സോറിയാസിസ്: ചികിത്സ വൈകരുത്

ചർമത്തെ ബാധിക്കുന്ന അൽപം സങ്കീർണമായ ഒരു ദീർഘകാല രോഗമാണ് സോറിയാസിസ്. ചർമപാളികൾ അസാധാരണമായി ഇരട്ടിക്കുന്ന അവസ്ഥയാണിത്. വളരെ സമയമെടുത്താണ് സോറിയാസിസ് എന്ന രോഗാവസ്ഥ ഒരാളിൽ രൂപപ്പെടുന്നത്. ഇതുമൂലം ചർമത്തിൽ പാടുകളും ചൊറിച്ചിലും അനുഭവപ്പെടും. കൈമുട്ടുകൾ, കാൽമുട്ടുകൾ, ശരീരത്തിന്റെ പിൻവശം, ശിരോചർമം എന്നിവിടങ്ങളിലാണ് കൂടുതലായി കണ്ടുവരുന്നത്‌.

ചർമത്തിൽ നിറവ്യത്യാസം, ചൊറിച്ചിൽ, തൊലി കട്ടി കൂടിയിരിക്കുക, ചർമത്തിൽ ചെതുമ്പൽപോലെ രൂപപ്പെടുക, ചുവപ്പു നിറത്തിലുള്ള കുമിളകൾ പ്രത്യക്ഷപ്പെടുക, ഉപ്പൂറ്റിയിലും കൈവെള്ളയിലും വിള്ളലുകൾ എന്നിവ സോറിയാസിസിന്റെ ലക്ഷണങ്ങളിൽ ചിലതാണ്‌. 40 വയസ്സിനു മുകളിലുള്ള ആളുകളിലാണ് കൂടുതലായി സോറിയാസിസ് കണ്ടുവരുന്നത്. എന്നാൽ, ഏത് പ്രായത്തിലും ഈ അവസ്ഥ അനുഭവപ്പെടാം. പാരമ്പര്യ ഘടകങ്ങൾ മൂലം സോറിയാസിസ് ബാധിക്കുന്നവരിൽ ചെറിയ പ്രായത്തിൽ തന്നെ ലക്ഷണങ്ങൾ അനുഭവപ്പെടാൻ സാധ്യതയുണ്ട്.

ആന്തരികവും ഭൗതികവുമായ വിവിധ കാരണങ്ങളാൽ രോഗാവസ്ഥ രൂപപ്പെടുകയോ നിലവിൽ സോറിയാസിസ് അനുഭവിക്കുന്നവരിൽ രൂക്ഷമാകാനോ വഴിയൊരുക്കും. പൊതുവെ രോഗപ്രതിരോധശേഷി കുറഞ്ഞ ആളുകളിൽ ഇതിനുള്ള സാധ്യത കൂടുതലാണ്.

കാലാവസ്ഥയിലെ മാറ്റം, മറ്റേതെങ്കിലും അണുബാധ, മാനസിക സമ്മർദം, ശാരീരിക സമ്മർദം എന്നിവയും സോറിയാസിസിന് കാരണമാകാറുണ്ട്. പുകവലി, മദ്യപാനം തുടങ്ങിയവയുടെ ഉപയോഗം, സ്റ്റിറോയ്ഡ് മരുന്നുകളുടെ ഉപയോഗം എന്നിവയും രോഗാവസ്ഥക്ക് വഴിവെച്ചേക്കാം. സോറിയാസിസ് രോഗികളായ ഗർഭിണികളിൽ ഗർഭ കാലഘട്ടത്തിൽ രോഗാവസ്ഥ കുറയുകയും പ്രസവശേഷം ഇത് തിരികെ വരുകയും ചെയ്യും. ചർമപാളികളിൽ ഏതെങ്കിലും തരത്തിലുള്ള മുറിവുകളുണ്ടെങ്കിൽ ആ ഭാഗത്ത് സോറിയാസിസ് ഉണ്ടാകാൻ സാധ്യതയുണ്ട്.

