ഹൃദയത്തെ രക്ഷിക്കൂ, അതിലൂടെ ഒരു ജീവിതവും കുടുംബവും

വൈകുന്നേരം ജോലി കഴിഞ്ഞ് രാമന്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. സ്‌കൂട്ടര്‍ ഓടിക്കുന്നതിനിടെ നെഞ്ചില്‍ ഒരു ഭാരം അനുഭവപ്പെട്ടു. നല്ല കാലാവസ്ഥയായിരുന്നിട്ടും രാമന് വിയര്‍ക്കുന്നുണ്ടായിരുന്നു. വഴിയരികില്‍ സ്‌കൂട്ടര്‍ നിര്‍ത്തിയ ഉടനെ രാമന്‍ കുഴഞ്ഞ് വീണ് അബോധാവസ്ഥയിലായി. ആളുകള്‍ ഓടിക്കൂടി ആംബുലന്‍സ് എത്തിയപ്പോഴേക്കും അദ്ദേഹം മരിച്ചിരുന്നു. ഭാര്യയും സ്‌കൂളില്‍ പഠിക്കുന്ന രണ്ട് കുട്ടികളുമായിരുന്നു അദ്ദേഹത്തിന്. അദ്ദേഹത്തിൻെറ മരണം ആ കുടുംബത്തെ നിസ്സഹായാവസ്ഥയിലാക്കി. ജീവിതം തള്ളിനീക്കാന്‍ മറ്റുള്ളവരെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് ആ കുടുംബം ഇന്ന്. രാമൻെറ ജീവന്‍ രക്ഷിക്കാന്‍ നമുക്ക് കഴിയുമായിരുന്നോ? ആ കുടുംബത്തെ രക്ഷിക്കാന്‍ കഴിയുമായിരുന്നോ?

ഈ ലോക ഹൃദയദിനത്തിലെ മുദ്രാവാക്യം 'ഹൃദ്രോഗം തടയാന്‍ ഹൃദയം ഉപയോഗിക്കൂ' എന്നാണ്. നമ്മുടെ ഹൃദയം ഉപയോഗിച്ച് ഹൃദയാഘാതങ്ങള്‍ തടയാന്‍ സഹായിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാം. രക്ഷിക്കുന്ന ഒരു ഹൃദയം രക്ഷപ്പെടുന്ന ഒരു ജീവനാണ്. ഇത് ഒരു ദുരന്തത്തില്‍ നിന്നും ഒരു കുടുംബത്തെയാണ് രക്ഷിക്കുന്നത്. ഇന്ത്യയില്‍ പ്രത്യേകിച്ച് കേരളത്തില്‍ ഹൃദയാഘാതം ഉണ്ടാകുന്നത് 40കളിലും 50കളിലുമുള്ള ആളുകളെയാണ്. ഈ പ്രായത്തിലുള്ളവര്‍ ജീവിതത്തിലെ ഏറ്റവും ഉത്പാദനക്ഷമതയുള്ള കാലഘട്ടത്തിലേക്ക് പ്രവേശിക്കുന്നവരാകും. കൂടാതെ കുടുംബത്തിലെ വരുമാനമുള്ള ഏക അംഗവുമാകാം. അത്യാഹിതം സംഭവിക്കുമ്പോള്‍ കുട്ടികള്‍ ഹൈസ്‌കൂള്‍ ക്ലാസിലോ കോളേജിലെ ആദ്യ വര്‍ഷമോ ആയിരിക്കും. പലപ്പോഴും ഹൃദയാഘാതത്തെ തുടര്‍ന്ന് കുടുംബനാഥനെയാകും നഷ്ടപ്പെടുക. ഇനിയിപ്പോ മരണത്തിന് കീഴടങ്ങിയില്ലെങ്കിലും മിക്കപ്പോഴും അവര്‍ക്ക് ജോലിയും സാമ്പത്തിക സുരക്ഷിതത്വവും നഷ്ടപ്പെടാം. പ്രത്യേകിച്ച് യഥാസമയം ചികിത്സ ലഭ്യമാകാത്ത രോഗിക്ക് വരുമാനം ഉണ്ടാക്കാനുള്ള കാര്യക്ഷമത നശിക്കാനും ഇടയുണ്ട്.

