'വൃക്കയുടെ ആരോഗ്യം എല്ലാവർക്കും എല്ലായിടത്തും, -വൃക്കരോഗ ബാധിതർക്ക് ആരോഗ്യത്തോടെയുള്ള ജീവിതം' എന്നതാണ് ഇൗ വർഷത്തെ ലോക വൃക്കദിനത്തിെൻറ സന്ദേശം. രോഗനിർണയശേഷമുള്ള ജീവിതം നിലവിലെ സാഹചര്യത്തിൽ രോഗിക്കും ബന്ധപ്പെട്ടവർക്കും വലിയ വെല്ലുവിളിയാണ്. രോഗം കൂടുതൽ സങ്കീർണമാണെങ്കിൽ വെല്ലുവിളികളുടെ തീവ്രതയും വർധിക്കും. ദൈനംദിന ജീവിതം, യാത്ര, സാമൂഹികമായ ഇടപെടലുകൾ എന്നിവയെല്ലാം താളംതെറ്റും. രോഗത്തിെൻറ പാർശ്വഫലങ്ങൾ മൂലമുള്ള ദുരിതങ്ങളായ വേദന, നിരാശ, ശാരീരികബുദ്ധിമുട്ടുകൾ എന്നിവ വേറെയും.
വൃക്കരോഗം സ്ഥിരീകരിച്ചവരെ മരുന്നുകളിലൂടെ സംരക്ഷിക്കുകയോ, വൃക്ക പൂർണമായും പ്രവർത്തനരഹിതമായവർക്ക് ഡയാലിസിസ്, വൃക്കമാറ്റിവെക്കൽ പോലുള്ള മാർഗങ്ങൾ സ്വീകരിേച്ചാ രോഗിയുടെ ജീവിതദൈർഘ്യം നീട്ടിയെടുക്കുന്ന ചികിത്സയാണ് നിലവിൽ സ്വീകരിച്ചുപോരുന്നത്.
വൃക്കരോഗിയായിക്കഴിഞ്ഞാൽ അതുവരെയുണ്ടായിരുന്ന സാധാരണജീവിതം ദുരിതപൂർണമായിത്തീരുന്നു. ജോലിസമയം ക്രമീകരിക്കേണ്ടിവരുന്നു. വിവാഹംപോലുള്ള സാമൂഹികാഘോഷങ്ങളിൽ പെങ്കടുക്കാനാവാതെ വരുകയും ഡയാലിസിസ് പോലുള്ള ചികിത്സാരീതികൾ മുടക്കംവരാതെ കൊണ്ടുപോകേണ്ടിയും വരുന്നു. ഇത്തരം സാഹചര്യം രോഗിക്ക് സൃഷ്ടിക്കുന്ന മാനസികസമ്മർദം വലിയ വെല്ലുവിളിയാണ്. അതുവരെ സജീവമായിരുന്ന ഒരു വ്യക്തിക്ക് പെട്ടെന്ന് എല്ലാറ്റിൽ നിന്നും ഉൾവലിയേണ്ടിവരുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടുകൾ വളരെ വലുതാണ്. രോഗബാധിതെൻറ അവസ്ഥ മനസ്സിലാക്കി സാമൂഹികമായി ഒറ്റപ്പെടുത്താതെ പിന്തുണ നൽകുകയാണ് ഇത്തരം ദുരവസ്ഥയിൽ ചെയ്യേണ്ട മഹത്തായ സേവനം.
സാമ്പത്തിക വിഷമമാണ് മറ്റൊരു പ്രധാന വെല്ലുവിളി. ഡയാലിസിസിന് വിധേയമാകുന്നവർക്ക് അതിനുള്ള വലിയ ചെലവ് ഓരോ മാസവും കൃത്യമായി കണ്ടെത്തേണ്ടിവരുന്നു. നിലവിൽ കേരളത്തിൽ പലയിടങ്ങളിലും സൗജന്യമായോ സൗജന്യനിരക്കിലോ സേവനം നൽകുന്ന ഡയാലിസിസ് സെൻററുകളുണ്ട്. എന്നാൽ , രോഗികളുടെ ബാഹുല്യത്തിന് ആനുപാതികമായ എണ്ണം ഇല്ല എന്നത് ഖേദകരമാണ്. പലയിടങ്ങളിലെയും നീണ്ട വെയിറ്റിങ് ലിസ്റ്റ് കാണുമ്പോഴുണ്ടാകുന്ന ഭീതിയും വലുതാണ്. പലപ്പോഴും കുടുംബത്തിെൻറ സാമ്പത്തികസ്രോതസ്സായ വ്യക്തിതന്നെയായിരിക്കും അസുഖബാധിതനാകുന്നത്. ഇത്തരം സാഹചര്യങ്ങളിൽ ആ കുടുംബത്തിനുണ്ടാകുന്ന അനിശ്ചിതത്വവും പരിഗണിക്കപ്പെടേണ്ടതുണ്ട്.
