ഇന്ന് ലോക സി.ഒ.പി.ഡി (ക്രോണിക് ഒബ്‌സ്ട്രക്ടീവ് പള്‍മനറി ഡിസീസ്) ദിനമാണ്. ശ്വാസകോശ രോഗത്തിന്റെ ഗൗരവം ഏറെ വര്‍ധിച്ച സമയമാണിത്. കോവിഡ് കാലമായതുകൊണ്ടു തന്നെ!കോവിഡ് കാലത്തെ സി.ഒ.പി.ഡി ദിനത്തിന് ഏറെ പ്രസക്തിയുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ തന്നെ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു. സി.ഒ.പി.ഡി രോഗികള്‍ കോവിഡ് ബാധിതരായാല്‍ ഗുരുതരമാകാനുള്ള സാധ്യത ഏറെയാണെന്നതിനാലണ് ഇത്.എന്താണ് സി.ഒ.പി.ഡി., എങ്ങിനെ നമ്മള്‍ ഈ രോഗാവസ്ഥയിലെത്തുന്നു, സി.ഒ.പി.ഡി. രോഗിയാണോ എന്ന് എങ്ങിനെ തിരിച്ചറിയാം, ലഭ്യമായ ചികിത്സ എന്നിവയെല്ലാം അറിയാം
ശ്വാസനാളികളിലേക്കുള്ള വായുസഞ്ചാരം തടസ്സപ്പെടുന്ന രോഗങ്ങളിൽ വിട്ടുമാറാത്തതും ദീർഘകാലമായുള്ളതുമായ രോഗാവസ്ഥയാണ് സിഒപിഡി(ക്രോണിക് ഒബ്സ്ട്രക്ടീവ് പൾമനറി ഡിസീസ്). പ്രതിവർഷം 30 ലക്ഷത്തോളം പേരാണ് ഈ അസുഖം മൂലം മരണപ്പെടുന്നത്. ശരിയായ സമയത്ത് രോഗം കണ്ടെത്തി ചികിത്സിച്ചാൽ ഒരു പരിധിവരെ രോഗത്തിൽ നിന്ന് മുക്തി നേടാം. എല്ലാ വർഷവും നവംബർ മാസത്തിലെ രണ്ടാമത്തെയോ മൂന്നാമത്തെയോ ബുധനാഴ്ചയാണ് സി.ഒ.പി.ഡി ദിനമായി ആചരിക്കാറുള്ളത്. സിഒപിഡിക്കെതിരെ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ 'Living well with COPD-Everybody, Everywhere' (സിഒപിഡിയോടൊപ്പം നന്നായി ജീവിക്കു, എല്ലാവരുമായും, എല്ലായിടത്തും) എന്ന പ്രമേയമാണ് ഇത്തവണത്തെ സിഒപിഡി ദിനം മുന്നോട്ട് വയ്ക്കുന്നത്. ആഗോളതലത്തിൽ മരണകാരണങ്ങളാകുന്ന രോഗങ്ങളുടെ പട്ടികയിൽ ഹൃദയാഘാതത്തിനും മസ്തിഷ്കാഘാതത്തിനും പിറകിലായി മൂന്നാം സ്ഥാനത്തുളള രോഗമാണിത്.
ഇന്ത്യയുൾപ്പെടെയുള്ള വികസ്വര രാജ്യങ്ങളിൽ സിഒപിഡി രോഗികളുടെ എണ്ണം വർഷം തോറും വർധിച്ചു വരുന്നു. പുകവലിജന്യരോഗങ്ങളിൽ ഏറ്റവും മുഖ്യമായതും പ്രതിവിധികൾ അധികം ഇല്ലാത്തതുമായ രോഗമാണിത്. 80 ശതമാനത്തോളം സിഒപിഡി രോഗികളും പുകവലിക്കുന്നവരാണ്. എന്നാൽ ജനിതക–പാരിസ്ഥിതിക ഘടകങ്ങളും അന്തരീക്ഷ മലിനീകരണവും പുകവലിക്കാത്തവരിൽ ഈ അസുഖം വരുന്നതിന് കാരണമാകുന്നുണ്ട്. ഇന്ത്യയിൽ സ്ത്രീകൾക്ക് സിഒപിഡി വരുന്നതിനുള്ള പ്രധാന കാരണം അടുപ്പിൽ നിന്നുള്ള പുകയുമായുള്ള സമ്പർക്കമാണ്.