ഹൃദ്രോഗങ്ങള്‍ തടയാനും ഹൃദയാഘാതങ്ങള്‍ കാലതാമസമില്ലാതെ ചികിത്സിക്കാനും നമുക്കൊരുമിക്കാം. ഹൃദ്രോഗങ്ങള്‍ തടയുന്നതിന് പ്രധാനപ്പെട്ടതാണ് ആരോഗ്യകരമായ ഭക്ഷണശീലവും ക്രമമായ വ്യായാമവും അടങ്ങിയ ജീവിതശൈലി. 40കളിലും 50കളിലുമുള്ളവര്‍ കൃത്യമായ ഇടവേളകളില്‍ രക്തസമ്മര്‍ദ്ദം, ഷുഗര്‍, കൊളസ്‌ട്രോള്‍ എന്നിവ പരിശോധിക്കുന്നത് ഹൃദയാഘാതം തടയാന്‍ സഹായിക്കും. ഹൃദ്രോഗങ്ങളുടെ ചികിത്സ കൃത്യസമയത്ത് നടത്തുന്നത് പെട്ടെന്നുള്ള ഹൃദയാഘാതവും ഹൃദയസ്തംഭനവും തടയാനാകും.

ഹൃദയാഘാതം തടയാനുള്ള വഴികളെക്കുറിച്ചും എങ്ങനെ പെട്ടെന്ന് ചികിത്സ തേടണമെന്നതിനെക്കുറിച്ചും പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കേണ്ടതുണ്ട്. ഇത് സമൂഹത്തിന് നിരവധി ഹൃദയങ്ങളെ രക്ഷിക്കാന്‍ ഉപകരിക്കും.


ഹൃദയം സംരക്ഷിക്കാന്‍ സ്വീകരിക്കേണ്ട നടപടികള്‍

  • ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളില്‍ ഹൃദയാഘാതങ്ങള്‍ തടയാനുള്ള മാര്‍ഗങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുക. അവര്‍ കുടുംബാംഗങ്ങളെ ബോധവല്‍കരിക്കും.
  • പ്രായപൂര്‍ത്തിയായ എല്ലാവര്‍ക്കും ബൈസ്റ്റാന്‍ഡര്‍ സി.പി.ആര്‍ ചെയ്യാന്‍ പരിശീലനം നല്‍കുക. ഇതിലൂടെ പെട്ടെന്ന് കുഴഞ്ഞ് വീണുള്ള മരണം തടയാനാകും.
  • പുകവലി ഉള്‍പ്പെടെ ലഹരി വസ്തുക്കളോടുള്ള ആസക്തി തടയുക.
  • ആരോഗ്യകരമായ ഭക്ഷണ ശീലം വളര്‍ത്തുക.
  • വ്യായാമം ദിനചര്യയാക്കുക.
  • ഹൃദ്രോഗ സാധ്യതയുള്ളവര്‍ക്കായി ആരോഗ്യ പരിശോധനകൾ സംഘടിപ്പിക്കുക.
  • ഹൃദ്രോഗങ്ങള്‍ക്ക് സാാധാരണക്കാരന് താങ്ങാവുന്ന ചികിത്സ ഉറപ്പാക്കുക.

രാമനെ പോലുള്ള ആളുകള്‍ക്ക് മിക്കവാറും ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഷുഗര്‍ അല്ലെങ്കില്‍ കൊളസ്‌ട്രോള്‍ ഉണ്ടാകാം. ഇതുകാരണം ഹൃദയത്തില്‍ ബ്ലോക്കുകള്‍ ഉണ്ടാകുകയും അത് പെട്ടെന്നുള്ള ഹൃദയാഘാതത്തിന് കാരണമാകുകയും ചെയ്യും. ഹൃദയാഘാതം ഉണ്ടായ ഉടനെ അടുത്തുണ്ടായിരുന്ന ആരെങ്കിലും സി.പി.ആര്‍ നല്‍കിയിരുന്നെങ്കില്‍ മെഡിക്കല്‍ സഹായം ലഭ്യമാകുന്നത് വരെ രാമൻെറ ജീവന്‍ നിലനിര്‍ത്താമായിരുന്നു. രാമന്‍ കൃത്യമായ മുറയ്ക്ക് രക്തസമ്മര്‍ദ്ദം, ഷുഗര്‍, കൊളസ്‌ട്രോള്‍ എന്നിവ പരിശോധിക്കുകയും അവ നിയന്ത്രിച്ച് നിര്‍ത്തുകയും ചെയ്തിരുന്നെങ്കില്‍ ഹൃദയാഘാതം തന്നെ തടയാനാകുമായിരുന്നു.



Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.