‘വാട്ടർ പ്യൂരിഫയറുകൾ വെള്ളത്തിന്റെ ഗുണം നഷ്ടപ്പെടുത്തും; രാജ്യത്തെ 70 ശതമാനം വെള്ളവും നേരിട്ട് കുടിക്കാവുന്നത്’

ഫ്രിഡ്ജും മിക്സിയും പോലെ നമ്മുടെ അടുക്കളയിൽ ഒഴിച്ചുകൂടാനാകാത്ത ഒരു ഉപകരണമായി മാറിയിരിക്കുകയാണ് വാട്ടർ പ്യൂരിഫയറുകൾ. വലിയ നഗരങ്ങ​ളോ ചെറിയ പട്ടണങ്ങളോ ഗ്രാമങ്ങളോ എന്ന വ്യത്യാസമില്ലാതെ എല്ലാവരും റിവേഴ്സ് ഓസ്മോസിസ് വഴി പ്രവർത്തിക്കുന്ന ജല ശുദ്ധീകരണികളെ വിശ്വസിക്കുകയാണ്. അത്തരത്തിലാണ് വാട്ടർ പ്യൂരിഫയറുകളുടെ പരസ്യങ്ങളും.

നമുക്ക് വാട്ടർ പ്യൂരിഫയറുകൾ ആവശ്യമുണ്ടോ? ഇല്ലെന്നാണ് ഇതെക്കുറിച്ച് പഠിച്ച ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട് ഓഫ് സയൻസ് ബാംഗളൂരുവിലെ അസിസ്റ്റന്റ് പ്രഫസർ ഡോ. സംബുദ്ധ മിശ്ര പറയുന്നത്.

വാട്ടർ പ്യൂരിഫയറുകൾ വഴി ലഭിക്കുന്ന വെള്ളത്തിൽ നമുക്ക് ആവശ്യമുള്ള മിനറലുകളും അയണും അടങ്ങിയിട്ടില്ലെന്നാണ് പഠനത്തിൽ ക​ണ്ടെത്തിയിരിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ മാർഗനിർദേശ പ്രകാരം ശുദ്ധമായ കുടിവെള്ളത്തിൽ ആവശ്യമായ ലോഹാംശത്തിന്റെ അളവ് പ്യൂരിഫയർ വഴി ലഭിക്കുന്ന വെള്ളത്തിലില്ല. പ്യൂരിഫയർ വഴി വരുന്ന വെള്ളത്തിൽ ബാക്ടീരിയയുടെ അളവു കുറയുന്നുമില്ല.

ബാക്ടീരിയകൾ ഇല്ലാതാക്കാൻ റിവേഴ്സ് ഓസ്മോസിസ് ചെയ്യേണ്ടതില്ല. ആർ.ഒ വഴി കടത്തിവിടുന്ന എല്ലാ 10 ലിറ്റർ വെള്ളത്തിലും നിങ്ങൾക്ക് മൂന്നു ലിറ്റർ ശുദ്ധ ജലം ലഭിക്കുകയും ബാക്കി ഏഴ് ലിറ്റർ വെള്ളം ആവശ്യത്തിലേറെ ലോഹാംശമടങ്ങിയ നിലയിൽ ഭൂമിയിലേക്ക് ഒഴുക്കി വിടുകയുമാണ് ചെയ്യുന്നത്. അതായത് ശുദ്ധീകരിക്കുന്നതിനേക്കാൾ പ്യൂരിഫയറുകൾ വെള്ളം പാഴാക്കുകയാണ് ചെയ്യുന്നത്.

പശ്ചിമ ബംഗാളിലെ ഹൽദിയയിൽ നടത്തിയ പഠനത്തിൽ ആർ. ഒ വഴി കടത്തിവിടുന്ന വെള്ളത്തിൽ ലെഡ് ഉൾപ്പെടെയുള്ളവയുടെ അളവ് വളരെ കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

മുഴു​വൻ വെള്ളവും പ്യൂരിഫയറിലൂടെ കടത്തിവിടുന നിലവിലെ സാഹചര്യം ഗുണത്തേക്കാളേറെ ദോഷം ചെയ്യും. ഒരോ പ്രദേശത്തെയും സാഹചര്യങ്ങൾ പരിഗണിച്ചാണ് പരിഹാരങ്ങൾ നടപ്പാക്കേണ്ടതെന്നും ഡോ. സംബുദ്ധ മിശ്ര പറഞ്ഞു.

ശുദ്ധ ജലം ലഭിക്കുമെന്ന വാഗ്ദാനത്തിനൊപ്പം ആർ.ഒ സംവിധാനം ചെയ്യുന്നത് പ്രകൃതിദത്തമായ എല്ലാ ലവണങ്ങളെയും ഇരുമ്പിനെയും അരിച്ചു കളയുകയാണ്. ഉറുമ്പിനെ കൊല്ലാൻ പീരങ്കി ഉപയോഗിക്കുന്നതുപോലെയാണ് വെള്ളം ശുദ്ധീകരിക്കാൻ വാട്ടർ പ്യൂരിഫയറുകൾ ഉപയോഗിക്കുന്ന​തെന്ന് ഐ.ഐ.ടി കാൺപൂർ അസോസിയേറ്റ് പ്രഫസർ ഡോ. ഇന്ദ്ര ശേഖർ സെൻ പറഞ്ഞു.

