ലോകമൊട്ടുക്കും പ്രമേഹ രോഗികൾ കൂടിവരുകയാണ്. ഇസ്ലാംമത വിശ്വാസികൾക്ക് ഇത് റമദാൻ മാസമാണ്. പകൽ മുഴുവൻ അന്നപാനീയങ്ങൾ ഉപേക്ഷിക്കലാണ് നോമ്പിെൻറ ഭൗതികമായ വശം. രോഗികൾക്കു വ്രതാനുഷ്ഠാനത്തിന് ഇളവുകൾ ഉണ്ടെങ്കിലും റമദാനിലെ പുണ്യങ്ങൾക്കുള്ള അധിക പ്രതിഫലവും പാപമോചനവും കൊതിച്ച് ഭൂരിഭാഗം വിശ്വാസികളും നോമ്പനുഷ്ഠിക്കുക പതിവാണ്. എന്നാൽ, നോമ്പുകാലത്ത് ഗ്ലൂക്കോസ് നിയന്ത്രണത്തിലും ശരീരത്തിലെ ജലാംശ നിയന്ത്രണത്തിലും കാതലായ മാറ്റങ്ങൾ ഉണ്ടാകുന്നതിനാൽ റമദാൻ വ്രതം രോഗിക്കും ചികിത്സിക്കുന്ന ഡോക്ടർക്കും ഒരുപോലെ വെല്ലുവിളിയാണ്.
ഓരോ വ്രതവും കാലാവസ്ഥയും ഭൂമിശാസ്ത്രവുമനുസരിച്ച് 12 മുതൽ 20 മണിക്കൂർ വരെ നീണ്ടുനിൽക്കാം. രോഗികൾ, യാത്രക്കാർ, കുട്ടികൾ, ആർത്തവമുള്ള സ്ത്രീകൾ, മാനസിക വളർച്ച എത്താത്തവർ എന്നിവർക്ക് വ്രതാനുഷ്ഠാനത്തിന് ഇളവ് നൽകിയിട്ടുണ്ട്.
പ്രമേഹം ഒരു ജീവിതശൈലീ രോഗമായതിനാലും ദിനേനയുള്ള ഭക്ഷണ ലഭ്യതയിലും ജലലഭ്യതയിലും നോമ്പുകാലത്ത് കാതലായ വ്യതിയാനം ഉണ്ടാവുന്നതിനാലും താഴെ പറയുന്ന സങ്കീർണതകൾക്ക് വ്രതം വഴിവെച്ചേക്കാം.
1. ഗ്ലൂേക്കാസിെൻറ അളവ് കുറയുന്ന അവസ്ഥ (hypoglycemia)
2. ഗ്ലൂക്കോസിെൻറ അളവ് അനിയന്ത്രിതമായി കൂടുന്ന അവസ്ഥ (hyperglycemia )
3. നിർജലീകരണം (dehydration )
4. ജീവൻ അപകടത്തിലാക്കുന്ന ഡയബറ്റിക് കീറ്റൊഅസിഡോസിസ്, ഹൈപെറോസ്മോളർ കോമ.(DKA , HHS)
1. ഉറക്ക രീതിയിലും ജൈവിക ഘടികാരത്തിലും വരുന്ന മാറ്റങ്ങൾ
2. തൂക്കം കുറയാനുള്ള സാധ്യത
3. കരളിലെ ഗ്ലൈക്കോജൻ അലിഞ്ഞും ശരീരത്തിലെ മാംസ്യങ്ങളിൽനിന്നും കൊഴുപ്പിൽനിന്നുമുള്ള ഗ്ലൂക്കോസിന്റെ ഉൽപാദനം കൂടുന്നു.
4. ശരീരത്തിലെ കൊഴുപ്പിെൻറ ഘടനയിൽ ഗുണകരമായ മാറ്റം ഉണ്ടാകുന്നു
5. കൃത്യമായ ഭക്ഷണരീതിയും ഉചിതമായ മരുന്നുകളുടെ ക്രമീകരണവും ഇല്ലെങ്കിൽ പ്രമേഹ രോഗികൾ നോമ്പുകാലത്ത് പല സങ്കീർണതകൾക്കും വിധേയരാകും.
