കഴിഞ്ഞ ദിവസം നടി സാമന്ത താൻ രോഗാവസ്ഥയിലാണെന്ന് ആരാധകരെ അറിയിച്ചിരുന്നു. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു നടി രോഗ വിവരം വെളിപ്പെടുത്തിയത്. മയോസൈറ്റിസ് എന്ന രോഗം ബാധിച്ചിരിക്കുകയാണെന്നും അസുഖം വേഗം ഭേദമാകുമെന്ന് കരുതിയെങ്കിലും പൂർണമായും മാറിയിട്ടില്ലെന്നും സാമന്ത കുറിച്ചിരുന്നു. അധികം വൈകാതെ തന്നെ രോഗം ഭേദമായി തിരിച്ചെത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പറഞ്ഞ സാമന്ത ആശുപത്രിയിൽ ഡ്രിപ്പിട്ട് കിടക്കുന്ന ഫോട്ടോയും പങ്കുവെച്ചിരുന്നു.
നടിയുടെ രോഗാവസ്ഥ ചർച്ചയായതോടെ എന്താണ് മയോസൈറ്റീസ് എന്നാണ് പലരും തിരയുന്നത്. മയോസൈറ്റീസ് എന്താണെന്നും ലക്ഷണങ്ങളും ചികിത്സകളും എന്താണെന്നും നോക്കാം.
മസിലുകളിലുണ്ടാകുന്ന ഗുരുതരമായ വീക്കമാണ് മയോസൈറ്റീസ്. നമ്മുടെ തന്നെ രോഗ പ്രതിരോധ സംവിധാനം തെറ്റായി പ്രവർത്തിച്ച് രോഗാണുവെന്ന് കരുതി സ്വന്തം കോശങ്ങളെ തന്നെ ആക്രമിക്കുന്ന ഓട്ടോ ഇമ്യൂൺ രോഗമാണിത്. മയോസൈറ്റീസിന്റെ കാര്യത്തിൽ, ആരോഗ്യമുള്ള മസിൽ കോശങ്ങളെ നമ്മുടെ തന്നെ രോഗ പ്രതിരോധ സംവിധാനം ആക്രമിക്കുന്നു. അതുവഴി മസിലുകളിൽ വീക്കം, വേദന, തളർച്ച എന്നിവയുണ്ടാകുന്നു.
ഈ രോഗത്തിന് പ്രത്യേക കാരണം കണ്ടെത്താനായിട്ടില്ല. അതുകൊണ്ട് തന്നെ രോഗ പ്രതിരോധത്തിന് വെല്ലുവിളിയേറെയാണ്. രോഗലക്ഷണങ്ങൾ ചിലപ്പോൾ പെട്ടെന്ന് കാണുകയും ചിലപ്പോൾ സാവധാനം ഉണ്ടാവുകയും ചെയ്യും. തളർച്ച, ക്ഷീണം, ഭക്ഷണം വിഴുങ്ങാനുള്ള ബുദ്ധിമുട്ട്, ശ്വസിക്കാനുള്ള ബുദ്ധിമുട്ട് എന്നിവയാണ് രോഗത്തിന്റെ പ്രാഥമിക ലക്ഷണങ്ങൾ
പോളി മയോസൈറ്റീസ് - പ്രധാനമായും സ്ത്രീകളിലെ ഷോൾഡർ, ഇടുപ്പ്, തുട എന്നിവിടങ്ങളിലെ മസിലുകളിലുണ്ടാകുന്ന തളർച്ചയാണിത്
ഇൻക്ലൂഷൻ ബോഡി മയോസൈറ്റീസ് -കൈകാലുകളിലെ മസിലുകൾ തളരുന്ന അവസ്ഥയാണിത്. ഇത് സാധാരണയായി പുരുഷൻമാരിലാണ് കാണപ്പെടുന്നത്.
ചർമാർബുദം എന്ന് വിളിക്കുന്ന ലൂപസ്, ചർമത്തിന്റെ മാർദ്ദവം നഷ്ടപ്പെട്ട് കല്ലിക്കുന്ന സ്ക്‍ലീറോഡെർമ, ആമവാതം എന്ന് വിളിക്കുന്ന റുമറ്റോയിഡ് ആർത്രൈറ്റിസ് എന്നിവ മയോസൈറ്റീസിന്റെ തീവ്രത കുറഞ്ഞ (മൃദുവായ)രൂപങ്ങളാണ്
മയോസൈറ്റീസ് ഉണ്ടാകാനുള്ള ഏറ്റവും സാധാരണമായ കാരണം വൈറസ് ബാധയാണ്. മസിൽ ഫൈബറുകളെ വൈറസുകൾ നേരിട്ട് നശിപ്പിക്കുക വഴിയാണ് രോഗമുണ്ടാകുന്നത്. ചിലപ്പോൾ ബാക്ടീരിയ പോലും മസിൽ ഫൈബറുകളെ നശിപ്പിച്ചേക്കാം. ഇത് മസിൽ കലകളുടെ തളർച്ചക്ക് ഇടയാക്കും.
കഠിനമായ വ്യായാമങ്ങൾ മസിലുകൾക്ക് പരിക്കുണ്ടാക്കിയേക്കാം. മസിലുകൾ വീങ്ങുക, മണിക്കൂറുകളോ ചിലപ്പോൾ ദിവസങ്ങളോ മസിലുകൾക്ക് തളർച്ച അനുഭവപ്പെടുക എന്നിവയുണ്ടാകും. സാങ്കേതികമായി ഇതും ഒരു തരം മയോസൈറ്റീസാണ്.
മയോസൈറ്റീസിന്റെ പ്രാഥമിക ലക്ഷണം പേശികളുടെ തളർച്ചയാണ്. ഈ തളർച്ച ചിലപ്പോൾ കണ്ടെത്താൻ സാധിക്കുകയും ചിലപ്പോൾ പരിശോധനകളിലൂടെയല്ലാതെ കണ്ടെത്താൻ സാധിക്കാതിരിക്കുകയും ചെയ്യും.
ക്ഷീണം, തിണർപ്പുകൾ, സന്തുലനം നഷ്ടപ്പെടുക, കൈകളിലെ ചർമത്തിന് കട്ടിയേറുക, തളർച്ച, വേദന, പേശീ വേദന, ഭക്ഷണം വിഴുങ്ങാനുള്ള ബുദ്ധിമുട്ട്, ഭാരം നഷ്ടമാവുക എന്നിവ രോഗത്തിന്റെ സാധാരണ സ്വഭാവമാണ്.
മയോസൈറ്റീസിന് പ്രത്യേക ചികിത്സയില്ല. എന്നാൽ വ്യായാമം വഴി നിയന്ത്രിച്ച് നിർത്താം. ഇൻക്ലൂഷൻ ബോഡി മയോസൈറ്റീസാണെങ്കിൽ രോഗ നിയന്ത്രണത്തിന് ഫിസിയോ തെറാപ്പി ഫലപ്രദമാണ്. പോളി മയോസൈറ്റീസും ഡെർമാറ്റോമയോസൈറ്റീസും ചികിത്സിക്കാൻ സ്റ്റീറോയിഡുകൾ ഗുണപ്രദമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.