സോറിയാസിസ് വിവിധ തരത്തിലുണ്ട്. ഓരോന്നും വ്യത്യസ്ത രീതിയിലാണ് അനുഭവപ്പെടുക.

ക്രോണിക് പ്ലാക് സോറിയാസിസ് (Chronic plaque psoriasis):

ഏറ്റവും കൂടുതൽ കണ്ടുവരുന്ന സോറിയാസിസ് വിഭാഗമാണിത്. ശരീരത്തിന്റെ പല ഭാഗങ്ങളിൽ ചുവന്ന നിറത്തിൽ കാണപ്പെടും. ഇതിന് മുകളിൽ വെള്ളനിറത്തിലുള്ള പാടുകളും കാണാൻ കഴിയും.

ഗട്ടെറ്റ് സോറിയാസിസ് (Guttate psoriasis):

ശരീരത്തിൽ ഏതെങ്കിലും തരത്തിലുള്ള അണുബാധ ഉണ്ടാകുന്നതാണ് ഗട്ടെറ്റ് സോറിയാസിസിന് കാരണം. കുട്ടികളിലും യുവാക്കളിലുമാണ് ഇത് സാധാരണ കണ്ടുവരുന്നത്‌. താൽക്കാലികമായി മാത്രമേ അനുഭവപ്പെടാറുള്ളൂ. സാധാരണ 15 -20 പ്രായത്തിലുള്ളവരിലാണ് കണ്ടുവരുന്നത്‌.

പസ്റ്റുലർ സോറിയാസിസ് (Pustular psoriasis):

ശരീരഭാഗങ്ങളിൽ ചെറിയ കുമിളകൾ രൂപപ്പെട്ട് അതിൽ പഴുപ്പ് നിറയുന്ന അവസ്ഥയാണ് പസ്റ്റുലർ സോറിയാസിസ്. കൃത്യമായി ചികിത്സ തേടിയില്ലെങ്കിൽ ഇത് ഗുരുതരമാകും.

എറിത്രോഡെർമിക് സോറിയാസിസ് (Erythrodermic psoriasis):

ശരീരം മുഴുവൻ തൊലി അടർന്നുപോകുന്ന അവസ്ഥയാണിത്. കൈ കാലുകളിൽ കടുത്ത വീക്കവും ചൊറിച്ചിലും ഉണ്ടാകും. ഇതാണ് ഏറ്റവും ഗുരുതരമായ സോറിയാസിസ് വിഭാഗം. ഏതൊരു വിഭാഗം സോറിയാസിസും തെറ്റായ ചികിത്സരീതി കാരണം എറിത്രോഡെർമിക് സോറിയാസിസായി രൂപപ്പെടാം. സ്വയം ചികിത്സ ഈ അവസ്ഥ ഗുരുതരമാക്കും.

ഇൻവേഴ്സ് സോറിയാസിസ്‌ (Inverse psoriasis):

ശരീരത്തിന്റെ ഇടുങ്ങിയ ഭാഗങ്ങളിലാണ് ഇത് കണ്ടുവരുന്നത്. കക്ഷം, തുടയിടുക്ക്, സ്തനങ്ങളുടെ താഴ്ഭാഗം, കൈകാൽ മടക്കുകൾ, കുടവയറുള്ളവരിൽ വയറിന്റെ അടിഭാഗം തുടങ്ങിയ ഭാഗങ്ങളിലാണ് സാധാരണ അനുഭവപ്പെടുന്നത്.

നെയിൽ സോറിയാസിസ്‌ (Nail psoriasis):

നഖങ്ങളിൽ ചെറിയ കുത്തുകൾപോലെ രൂപപ്പെടുകയും പലതരത്തിലുള്ള രൂപവ്യത്യാസങ്ങൾ അനുഭവപ്പെടുകയും ചെയ്യും. നഖങ്ങൾ പെട്ടെന്ന് പൊട്ടിപ്പോകുന്നതും നിറവ്യത്യാസവും ഇതിന്റെ ലക്ഷണമാണ്. ചികിത്സിച്ചില്ലെങ്കിൽ നഖം അടർന്നുപോകുന്ന അവസ്ഥയുണ്ടാകും. ശരീരത്തിൽ സോറിയാസിസ് ഉള്ള 20 ശതമാനം പേരിലും നഖങ്ങളിലും സോറിയാസിസ്‌ കണ്ടുവരുന്നുണ്ട്.

