിപ്പിക്കുന്നു. ഇവ മൂലം ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന്റെ അളവ് കൂടുകയും, രക്തക്കുഴലുകളിൽ അടിഞ്ഞുകൂടി രക്തപ്രവാഹത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. ലഹരിവസ്തുക്കളുടെ ഉപയോഗവും സ്ട്രോക്കിലേക്ക് എത്തിക്കാം. 50 വയസ്സിനു താഴെയുള്ളവരിലെ മസ്തിഷ്കാഘാതത്തിന് ഹൃദയത്തിന്റെ പമ്പിങ്ങിലെ കുറവ്, ഹൃദയമിടിപ്പിലെ വ്യത്യാസം, ഹൃദയവാൽവിലെ ചുരുക്കം, കാർഡിയോമയോപ്പതി എന്നിവയും പ്രധാന കാരണങ്ങളാണ്. ഇതിനുപുറമേ അന്തരീക്ഷ മലിനീകരണവും സ്ട്രോക്കിന് കാരണമാകുമെന്ന് പഠനങ്ങൾ തെളിയിക്കുന്നുണ്ട്.

രോഗസാധ്യതയിലേക്ക് നയിക്കുന്ന മറ്റ് ഘടകങ്ങൾ

സ്ട്രോക്ക് ഒരു പരിധിവരെ ജീവിതശൈലി രോഗമാണ്. ജീവിതത്തിൽ അനുവർത്തിച്ചു വരുന്നതോ, സംഭവിച്ചിട്ടുള്ളതോ ആയ ചില രീതികൾ സ്ട്രോക്ക് സാധ്യത വർദ്ധിപ്പിക്കുന്നുണ്ട്.

1. അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ

ഉയർന്ന അളവിൽ ഉപ്പ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതും, വളരെ കൂടിയ അളവിൽ അന്നജം, കൊളസ്ട്രോൾ എന്നിവയടങ്ങിയ ആഹാരരീതിയും രോഗത്തെ ക്ഷണിച്ചുവരുത്തുന്നു.

2. വ്യായാമക്കുറവ്

യാതൊരു തരത്തിലുള്ള ശാരീരിക വ്യായാമമില്ലായ്മയും, സ്ട്രോക്കിലേക്ക് നയിച്ചേക്കാം. പ്രായപൂർത്തിയായ ഒരാൾ ആഴ്ചയിൽ ചുരുങ്ങിയത് രണ്ടര മണിക്കൂറെങ്കിലും വ്യായാമത്തിൽ ഏർപ്പെടുന്നത് നല്ലതാണ്.

3. പാരമ്പര്യം

ചെറിയൊരു ശതമാനം ആളുകളിൽ ചില പാരമ്പര്യഘടകങ്ങളിലുണ്ടാവുന്ന വ്യതിയാനങ്ങൾ സ്ട്രോക്കിന്റെ സാധ്യത വർധിപ്പിച്ചേക്കാം.

4. ഉയർന്ന രക്തസമ്മർദ്ദമാണ് സ്ട്രോക്ക് വരുന്നതിനുള്ള ഏറ്റവും പ്രധാന കാരണങ്ങളിലൊന്ന്. അതോടൊപ്പം തന്നെ അനിയന്ത്രിതമായ പ്രമേഹം, ഹൃദയമിടിപ്പുകളിലുണ്ടാവുന്ന വ്യതിയാനങ്ങൾ (atrial fibrillation) തുടങ്ങിയവയും സ്ട്രോക്ക് വരുന്നതിനുള്ള പ്രധാന കാരണങ്ങളാണ്. ഒരിക്കൽ ടി.ഐ.എ വന്നിട്ടുള്ളവരിൽ വീണ്ടും സ്ട്രോക്ക് വരുന്നതിനുള്ള സാധ്യത വളരെയധികം ആണ്.

രോഗനിർണയം

രോഗ നിർണയത്തിനായി രോഗിയുടെ ലക്ഷണങ്ങളെക്കുറിച്ച് വിശദമായി ചോദിച്ചറിയേണ്ടതാണ്. രക്തസമ്മർദം, ഹൃദയതാളം, എന്നിവയുടെ പ്രാഥമിക പരിശോധനകൾക്കു ശേഷം രോഗിയുടെ ശാരീരിക പരിശോധനയിലൂടെ രോഗിയുടെ ശരീര സന്തുലനാവസ്ഥ, പേശികളുടെ ബലം, ചലനശേഷി, കാഴ്ചശക്തി തുടങ്ങിയ നാഡീ സംബന്ധമായ വിവരങ്ങൾ ശേഖരിക്കുന്നു. അതിനുശേഷം രോഗിക്ക് പക്ഷാഘാതം സംഭവിച്ചിട്ടുണ്ടോ എന്നറിയാനും എന്താണ് കാരണം, തലച്ചോറിന്റെ ഏത് ഭാഗത്താണ് ബാധിച്ചിരിക്കുന്നത് എന്നിവയെക്കുറിച്ച് കൃത്യമായി തിരിച്ചറിയുന്നതിനുമായി രക്തപരിശോധന, എം.ആർ.ഐ, സി.ടി. സ്കാൻ, സെറിബ്രൽ ആൻജിയോഗ്രാം, കരോട്ടിഡ് ഡോപ്ലർ ഇലക്ട്രോകാർഡിയോഗ്രാം, എക്കോ കാർഡിയോഗ്രാം എന്നീ രോഗനിർണയ രീതികൾ സ്വീകരിക്കാവുന്നതാണ്.