ക്രോണിക് ബ്രോങ്കൈറ്റിസ്, എംഫിസെമ എന്നിങ്ങനെ രണ്ടുവിഭാഗം രോഗികളാണ് സിഒപിഡിയിലുള്ളത്. ക്രോണിക് ബ്രോങ്കൈറ്റിസ് രോഗികളിൽ അടിക്കടിയുളള ചുമയും എംഫിസെമ രോഗികളിൽ കിതപ്പുമാണ് മുഖ്യ രോഗലക്ഷണമായി കാണപ്പെടുന്നത്. പുകവലിക്കുന്നവരിലും മറ്റും ഇത്തരം രോഗലക്ഷണങ്ങൾ കണ്ടാൽ വിദഗ്ധ പരിശോധനയിലൂടെ സിഒപിഡി ആണോ എന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്.
ശ്വാസകോശത്തിലേക്കും പുറത്തേക്കുമുള്ള വായുവിന്റെ ഗതി നിർണയിക്കുന്ന പരിശോധനയായ പൾമനറി ഫങ്ഷൻ ടെസ്റ്റാണ് രോഗനിർണയത്തിന് മുഖ്യമായും സഹായിക്കുന്നത്. പി എഫ് ടി ചെയ്ത് സിഒപിഡി ആണോ എന്ന് ഉറപ്പ് വരുത്തുകയും ആസ്ത്‌മാ മുതലായ സമാനരോഗങ്ങളിൽ നിന്ന് ഈ രോഗത്തെ വേർതിരിച്ചറിയുകയും രോഗത്തിന്റെ കാഠിന്യാവസ്ഥയെക്കുറിച്ച് മനസ്സിലാക്കുകയും ചെയ്യാവുന്നതാണ്. കൂടാതെ, രക്തപരിശോധനകൾ, എക്സ്റെ, സിടി സ്‌കാൻ മുതലായവയും രോഗനിർണയത്തിന് ആവശ്യമായി വന്നേക്കാം.
രോഗം സിഒപിഡി ആണെന്ന് സ്ഥിരീകരിച്ചു കഴിഞ്ഞാൽ ചെയ്യേണ്ടത് പുകവലി ഉപേക്ഷിക്കുക എന്നതാണ്.
പുകവലി നിർത്താൻ സാധിക്കാത്തവർക്ക് മരുന്നുകളുടേയും മറ്റും സഹായത്തോടെ അതിനു ശ്രമിക്കാവുന്നതാണ്.
ചികിത്സ രീതികളിൽ പ്രധാനം ശ്വാസനാളികളിൽ വികാസം ഉണ്ടാക്കുന്ന ഇൻഹേലർ മരുന്നുകളാണ്. ഇവ പാർശ്വഫലങ്ങൾ കുറഞ്ഞതും ദീർഘകാലം ഉപയോഗിക്കാൻ സാധിക്കുന്നതുമാണ്. വിവിധതരത്തിലുള്ള മരുന്നുകൾ ഇപ്പോൾ ഇൻഹേലർ രൂപത്തിൽ ലഭ്യമാണ്. ഇവ രോഗത്തിന്റെ കാഠിന്യത്തിനനുസരിച്ച് ഡോക്ടർമാർ രോഗികൾക്ക് കുറിച്ച് നൽകുന്നു. സിഒപിഡി രോഗികളിൽ രോഗത്തിന്റെ കാഠിന്യം കൂടാനുളള മുഖ്യകാരണം അടിക്കടിയുണ്ടാകുന്ന അണുബാധയാണ്. ഇവയുടെ ലക്ഷണങ്ങൾ കാണുമ്പോൾ തന്നെ ചികിഝ തേടേണ്ടതാണ്. അടിക്കടിയുണ്ടാകുന്ന അണുബാധകൾ ഒരു പരിധിവരെ തടയുന്നതിന് പ്രതിരോധ കുത്തിവെപ്പുകൾ സഹായിക്കുന്നതാണ്.
