പുരുഷൻമാരെ കൂടുതൽ ബാധിക്കുന്ന 4 അർബുദങ്ങൾ... ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ലോകത്ത് രണ്ടാമത്തെ പ്രധാന മരണ കാരണമാകുന്ന രോഗമാണ് കാൻസർ അഥവാ അർബുദം. ഓരോ വർഷവും 9.6 ദശലക്ഷമോ അതിലധികമോ ആളുകൾ അർബുധ ബാധിതരായി മരിക്കുന്നു എന്നാണ് കണക്ക്. കാൻസർ രോഗ ശരാശരിയിൽ ദേശീയ ശരാശരിയേക്കാളും ഉയർന്ന നിലയിലാണ് കേരളം. വർഷത്തിൽ 60,000ത്തോളം അർബുദ രോഗികളാണ് കേരളത്തിൽ രജിസ്റ്റർ ചെയ്യുന്നതെന്നാണ് ഔദ്യോഗിക റിപ്പോർട്ട്.

സ്ത്രീകളിൽ സാധാരണയായി കാണപ്പെടുന്നത് സ്തനം, വൻകുടൽ, ശ്വാസകോശം, സെർവിക്കൽ, തൈറോയ്ഡ് അർബുദങ്ങളാണ്. സ്ത്രീ പുരുഷ ഭേദമന്യേ കേരളത്തിലെ കാൻസർ രോഗികളിൽ ഏഴിലൊരാൾ സ്തനാർബുദ രോഗിയാണെന്നാണ് റിപ്പോർട്ട്. സ്തനാർബുദത്തെ കൂടാതെ ഗർഭാശയമുഖ കാൻസർ, വായിലെ കാൻസർ, അണ്ഡാശയ കാൻസർ, ഗർഭാശയ കാൻസർ എന്നിവയാണ് കേരളത്തിലെ സ്ത്രീകളിൽ ഏറ്റവും അധികമായി കാണപ്പെടുന്നത്.

രക്താർബുദമാണ് കുട്ടികളിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്നത്. ലോകത്താകമാനം വർഷത്തിൽ രണ്ടു ലക്ഷത്തിലേറെ കുട്ടികൾ അർബുദ ബാധിതരാകുന്നുവെന്നാണ് കണക്ക്.

ശ്വാസകോശം, പ്രോസ്റ്റേറ്റ്, വൻകുടൽ, ആമാശയം, കരൾ അർബുദങ്ങളാണ് പുരുഷന്മാരിൽ ഏറ്റവും സാധാരണയായി കാണപ്പെടുന്നത്.

പുരുഷൻമാരെ ബാധിക്കുന്ന നാലു പ്രധാന അർബുദങ്ങളെക്കുറിച്ച് അറിയാം.

പ്രോസ്റ്റേറ്റ് അർബുദം (Prostate cancer)

പ്രോസ്റ്റേറ്റ് അർബുദം ഈയിടെയായി നിരവധി പേരിലാണ് കണ്ടെത്തുന്നത്. പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ കോശങ്ങളിൽ വികസിച്ച് ഒടുവിൽ മൂത്രവ്യവസ്ഥയെയും അതിൻെറ പ്രവർത്തനങ്ങളെയും തടസ്സപ്പെടുത്തുന്നതാണ് ഈ അർബുദം. അഡ്വാൻസ് സ്റ്റേജിൽ ഈ അർബുദം പലപ്പോഴും ലക്ഷണങ്ങളൊന്നും കാണിക്കില്ല. മൂത്രത്തിൽ രക്തം, മൂത്രം പോകുമ്പോൾ ബുദ്ധിമുട്ട് അനുഭവപ്പെടൽ, അസ്ഥി വേദന എന്നിവയാണ് സാധാരണ കാണപ്പെടുന്ന പ്രോസ്റ്റേറ്റ് അർബുദ ലക്ഷണങ്ങൾ. ആരോഗ്യകരമായ ജീവിതശൈലിയിലൂടെയും പുകവലി ഉപേക്ഷിച്ചും ഈ അർബുദത്തെ ഒരുപരിധിവരെ തടയാം.

ശ്വാസകോശ അർബുദം (Lung cancer)

പുകവലിയാണ് ശ്വസകോശാർബുദത്തിന് പ്രധാനമായി കാരണമാകുന്നതെങ്കിലും പുകവലി ശീലമില്ലാത്തവരെയും ഈ രോഗം ബാധിക്കാറുണ്ട്. ഏറ്റവും അപകടകരമായ അർബുദങ്ങളിൽ ഒന്നാണിത്. പുകയിലയുടെ ഉപയോഗം, പരിസ്ഥിതി മലിനീകരണം എന്നിവയെല്ലാം ശ്വാസകോശ അർബുദത്തിന് കാരണമാകുന്നു. ചുമ, ശ്വാസതടസ്സം, നെഞ്ചുവേദന, തൊണ്ടയടപ്പ്, ശബ്ദത്തോടെയുള്ള ശ്വസനം, ഉമിനീരിലെ മാറ്റം, ചുമക്കുമ്പോൾ രക്തം വരിക എന്നിവ ശ്വാസകോശ അർബുദത്തിെൻറ സാധാരണ ലക്ഷണങ്ങളാണ്.