പ്രമേഹവും റമദാനിലെ വ്രതവുമായി ബന്ധപ്പെട്ടു നടന്ന പഠനങ്ങളിൽ ഏറ്റവും മികച്ചതാണ് EPIDIAR study. പതിമൂന്നൂ രാജ്യങ്ങളിൽ നിന്നായി പന്ത്രണ്ടായിരം മുസ്ലിം രോഗികൾ ഈ പഠനത്തിെൻറ ഭാഗമായിരുന്നു. ഈ പഠനത്തിെൻറ പ്രധാന കണ്ടെത്തലുകൾ ഇവയാണ്.
•94.2 ശതമാനം രോഗികളും 15 ദിവസമെങ്കിലും വ്രതമനുഷ്ഠിച്ചവരാണ്.
•66.6 ശതമാനം പേരും റമദാൻ മാസത്തിലെ എല്ലാ ദിവസവും നോമ്പനുഷ്ഠിച്ചു.
•50 ശതമാനം പേരും റമദാനിൽ ജീവിതരീതികൾ ക്രമീകരിക്കാത്തവരായി കണ്ടെത്തി
•ഗ്ലൂക്കോസ് കൂടുന്ന സന്ദർഭങ്ങൾ (hyperglycemic episodes) നോമ്പുകാലത്തു കൂടുതലായി കണ്ടെത്തി
മറ്റൊരു പഠനമായ CREED Study അനുസരിച്ചു 8.8 ശതമാനം പേർക്ക് ഗ്ലൂക്കോസ് കുറയുന്ന സന്ദർഭങ്ങൾ (hypoglycemic episodes) ഉണ്ടായി,
അതിൽ പകുതിപേർക്ക് നോമ്പ് അവസാനിപ്പിക്കേണ്ടിവന്നു. ഈ പഠനങ്ങൾ പറയുന്നത് ഭൂരിഭാഗം പ്രമേഹ രോഗികളും നോമ്പെടുക്കുന്നുവെന്നും നോമ്പ് പ്രമേഹ രോഗികളിൽ പല സങ്കീർണതകൾക്കും കാരണമാകുന്നു എന്നുമാണ്.
റമദാൻ മാസത്തെ അഭിമുഖീകരിക്കുന്ന രോഗികളിൽ പരമാവധി സങ്കീർണതകൾ കുറക്കാൻ പല നിർദേശങ്ങളും പാലിക്കേണ്ടതുണ്ട്.
1. റമദാൻ മാസത്തിനുമുമ്പായി ചികിത്സിക്കുന്ന ഡോക്ടറെ കാണുകയും വ്രതം അനുഷ്ഠിക്കുന്നത് സൂചിപ്പിക്കുക.
2. വ്രതാനുഷ്ഠാനം മൂലം പ്രമേഹം വഷളാകാൻ സാധ്യത ഉണ്ടെന്ന് ഡോക്ടർ നിരീക്ഷിച്ചാൽ നോമ്പിന് മുതിരാതിരിക്കുന്നതാണ് ഉത്തമം. അത് പാലിക്കാൻ മതപരമായ പിൻബലവുമുണ്ട്. (വി.ഖു 2:185)
•ആകെ കലോറിയെ നോമ്പുതുറ ഭക്ഷണം, പ്രഭാത ഭക്ഷണം എന്നിവ കൂടാതെ ഇവക്കിടയിൽ ഒന്നോ രണ്ടോ ലഘു ഭക്ഷണങ്ങളുമാക്കി വിഭജിക്കുക.
•45-50 ശതമാനം അന്നജമടങ്ങിയ ഭക്ഷണങ്ങൾ (അരി, ഗോതമ്പ്, റാഗി, പഴവർഗങ്ങൾ ), 20-30 ശതമാനം മാംസ്യങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ (കടല, പയർ, മീൻ, ഇറച്ചി, മുട്ട, പാൽ)
•35 ശതമാനത്തിനു താഴെ മാത്രം കൊഴുപ്പടങ്ങിയ ഭക്ഷണങ്ങൾ (നെയ്യ്, ബട്ടർ.)