ചികിത്സക്കായി സ്ട്രോക്ക് റെഡി ആശുപത്രികൾ തിരഞ്ഞെടുക്കാം

സ്ട്രോക്ക് ബാധിച്ചവർക്ക് ഏറ്റവും വേഗം വൈദ്യ സഹായം നൽകുക എന്നതാണ് പ്രധാനം. ഫലപ്രദമായ ചികിത്സകൾ കൊണ്ട് പക്ഷാഘാതം മൂലമുണ്ടാകുന്ന ശാരീരിക വൈകല്യങ്ങളെ ലഘൂകരിക്കാനും, ഒരു പരിധിവരെ രോഗിയെ പൂർവാവസ്ഥയിലേക്ക് തിരികെ കൊണ്ടുവരുന്നതിനും സാധിക്കുന്നതാണ്. ഇതിനായി അടിയന്തിര സ്ട്രോക്ക് ചികിത്സക്ക് വേണ്ട എല്ലാവിധ സജ്ജീകരണങ്ങളുമുള്ള സ്ട്രോക്ക് റെഡി ആശുപത്രികൾ തിരഞ്ഞെടുക്കുന്നതാണ് ഏറ്റവും നല്ലത്.

രക്തക്കുഴലുകളിൽ ഉള്ള രക്തക്കട്ടയെ മരുന്ന് ഉപയോഗിച്ച് അലിയിപ്പിക്കുകയും രക്തപ്രവാഹം സാധാരണ നിലയിലാക്കുകയും ചെയ്യുന്നതാണ് പ്രധാന ചികിത്സകളിൽ ഒന്ന്. സ്ട്രോക്ക് സംഭവിച്ച് 4.5 മണിക്കൂറിനുള്ളിലാണ് ത്രോമ്പോലിസിസ് എന്ന ഈ ചികിത്സ ചെയ്യേണ്ടത്. രക്തക്കുഴലുകളിലേക്ക് കത്തീറ്റർ കടത്തിവിട്ട് രക്തക്കട്ട നീക്കം ചെയ്യുന്ന മെക്കാനിക്കൽ ത്രോംബെക്ടമിയാണ് മറ്റൊന്ന്. സ്ട്രോക്ക് സംഭവിച്ച ആറു മണിക്കൂറിനുള്ളിൽ തന്നെ ചെയ്യേണ്ട ഒരു ചികിത്സാരീതിയാണിത്. അപൂർവ്വമായി 24 മണിക്കൂറുകൾക്കുള്ളിൽ ചില പ്രത്യേക സാഹചര്യങ്ങളിൽ ത്രോംബെക്ടമി വിജയകരമായി ചെയ്യാൻ സാധിക്കും.

പിന്നീടും രക്തം കട്ട പിടിക്കുന്നത് തടയുന്നതിന് ആസ്പിരിൻ ഉൾപ്പെടെയുള്ള മരുന്നുകൾ നൽകുന്നുണ്ട്. ഹൃദയസംബന്ധമായ രോഗങ്ങൾ മുഖേന സ്ട്രോക്ക് വരുന്നവരിൽ ഹെപ്പാരിൻ / ആന്റികൊയാഗുലന്റ് മരുന്നുകളാണ് നൽകുന്നത്. രക്താതിസമ്മർദ്ദം ( ഹൈപ്പർ ടെൻഷൻ ) ഉള്ളവർക്ക് അത് കുറയ്ക്കുന്നതിനുള്ള വിവിധ മരുന്നുകൾ നൽകേണ്ടതാണ്.

സ്ട്രോക്ക് രോഗികളെ പ്രത്യേക ഐ.സി.യുകളിൽ നിരീക്ഷിക്കുകയും രക്തസമ്മർദ്ദം, പ്രമേഹം തുടങ്ങിയവ നിയന്ത്രിക്കുകയും വേണം. അതോടൊപ്പം കൊളസ്ട്രോൾ കുറയ്ക്കുന്നതിനുള്ള സ്റ്റാറ്റിൻ മരുന്നുകൾ, ഇൻസുലിൻ തുടങ്ങിയവയും വേണ്ടിവന്നേക്കാം. സ്ട്രോക്ക് വന്ന് ചില രോഗികൾ തലച്ചോറിലെ സമ്മർദ്ദം (Intracranial pressure ) കൂടുന്നത് അബോധാവസ്ഥയിലേക്ക് നയിച്ചേക്കും. അത്തരം രോഗികൾക്ക് സമ്മർദം കുറയ്ക്കുന്ന മരുന്നുകളോടൊപ്പം, ന്യൂറോസര്ജറിയും വേണ്ടിവന്നേക്കാം.