മലാശയ അർബുദം (Colorectal cancer)

വൻകുടൽ അല്ലെങ്കിൽ മലാശയത്തിലെ അർബുദമാണ് ഇത്. പ്രായമായവരിലാണ് ഈ അർബുദം ഏറെയും കണ്ടുവരുന്നത്. അമിതവണ്ണം, പുകവലി, മലവിസർജന രീതിയിലെ മാറ്റം എന്നിവയുള്ള വ്യക്തികളിൽ ഈ അർബുദ സാധ്യത ഏറെയാണ്. ശാരീരിക വ്യായാമമില്ലാത്ത ജീവിതം, പ്രായാധിക്യം, ഫൈബർ ധാരാളം അടങ്ങിയ ഭക്ഷണത്തിെൻറ കുറവ്, റെഡ് മീറ്റും (ഉദാ: ബീഫ്) സംസ്കരിച്ച ഇറച്ചിയും അമിതമായി കഴിക്കുന്നതും ഈ രോഗസാധ്യത വർധിപ്പിക്കുന്ന ഘടകങ്ങളാണ്. കുടുംബാംഗങ്ങളിലാർക്കെങ്കിലും നേരത്തെ വൻകുടലിലെ അർബുദം നേരത്തെ ഉണ്ടായിട്ടുണ്ടെങ്കിലും ഏറെ ശ്രദ്ധിക്കണം. വയറുവേദന, മലാശയത്തിലെ രക്തസ്രാവം, മലവിസർജന രീതിയിലെ മാറ്റം, ശരീരഭാരം കുറയൽ തുടങ്ങിയ ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടേക്കാം. 50 വയസ്സിനും അതിനുമുകളിലും പ്രായമുള്ള പുരുഷന്മാർ 5 മുതൽ 10 വർഷം കൂടുമ്പോൾ വൻകുടൽ പരിശോധന നടത്തണം.

കരളിനെ ബാധിക്കുന്ന അർബുദം (Liver cancer)

മഞ്ഞപ്പിത്തം, വിശപ്പ് കുറയൽ, വയർ വേദന എന്നിവ പലപ്പോഴും കരളിനെ ബാധിച്ച അർബുദത്തിൻെറ ലക്ഷണങ്ങളാകുന്നു. മദ്യപാനം ഒഴിവാക്കുക, പതിവായി വ്യായാമം ചെയ്യുക, ആരോഗ്യകരമായ ഭക്ഷണം കഴിക്കുക, ശരീര ഭാരം നിയന്ത്രിക്കുക, ഹെപ്പറ്റൈറ്റിസ് ബി, സി വൈറസുകൾ ബാധിക്കാതിരിക്കാൻ ശ്രദ്ധിക്കുക തുടങ്ങിയ പ്രതിരോധ നടപടികൾ ഈ അർബുദത്തിനുള്ള സാധ്യത കുറയ്ക്കും.

ഇവയാണ് പുരുഷൻമാരിൽ കാണപ്പെടുന്ന പ്രധാന അർബുദ വകഭേദങ്ങളെങ്കിലും മറ്റു ശാരീരിക പ്രയാസങ്ങൾ അനുഭവപ്പെടുമ്പോഴും ഡോക്ടറെ സമീപിച്ച് യഥാസമയം സംശയം ദൂരീകരിക്കണം. ചികിത്സ ഒരിക്കലും നീട്ടിവെക്കരുത്. സമയബന്ധിതമായ മെഡിക്കൽ ഇടപെടൽ അർബുദ ചികിത്സയിൽ പ്രധാനമാണ്. രോഗം യഥാസമയം കണ്ടെത്താൻ കഴിയാത്തതാണ് അർബുദം മാരകമാകാനുള്ള ഒരു പ്രധാന കാരണം.

കോവിഡ് കാലം അതിജീവിച്ച് കൊണ്ടിരിക്കുകയാണ് നമ്മൾ. കോവിഡ് കാലത്തെ ലോക്ഡൗണും മറ്റു നിയന്ത്രണങ്ങളും ഏറെ ബാധിച്ചത് അർബുദം പോലെ ദീർഘകാല ചികിത്സ വേണ്ട രോഗികളെയാണ്. കോവിഡ് കാലമാണെന്ന് കരുതി നിർബന്ധ ചികിത്സകൾ ഒന്നും മാറ്റിവെക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.