• glycemic index കുറഞ്ഞ നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ ആണ് ഏറ്റവും നല്ലത്.
•പഴവർഗങ്ങൾ, പച്ചക്കറികൾ, സാലഡുകൾ ധാരാളമായി ഉപയോഗിക്കാം.
•പൂരിത കൊഴുപ്പുകൾ അടങ്ങിയ ഭക്ഷണങ്ങൾ പരമാവധി കുറക്കുക (നെയ്യ്, പൊരിക്കടികൾ).
•മധുര പലഹാരങ്ങൾ, കേക്ക്, മിഠായി, ജിലേബി, ചോക്ലറ്റുകൾ എന്നിവ ഒഴിവാക്കുക.
•പാചകത്തിനായി എണ്ണ ഏറ്റവും ചുരുങ്ങിയ അളവിൽ ഉപയോഗിക്കുക
•സൂര്യാസ്തമയം മുതൽ സൂര്യോദയം വരെ നന്നായി ജലപാനീയങ്ങൾ കുടിക്കുക. ഇത് നിർജലീകരണം തടയും.
•കാപ്പി, പഞ്ചസാര, ശർക്കര എന്നിവ അടങ്ങിയ പാനീയങ്ങൾ ഒഴിവാക്കുക.
അത്യാവശ്യത്തിനു മാംസ്യവും കൊഴുപ്പും അടങ്ങിയ ഭക്ഷണമാവണം (മീൻ, കോഴിയിറച്ചി, പാൽ, കശുവണ്ടി, പയർ, കടല...) പുലർച്ചെ കഴിക്കേണ്ടത്. ഇത് ഗ്ലൂക്കോസ് കൂടാതിരിക്കാൻ സഹായിക്കും. മാത്രവുമല്ല, കുറച്ച് ആഹാരം കൊണ്ടുതന്നെ വിശപ്പകറ്റാനും കഴിയും.
ധാരാളം വെള്ളം കൊണ്ടും ഒന്നോ രണ്ടോ ഈത്തപ്പഴം കൊണ്ടുമാണ് നോമ്പ് മുറിക്കേണ്ടത്. ഇത് നിർജലീകരണം തടയാനും പെട്ടെന്നുള്ള ഗ്ലൂക്കോസ് താഴ്ച തടയാനും കാരണമാകും. അത്യാവശ്യമെങ്കിൽ ഒന്നോ രണ്ടോ ലഘു ഭക്ഷണങ്ങൾ നോമ്പ് തുറന്നതിനും അത്താഴത്തിനും ഇടയിൽ കഴിക്കാം.
പഴവർഗങ്ങളിൽനിന്നൊരു ഭാഗം, ഒരു പിടി കശുവണ്ടിയോ ബദാമോ അല്ലെങ്കിൽ പച്ചക്കറിയോ സാലഡോ ഇതിനായി ഉപയോഗിക്കാം. നോമ്പുതുറ സമയത്ത് ലഘുഭക്ഷണവും പ്രധാന ഭക്ഷണം പിന്നീടും എടുക്കുന്നതിലും വിരോധമില്ല. പ്രമേഹത്തിെൻറ മരുന്ന് പ്രധാന ഭക്ഷണവുമായാണ് ക്രമീകരിക്കേണ്ടത്.
കഠിന വ്യായാമങ്ങൾ നോമ്പുകാലത്ത് ഒഴിവാക്കേണ്ടതാണ്. അനായാസ-മിത വ്യായാമങ്ങൾ ചെയ്യാവുന്നതാണ്. അഞ്ചുനേരങ്ങളിലെ നമസ്കാരങ്ങൾ, തറാവീഹ് നമസ്കാരങ്ങൾ എന്നിവ നോമ്പുകാലത്തെ ദൈനംദിന വ്യായാമമായി കണക്കാക്കാം.