ഇൻഫ്ളുവൻസ വാക്സിൻ, ന്യൂമോകോക്കൽ വാക്സിൻ എന്നിവയാണ് സാധാരണ സിഒപിഡി രോഗികൾക്ക് ഉപദേശിക്കാറുള്ളത്. രോഗചികിത്സരീതികളിൽ മരുന്നുകൾക്ക് പുറമെ പൾമണറി റീഹാബിലിറ്റേഷന് മുഖ്യമായ പങ്കുവഹിക്കാൻ സാധിക്കും. രോഗികൾക്ക് അവരുടെ രോഗത്തിന്റെ കാഠിന്യത്തിനനുസരിച്ച് കൃത്യമായ വ്യായാമമുറകളിലൂടെ ശ്വാസകോശത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ സാധിക്കും. ഇവ കൃത്യമായും പരിശീലനം ലഭിച്ചവരുടെ നേതൃത്വത്തിൽ വേണം തുടക്കത്തിൽ ചെയ്യുവാൻ.
സിഒപിഡി രോഗികളിൽ കാലക്രമേണ കിതപ്പ് കൂടിവരികയും ശരീരത്തിൽ ഓക്‌സിജന്റെ അളവ് കുറയുകയും കാർബൺഡയോക്സൈഡിന്റെ അളവ് കൂടുകയും ചെയ്യുന്നു. ഇവ പിന്നീട് ഹൃദയത്തിന്റെ പ്രവർത്തനത്തെ ബാധിക്കുകയും രോഗാവസ്ഥ ഗുരുതരമാകുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള രോഗികൾക്ക് തുടർച്ചയായുള്ള ഓക്സിജൻ തെറാപ്പി വേണ്ടിവന്നേക്കാം. ചെറിയ ശതമാനം രോഗികൾ നോൻഇൻവസീവ് വെന്റിലേഷൻ ചികിത്സയുടെ ഭാഗമാകേണ്ടി വരുന്നു.
സിഒപിഡി വന്നിട്ടു ചികിൽസിക്കുന്നതിനേക്കാൾ രോഗം വരാതെ നോക്കുക എന്നതാണ്. ഇതിൽ ഏറ്റവും പ്രധാനം പുകവലി ഉപേക്ഷിക്കലാണ്. പുകവലിക്കുന്നവർക്കു മാത്രമല്ല അതിന്റെ പുക ശ്വസിക്കുവർക്കും രോഗം വരാം.
കോവിഡ് എന്ന മഹാമാരിക്ക് എതിരെ പൊരുതികൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഈ വർഷത്തെ സി.ഒ.പി.ഡി ദിനം ആചരിക്കുന്നത്. സാധാരണ രോഗങ്ങളെക്കാളുപരി സിഒപിഡി രോഗികളെ കോവിഡ് കൂടുതൽ രൂക്ഷമായി ബാധിക്കുന്നതായി കാണപ്പെടുന്നു.
ഇൻഹേലറുകളും മരുന്നുകളും ഉപയോഗിക്കുന്ന രോഗികൾ എന്തായാലും അത് തുടരുക തന്നെ ചെയ്യണം.
ശ്വാസംമുട്ടൽ ഉള്ള രോഗികൾക്ക് കൂടുതൽ ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടേക്കാം. അതിനാൽതന്നെ അവർ കൂടുതൽ ജാഗരൂകേരാകേണ്ടതാണ്.
ഓക്‌സിജൻ ഉപയോഗിക്കുന്നവർ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതാണ്. ഓക്‌സിജന്റെ അളവ് പൾസ് ഓക്സിമീറ്റർ ഉപയോഗിച്ച് ക്രമീകരിക്കേണ്ടതാണ്. ഒരു പരിധിയിൽ കുറവ് ആവുകയാണെകിൽ വൈദ്യസഹായം തേടേണ്ടതാണ്.
വീട്ടിൽ വെച്ച് നെബുലൈസേഷൻ ചെയ്യുന്നവർ അത് ഉപയോഗിക്കുന്നത് പരമാവധി കുറയ്ക്കാൻ ശ്രമിക്കണം. അതുമാത്രമല്ല, നെബുലൈസേഷൻ ചെയുകയാണെങ്കിൽതന്നെ അടച്ചിട്ട റൂമിൽ നിന്നു ചെയുന്നത് കഴിവതും ഒഴിവാക്കുക. കൂടാതെ മറ്റ് ആൾക്കാർ മുറിയിൽ നിന്ന് വിട്ടുനിൽക്കേണ്ടതുമാണ്.
(കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റൽ പൾമനോളജി ഡിപ്പാർട്ട്മെന്റിൽ സീനിയർ കൺസൾട്ടൻറാണ് ഡോ. മധു കെ.)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.