സി.ടി. സ്കാൻ വഴി രക്തം കട്ടപിടിക്കുന്ന സ്ട്രോക്കും രക്തസ്രാവവും മിനിട്ടുകൾക്കുള്ളിൽ തിരിച്ചറിയാൻ കഴിയും. സി.ടി. പെർഫൂഷൻ, സി.ടി. ആൻജിയോഗ്രാം എന്നിവ സ്ട്രോക്ക് രോഗ നിർണയത്തെ കൂടുതൽ ഫലവത്താക്കുന്നതാണ്. ഈ സൗകര്യങ്ങൾ ഉള്ള ആശുപത്രികളെ സമീപിക്കുന്നതാണ് ഏറ്റവും നല്ലത്.

തുടർ ചികിത്സകൾ

സ്ട്രോക്ക് ബാധിച്ച 40-60 ശതമാനത്തോളം രോഗികൾക്കും സ്ഥിരമായ ശാരീരിക വൈകല്യങ്ങൾ കാണപ്പെടാറുണ്ട്. അവർക്കെല്ലാം തന്നെ തുടർചികിത്സകൾ ആവശ്യമായി വരുന്നു. ന്യൂറോളജിസ്റ്, ഫിസിയാട്രിസ്റ്റ്, ഫിസിയോതെറാപ്പിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ്, ഒക്കുപ്പേഷണൽ തെറാപ്പിസ്റ്റ്, സൈക്കോളജിസ്റ്റ് തുടങ്ങിയവരുടെ ഏകോപിച്ചുള്ള സമീപനം ആവശ്യമാണ്. പുനരുജ്ജീവനം ആശുപത്രിയിൽ തുടങ്ങി വീട്ടിൽ തുടരേണ്ട ഒരു പ്രക്രിയയാണ്.

ജീവിത ശൈലി മാറ്റം, സ്ട്രോക്കിനെ പ്രതിരോധിക്കാം

ജീവിത ശൈലിക്ക് വലിയ പ്രാധാന്യമുള്ള രോഗമായതിനാൽ ജീവിത രീതിയിൽ മാറ്റം കൊണ്ടുവരുന്നതിലൂടെ സ്ട്രോക്കിനെ ഒരു പരിധി വരെ പ്രതിരോധിക്കാനാകും. ആരോഗ്യകരമായ ഭക്ഷണക്രമം ശീലിക്കാം എന്നതാണ് പ്രധാനം. ഇതിനൊപ്പം ചിട്ടയായ വ്യായാമവും അത്യന്താപേക്ഷിതമാണ്. പുകവലി, അമിത മദ്യപാനം, ലഹരി ഉപയോഗം തുടങ്ങിയ ദുശീലങ്ങൾ പൂർണമായും അകറ്റി നിർത്തണം. അതിരോസ്ക്ലിറോസിസ്, രക്തസമ്മർദം, കൊളസ്ട്രോൾ എന്നിവയെല്ലാം നിയന്ത്രണത്തിൽ നിർത്തുന്നതും സ്ട്രോക്കിനെ തടഞ്ഞു നിർത്തുന്നതിനുള്ള ഫലപ്രദമായ മാർഗങ്ങളാണ്.

രോഗസാധ്യത വർധിപ്പിക്കുന്ന 'റിസ്ക് ഫാക്ടറുകളെ' വേണ്ടവിധത്തിൽ ചികിത്സിക്കേണ്ടതുണ്ട്.

രക്തസമ്മർദം കുറയ്ക്കുന്നതിനുള്ള മരുന്നുകളും, രക്തം കട്ടപിടിക്കുന്നതിന് കഴിക്കുന്ന മരുന്നുകളും, കൊളസ്ട്രോൾ കുറയ്ക്കുന്നതിനുള്ള മരുന്നുകളും യാതൊരു കാരണവശാലും മുടക്കം വരുത്തരുത്. ആവശ്യമെങ്കിൽ വൈദ്യസഹായം തേടുകയും നിർദേശിക്കപ്പെട്ടതനുസരിച്ച് ജീവിതചര്യയിൽ മാറ്റങ്ങൾ വരുത്തേണ്ടതും, ആരോഗ്യകരമായ ഭക്ഷണശീലം പാലിക്കേണ്ടതുമാണ്.

തയ്യാറാക്കിയത്: ഡോ. വി.വി അഷ്റഫ് (ഡയറക്ടർ & സീനിയർ കൺസൾട്ടന്റ് - സെന്റർ ഓഫ് എക്സലൻസി ഇൻ ന്യൂറോളജി, ആസ്റ്റർ മിംസ് കോഴിക്കോട്)

Tags:    
News Summary - Emerging Trends: Stroke Risk on the Rise Among Young Adults

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.