രക്തത്തിലെ ഗ്ലൂക്കോസ് കുറയുന്ന സന്ദർഭങ്ങൾ (hypoglycemic episodes) പരമാവധി കുറക്കും വിധമായിരിക്കും ഡോക്ടർമാർ മരുന്നുകൾ ക്രമീകരിക്കുക. ആ ക്രമീകരണം സ്വന്തം ഇഷ്ടപ്രകാരം തെറ്റിക്കരുത്.
രക്തത്തിൽ ഗ്ലൂക്കോസിെൻറ അളവ് കുറഞ്ഞുപോകാനും അനിയന്ത്രിതമായി കൂടിപ്പോകാനും നോമ്പ് സമയത്തു വളരെ സാധ്യത ഉണ്ട്. അതിനാൽ തന്നെ ബുദ്ധിമുട്ടുകൾ അനുഭവപ്പെടുമ്പോൾ സാധ്യമെങ്കിൽ വീട്ടിലെ ഗ്ലൂക്കോമീറ്റർ ഉപയോഗിച്ചോ തൊട്ടടുത്ത ലാബുകളിൽ പോയോ രക്തപരിശോധന നടത്തുന്നത് നന്നാവും.
ഉച്ചക്കുശേഷവും ഇഫ്താറിന് തൊട്ടടുത്ത സമയങ്ങളിലുമാണ് സാധാരണയായി ഗ്ലൂക്കോസ് കുറയുന്ന അവസ്ഥ ഉണ്ടാകുന്നത്. ഇടക്കിടക്ക് ഗ്ലൂക്കോസ് കുറയുന്ന പ്രവണത കാണിക്കുന്ന രോഗികളും ഒന്നിലധികം പ്രമേഹ മരുന്നുകൾ എടുക്കുന്നവരും ഈ നേരങ്ങളിൽ ഗ്ലുക്കോസിെൻറ അളവ് പരിശോധിച്ച് ഡോക്ടറുടെ ഉപദേശം തേടുന്നത് ഉചിതമാണ്.
•മതപരമായി രക്തപരിശോധന വ്രതത്തിന് ഭംഗം വരുത്തുന്ന കാര്യമല്ല എന്ന് മനസ്സിലാക്കുക.
•ശരീരത്തിൽ ഗ്ലൂക്കോസ് കുറയുന്നതിെൻറ (hypoglycemia ) ലക്ഷണങ്ങൾ:
•വിറയൽ, വിയർക്കുക, ഹൃദയമിടിപ്പ് അനുഭവപ്പെടൽ, പെട്ടെന്നുള്ള ദാഹം, ബോധക്ഷയം, സ്ഥലകാല ബോധമില്ലാത്ത പെരുമാറ്റം
•ശരീരത്തിൽ അനിയന്ത്രിതമായി ഗ്ലൂക്കോസ് കൂടുന്നതിെൻറ (hyper glycemia) ലക്ഷണങ്ങൾ:
•അമിതമായ ദാഹം, തുടരെത്തുടരെ മൂത്രമൊഴിക്കൽ, ക്ഷീണം, ഛർദി, ഓക്കാനം, വയറുവേദന, ബോധക്ഷയം.
•ശരീരത്തിൽ ഗ്ലൂക്കോസ് കുറയുന്നതിെൻറയോ കൂടുന്നതിെൻറയോ ലക്ഷണങ്ങൾ ഉണ്ടാകുമ്പോൾ (രക്തപരിശോധനക്ക് സമയവും സംവിധാനവും ഉണ്ടെങ്കിൽ പരിശോധിച്ച ശേഷം മാത്രം തീരുമാനമെടുക്കുക)
•രക്തത്തിലെ ഗ്ലൂക്കോസിെൻറ അളവ് 70 mg/dl നു താഴെയോ 300mg /dl നു മുകളിലോ ആണെങ്കിൽ.
•നിർജലീകരണമോ ഗൗരവപ്പെട്ട മറ്റു രോഗങ്ങളോ പിടിപെടുമ്പോൾ.
ആരോഗ്യകരമായ ഒരു റമദാൻ വ്രതം എല്ലാവർക്കുമുണ്ടാകട്ടെ എന്നാശംസിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.