വെള്ളത്തിൽ ലയിച്ച എല്ലാ ഖരവസ്തുക്കളെയും അരിച്ചുകളയുകയാണ് ആർ.ഒ സംവിധാനം വഴി ചെയ്യുന്നത്. ‘കൂടുതൽ ശുദ്ധമാക്കുന്ന’ വെള്ളം കുടിക്കാൻ നല്ലതല്ല. ആർ.ഒ സംവിധാനം പുതിയതായതിനാൽ എല്ലാ ലവണങ്ങളും അരിച്ചുകളഞ്ഞ ഇത്തരം ശുദ്ധജലം കുടിക്കുന്നത് മൂലം ഭാവിയിൽ ഉണ്ടായേക്കാവുന്ന ആരോഗ്യ പ്രശ്നങ്ങൾ കൃത്യമായി തിരിച്ചറിയാനാകില്ലെന്നും ഇന്ദ്ര സെൻ കൂട്ടിച്ചേർത്തു.

മിക്ക ഇന്ത്യക്കാരും കുടിക്കുന്ന വെള്ളം ലോകാരോഗ്യ സംഘടനയുടെ സുരക്ഷാ നിലവാരം പാലിക്കുന്നതാണ്. അതിനാൽ വാട്ടർ പ്യൂരിഫയറുകളെ കുറിച്ച് വീണ്ടു വിചാരം നല്ലതാണെന്നും അദ്ദേഹം പറഞ്ഞു.

ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് അനുസരിച്ച് കുടിവെള്ളത്തിലെ ടോട്ടൽ ഡിസോൾവ് സോളിഡ് (ടി.ഡി.എസ്) ലെവൽ 500 പി.പി.എം (പാർട്സ് പർ മില്യൺ) ആണ്. എന്നാൽ ടി.ഡി.എസ് ഇതിനു മുകളിലാണെങ്കിൽ അത് സുരക്ഷിതമല്ലെന്ന് അർഥമില്ല. മറ്റ് വെള്ളമൊന്നും കിട്ടാനില്ലെങ്കിൽ 2000 പി.പി.എം വരെയുള്ള വെള്ളം കുടിക്കാമെന്ന് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് പറയുന്നുണ്ട്. എന്നാൽ ആർ.ഒ മേഖല ഇക്കാര്യങ്ങളൊന്നും ജനങ്ങളെ അറിയിക്കുന്നില്ല.

ആർ.ഒ വഴി കടത്തിവിടുമ്പോൾ വെള്ളത്തിലെ മിനറലുകൾ ഒഴിവാക്കപ്പെടുന്നത് ദോഷകരമാണെന്ന് തിരിച്ചറിഞ്ഞ ആർ.ഒ വിപണി പുതിയ സംവിധാനവുമായാണ് രംഗത്തെത്തിയിരിക്കുന്നത്. പ്യൂരിഫയറിലൂടെ കടത്തിവിടുന്ന വെള്ളത്തിൽ ലെഡ് ഉൾപ്പെടെ വേണ്ട മിനറലുകൾ ചേർക്കുന്നുവെന്നാണ് പരസ്യങ്ങളിലെ വാഗ്ദാനം. ഇത്തരം പ്യൂരിഫയറുകൾക്ക് കൂടുതൽ പണച്ചെലവും വരുന്നു.

വെള്ളം പ്യൂരിഫയറിലൂടെ കടത്തിവിട്ട് ഗുണമില്ലാതാക്കുകയും പിന്നീട് അരിച്ചു കളയപ്പെട്ട മിനറലുകൾ കൃത്രിമമായി ചേർക്കുകയുമാണ് ചെയ്യുന്നത്. യഥാർഥത്തിൽ നേരിട്ട് കുടിക്കാവുന്ന വെള്ളമാണ് ഇത്തരത്തിൽ അനാവശ്യമായി ശുദ്ധീകരിക്കുന്നത്.

എല്ലാവരുടെയും വീട്ടിൽ വാട്ടർ പ്യൂരിഫയറുകൾ വെക്കേണ്ടതില്ലെന്നാണ് ഗവേഷകരുടെ പക്ഷം. വീട്ടിൽ ഉപയോഗിക്കുന്ന വെള്ളത്തിന്റെ ഉറവിടം ഏതാണെന്നതിനനുസരിച്ചായിരിക്കണം ജല ശുദ്ധീകരണം നടക്കേണ്ടത്. കെമിക്കൽ ഫാക്ടറികളുള്ളയിടത്ത് വെള്ളത്തിൽ സിങ്ക് കൂടുതലായി അടങ്ങിയിരിക്കാൻ സാധ്യതയുണ്ട്. അത്തരം ചില സ്ഥലങ്ങളിലൊഴികെയുള്ള ഇടങ്ങളിലെല്ലാം വെള്ളം നേരിട്ട് കുടിക്കാവുന്നതാണ്.

വെള്ളം ശുദ്ധീകരിക്കാനുള്ള ഏറ്റവും നല്ലതും ചെലവു ചുരുങ്ങിയതുമായ വഴി അത് തിളപ്പിക്കുകയാണ്. വെള്ളം തിളപ്പിക്കുന്നതിലൂടെ വെള്ളത്തിലടങ്ങിയ ബാക്ടീരിയകൾ നശിക്കുന്നു. സാധാരണ വെള്ളം അരിക്കുമ്പോൾ ഇരുമ്പംശം നഷ്ടപ്പെടുകയുമില്ല.

രാജ്യത്തെ 70 ശതമാനം വെള്ളവും നേരിട്ട് കുടിക്കാവുന്നതാണെന്ന് ഗവേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. ചിലയിടത്ത് യു.വി ഫിൽട്ടറേഷൻ നടത്തിയാൽ മതി. റിവേഴ്സ് ഓസ്മോസിസ് നടത്തി ശുദ്ധീകരിക്കേണ്ടതില്ലെന്നും വാട്ടർ പ്യൂരിഫയറുകൾ വേണ്ടതില്ലെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.

Tags:    
News Summary - Most Of India Probably Doesn't Need An RO Water Purifier At Home, Say Scientists

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.