ശ്വാസനാളിയിലെ ആന്ത്രാക്സ് മരണത്തിനിടയാക്കും; ഈ ലക്ഷണങ്ങളെ കരുതിയിരിക്കുക

തൃശൂരിൽ അതിരപ്പള്ളി മേഖലയിൽ ആന്ത്രാക്സ് സ്ഥിരീകരിച്ചത് കഴിഞ്ഞ ദിവസമാണ്. ആന്ത്രാക്സ് രോഗം മൃഗങ്ങളിലാണ് ബാധിക്കുകയെങ്കിലും അവ മനുഷ്യരിലേക്ക് പകരാം. എന്താണ് ആന്ത്രാക്സ്, ലക്ഷണങ്ങൾ എന്തെല്ലാം തുടങ്ങിയ കാര്യങ്ങൾ നോക്കാം.

എന്താണ് ആന്ത്രാക്സ്

ബാസിലസ് ആ​​ന്ത്രാക്സിസ് എന്ന ബാക്ടീരിയ പരത്തുന്ന രോഗമാണ് ആന്ത്രാക്സ്. അത് സാധരണയായി മണ്ണിലുണ്ടാകുന്ന ബാക്ടീരിയയാണ്. മൃഗങ്ങളെയാണ് ബാക്ടീരിയ ബാധിക്കുക. രോഗം ബാധിച്ച മൃഗങ്ങളുമായി ബന്ധപ്പെടുന്ന മനുഷ്യർക്കും രോഗം പകരാം. അതേസമയം, ആന്ത്രാക്സ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരില്ല.

ആന്ത്രാക്സ് മനുഷ്യർക്ക് ബാധിക്കുന്നതെങ്ങ​നെ

രോഗബാധിതരായ മൃഗങ്ങളുടെ സ്രവങ്ങളിലൂടെ മനുഷ്യ ശരീരത്തിലെത്തിയാൽ രോഗാണു സജീവമാകും. മനുഷ്യർ ശ്വസിക്കുന്നതു വഴിയോ ഭക്ഷണത്തിലൂടെയോ വെള്ളത്തിലൂടെയോ മുറിവിലൂടെയോ രോഗകാരികളായ മൃഗങ്ങളുടെ സ്രവങ്ങൾ ശരീരത്തിലെത്തിയായാണ് രോഗം പിടിപെടുക. അപൂർവമായി മാത്രമാണ് മനുഷ്യരിൽ ആന്ത്രാക്സ് ബാധിക്കുക.

മൃഗങ്ങളിൽ രോഗബാധ എങ്ങനെ

രോഗാണുവുള്ള മണ്ണോ ചെടികളോ കഴിക്കുകയോ രോഗാണുവടങ്ങിയ വെള്ളം കുടിക്കുകയോ രോഗണുവിന്റെ കോശം ശ്വസിക്കുക വഴി ഉള്ളിലെത്തുകയോ ചെയ്യുമ്പോൾ മൃഗങ്ങളിൽ രോഗ ബാധയുണ്ടാകാം. സാധാരണയായി കന്നുകാലികൾ, ആടുകൾ, മാനുകൾ എന്നിവയിലാണ് രോഗബാധ വ്യപകമായി കാണുന്നത്.

ലക്ഷണങ്ങൾ

മനുഷ്യരിൽ രോഗം ബാധിച്ചാൽ ആറ് ആഴ്ചക്ക് ശേഷം മാത്രമേ ലക്ഷണങ്ങൾ ഉണ്ടാവുകയുള്ളു.

ചർമത്തിലെ ആന്ത്രാക്സ്

ചർമത്തിലെ മുറിവുകളിലൂടെ രോഗാണു ശരീരത്തിൽ പ്രവേശിക്കുമ്പോഴാണ് ചർമത്തിൽ ആന്ത്രാക്സ് ഉണ്ടാകുന്നത്

  • ത്വഗിൽ​ ചൊറിച്ചിലോടു കൂടിയ വ്രണം. പ്രാണികളുടെ കടിയേറ്റതുപോലെയുള്ള പാടുകളായിരിക്കും. കറുത്ത നിറത്തിൽ ചുറ്റുപാടും ചുവന്നിരിക്കുന്ന മുറിവായിരിക്കും.
  • വ്രണത്തിലും അടുത്തുള്ള ലിംഫ് ഗ്രന്ഥികളിലും വീക്കം
  • ചിലപ്പോൾ പനിയും തലവേദനയും

ഉദരത്തിലെ ആന്ത്രാക്സ്

രോഗം ബാധിച്ച മൃഗത്തിന്റെ മാംസം വേണ്ടത്ര വേവിക്കാതെ കഴിക്കുന്നതു മൂലമാണ് ഇതുണ്ടാകുന്നത്.

  • ഓക്കാനം
  • ഛർദി
  • വയറുവേദന
  • തലവേദന
  • വിശപ്പില്ലായ്മ
  • പനി
  • ​തൊണ്ടവേദന
  • കഴുത്ത് വീക്കം
  • രോഗം ഗുരുതരമായാൽ രക്തത്തോടുകൂടിയ വയറിളക്കം

ശ്വസന നാളിയിലെ ആന്ത്രാക്സ്

ആന്ത്രാക്സ് രോഗാണുവിനെ ശ്വസിക്കുമ്പോൾ ഉണ്ടാകുന്നതാണ് ശ്വസന നാളിയിലെ ആന്ത്രാക്സ്. ഇതാണ് ആന്ത്രാക്സ് രോഗത്തിന്റെ ഏറ്റവും മാരകമായ വിഭാഗം. ചികിത്സ തേടിയാൽ പോലും മരണം സംഭവിക്കാം.

  • തൊണ്ടവേദന, ചെറിയപനി, ക്ഷീണം, മസിൽ വേദന തുടങ്ങി കുറച്ച് മണിക്കൂറു​കളോ ദിവസങ്ങളോ നീണ്ടു നിൽക്കുന്ന പനി പോലുള്ള അവസ്ഥ
  • ചെറിയ നെഞ്ചെരിച്ചിൽ
  • ശ്വാസം മുട്ടൽ
  • ഓക്കനം​
  • ചുമക്കുമ്പോൾ രക്തം വരിക
  • ഭക്ഷണം ഇറക്കുമ്പോൾ വേദന
  • കടുത്ത പനി
  • സ്ട്രോക്ക്
  • മെനിഞ്ചൈറ്റിസ്

ആന്ത്രാക്സ് രോഗമുള്ള ജീവികളെ കൈകാര്യം ചെയ്യേണ്ടി വരികയോ മറ്റോ ചെയ്താൽ തീർച്ചയായും ചികിത്സ തേടണം.

Tags:    
News Summary - What is anthrax

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.