ഇവ കൂടാതെ സോറിയാറ്റിക് ആർത്രൈറ്റിസ് എന്ന അവസ്ഥയും ചിലരിൽ കണ്ടുവരാറുണ്ട്. ശരീരത്തിലെ സന്ധികളിലാണ് ഇത് കൂടുതലായി കണ്ടുവരുന്നത്‌. പ്രധാനമായും വിരലുകളിലെ സന്ധികളിലാണ് ബാധിക്കുക. സന്ധികളിൽ വേദന അനുഭവപ്പെടുന്നതാണ് ഇതിന്റെ ലക്ഷണം.

നിയന്ത്രിക്കാം ഇങ്ങനെ

ജീവിതശൈലി മെച്ചപ്പെടുത്തുന്നത് ഒരു പരിധിവരെ സോറിയാസിസ് നിയന്ത്രിക്കാൻ സഹായിക്കും. ലഹരി ഉപയോഗം ഒഴിവാക്കുന്നതും ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ചെറുമത്സ്യങ്ങൾ, മീനെണ്ണ ഗുളിക എന്നിവ കഴിക്കുന്നതും ഗുണംചെയ്യും. ഇതോടൊപ്പം ധാരാളം പഴങ്ങളും പച്ചക്കറികളും കഴിക്കാൻ ശ്രദ്ധിക്കണം. യോഗർട്ട് പതിവായി കഴിക്കുന്നത് നല്ലതാണ്. അതേസമയം, കലോറി കൂടുതലടങ്ങിയ ഭക്ഷണങ്ങൾ തീർത്തും ഒഴിവാക്കാൻ ശ്രദ്ധിക്കണം.

രണ്ടുനേരവും കുളി കഴിഞ്ഞശേഷം മോയിസ്ചറൈസർ പുരട്ടുന്നത് ഗുണം ചെയ്യും. ഇതോടൊപ്പം ശരീരം മുഴുവൻ ശുദ്ധമായ വെളിച്ചെണ്ണ തേച്ചു കുളിക്കുന്നതും അവസ്ഥ ഗുരുതരമാകാതിരിക്കാൻ സഹായിക്കും.

നിയന്ത്രിതമായ രീതിയിൽ വെയിലേൽക്കുന്നത് സോറിയാസിസ് കുറക്കാൻ സഹായിക്കും. എന്നാൽ, ചിലരിൽ ഇത് വിപരീത ഫലം ചെയ്യും. അതിനാൽ പാർശ്വഫലങ്ങളില്ലാത്ത രീതിയിൽ ഫോട്ടോതെറപ്പി ചെയ്യുന്നത് വലിയ ആശ്വാസം നൽകും.

പ്രാരംഭ ഘട്ടത്തിൽ തന്നെ ചികിത്സ ഉറപ്പാക്കുന്നത് ഏത് തരത്തിലുള്ള സോറിയാസിസും നിയന്ത്രിക്കാൻ സഹായിക്കും. ഇതോടൊപ്പം കൃത്യമായി ഫോളോ അപ് ചെയ്യേണ്ടതും അനിവാര്യമാണ്.

പകരുമെന്ന ഭയം വേണ്ട

സോറിയാസിസ് ഒരിക്കലും ഒരാളിൽനിന്ന് മറ്റൊരാളിലേക്ക് പകരാറില്ല. എന്നാൽ, പലപ്പോഴും തെറ്റായ ധാരണമൂലം രോഗം ബാധിച്ചവരെ അകറ്റിനിർത്തുന്ന പ്രവണതയുണ്ട്. രോഗികൾക്ക് കുടുംബാംഗങ്ങളിൽനിന്ന് പിന്തുണ ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്.

Tags:    
News Summary - Psoriasis: Treat Immediatley

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.