വൃക്കമാറ്റിവെക്കലിന് ആവശ്യമായ നിയമപരമായ വലിയ കടമ്പകളും വൃക്കദാതാക്കളെ ലഭ്യമല്ലാത്തതും സൃഷ്ടിക്കുന്ന വെല്ലുവിളികൾ വളരെ വലുതാണ്. അവയവം മാറ്റിവെക്കൽ ശസ്ത്രക്രിയകളെകുറിച്ച തെറ്റിദ്ധാരണ പരത്തുന്ന വ്യാജ വാർത്തകളും മറ്റും ഈ മേഖലയിലേക്ക് സേവനസന്നദ്ധരായി കടന്നുവരുന്നവരെ പിന്തിരിപ്പിക്കാൻ കാരണമാകുന്നുണ്ട്. ദാതാവിനെ കണ്ടെത്താൻ സാധിക്കാത്തവർക്ക് ഏറ്റവും വലിയ പ്രതീക്ഷ 'മൃതസഞ്ജീവനി'യിൽ രജിസ്റ്റർ ചെയ്തുള്ള കാത്തിരിപ്പാണ്. എന്നാൽ, മസ്തിഷ്‌കമരണം സംഭവിച്ചവരുടെ കുടുംബങ്ങളും വളരെ കുറച്ചു മാത്രമേ അവയവദാനത്തിന് തയാറാകുന്നുള്ളൂ. ഇനി എല്ലാം ഒത്തുവന്നാലും ശസ്ത്രക്രിയക്കാവശ്യമായ വലിയ ചെലവും അതുകഴിഞ്ഞ് തുടർച്ചയായി കഴിക്കേണ്ട മരുന്നുകളുടെ ചെലവും വലിയ ബാധ്യതതന്നെ. ലോക വൃക്കദിനത്തിെൻറ സംഘാടകർ മുേന്നാട്ടുവെക്കുന്ന ചില അടിയന്തര നിർദേശങ്ങളുണ്ട്.
സങ്കീർണമായ വൃക്കരോഗമുള്ളവരും കുടുംബാംഗങ്ങളും പരിചാരകരും രോഗിയുടെ ചികിത്സാപരമായ പുരോഗതികളെക്കുറിച്ചും ജീവിതത്തിൽ പുലർത്തേണ്ട ലക്ഷ്യങ്ങളെക്കുറിച്ചും ബോധവാന്മാരായിരിക്കുകയും അവരെ ശാക്തീകരിക്കുകയും ചെയ്യുക, ചികിത്സകാര്യങ്ങളിൽ അറിവ്, ചികിത്സ തീരുമാനിക്കുന്നതിൽ അവരുടെകൂടി പങ്കാളിത്തം ഉറപ്പുവരുത്തല്‍, ആവശ്യമുള്ള സന്ദർഭങ്ങളിൽ സെൽഫ് മാനേജ്‌മെൻറിനു സാധിക്കുന്ന ചെറിയ പരിശീലനങ്ങൾ എന്നിവ ഇവർക്ക് ലഭിച്ചിരിക്കണം. രോഗിയുമായുള്ള നിരന്തര ആശയവിനിമയം വളരെ പ്രധാനമാണ്. നന്നായി ജീവിക്കാൻ പ്രാപ്തരാക്കുന്നതിനാവശ്യമായ നിർദേശങ്ങളും രോഗിയുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങൾ ക്രമീകരിക്കുന്നതിനാവശ്യമായ ഇടപെടലുകളും പ്രധാനമാണ്. രോഗിക്ക് ആവശ്യമായ എല്ലാവിധ നൂതന ചികിത്സാസൗകര്യങ്ങളും ലഭ്യമാക്കണം. ആധുനിക ചികിത്സാരീതികൾ, ശസ്ത്രക്രിയാരീതികള്‍, മരുന്നുകൾ മുതലായവ എല്ലാവർക്കും പ്രാപ്യമാകണം. രോഗി അനുഭവിക്കുന്ന അമിത ഉത്കണ്ഠ, വേദന, ഉറക്കക്കുറവ്, നിരാശ, സമ്മർദം, ചലനസംബന്ധമായ ബുദ്ധിമുട്ടുകൾ മുതലായവ കൃത്യമായി പരിഗണിക്കപ്പെടുകയും നിയന്ത്രിച്ചുനിർത്തുകയും വേണം. ഇതിലൂടെ മാത്രമേ രോഗിക്ക് ആരോഗ്യപൂർണമായ തുടർജീവിതം ഉറപ്പുവരുത്താൻ സാധിക്കുകയുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.