ഏപ്രിൽ 10 ലോക ഹോമിയോപ്പതി ദിനമാണ്. അന്നാണ് ഹോമിയോപ്പതിയുടെ ഉപജ്ഞാതാവ് ഡോ. ക്രിസ്റ്റ്യൻ ഫ്രഡ്രിക് സാമുവേൽ ഹാനിമാന്റെ ജന്മദിനം. ബദൽ ചികിത്സാ ശാസ്ത്രങ്ങളിൽ പ്രഥമവും വൈദ്യശാസ്ത്രരംഗത്ത് ലോകത്ത് രണ്ടാം സ്ഥാനത്തുള്ളതുമായ ഹോമിയോപ്പതിക്ക് കൂടുതൽ അംഗീകാരവും പ്രചാരവും അവശ്യമാണെന്നു തിരിച്ചറിഞ്ഞവർ ഈ ദിനം ഇങ്ങനെ നിർവചിക്കുകയായിരുന്നു. പൊതുജനാരോഗ്യരംഗം ഏറെ പ്രതിസന്ധികൾ നേരിടുകയും ആധുനിക ചികിത്സാ സങ്കേതങ്ങൾ അമ്പരന്നുനിൽക്കുകയും ചെയ്യുന്ന ഈ കാലഘട്ടത്തിൽ ഈ ദിനത്തിന് പ്രത്യേക പ്രാധാന്യമുണ്ട്.
ഹോമിയോപ്പതി ഉടലെടുത്തിട്ട് 225 സംവത്സരങ്ങൾ പൂർത്തിയായിരിക്കുന്നു. ഘടനാപരമായും പ്രായോഗിക തലത്തിലും ഏറെ ലളിതവും എന്നാൽ കർമ്മശേഷിയിൽ ശക്തിയുറ്റതുമായ ഹോമിയോപ്പതിയെ ഇപ്പൊഴും വേണ്ടവിധം മനസ്സിലാക്കപ്പെടുകയോ അർഹമാം വിധം സ്വീകരിക്കപ്പെടുകയോ ചെയ്യന്നില്ല എന്ന യാഥാർഥ്യം നിലനിൽക്കുകയാണ്. അത്യാഹിതങ്ങളടക്കം സകല ജീവജാലങ്ങൾക്കും ഏതുപ്രായത്തിലും വരാവുന്ന മിക്കവാറും എല്ലാ രോഗങ്ങൾക്കും ഹോമിയോപ്പതിയിൽ ഔഷധമുണ്ടെന്ന വസ്തുത പലർക്കുമറിയില്ല. ഇത് പരിഹാസ്യമായ അവകാശവാദമല്ല, വസ്തുതയാണെന്ന് മനസ്സിലാക്കുവാൻ ഏതാനും കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി.
മനുഷ്യന്റെ ശാരീരികവും മാനസികവും സാമൂഹികവുമായ സമ്പൂർണ സ്വാസ്ഥ്യമാണ് ആരോഗ്യം. അങ്ങനെയല്ലാത്തതെല്ലാം അനാരോഗ്യമാണ്. അവ സസൂക്ഷ്മം നിരീക്ഷിച്ച് വ്യതിയാനം വേർതിരിച്ചറിഞ്ഞ്, മാനുഷികമായി പരിചരിക്കുകയും ലളിതവും സുരക്ഷിതവുമായ മാർഗങ്ങളിലൂടെ ഔഷധ പ്രയോഗം നടത്തി ആരോഗ്യം വീണ്ടെടുക്കുകയും ചെയ്യുക എന്നതാണ് ശരിയായ ചികിത്സ. അത് ഏറ്റവും ശാസ്ത്രീയവും സമഗ്രവും പ്രകൃതിക്ക് ഇണങ്ങുന്നതുമായ രീതിയിൽ നിർവ്വഹിക്കുന്ന ചികിത്സാശാസ്ത്രമാണ് ഹോമിയോപ്പതി. ഹോമിയോപ്പതിയുടെ ഔഷധ പ്രയോഗം വളരെ ലളിതമാണ്. അത് രോഗിയിൽ ദോഷകരമായ പാർശ്വഫലങ്ങൾ യാതൊന്നും സൃഷ്ടിക്കുന്നില്ല.
ജർമൻ ഭിഷഗ്വരനായ ഡോ. ക്രിസ്റ്റ്യൻ ഫ്രഡ്രിക് സാമുവേൽ ഹാനിമാൻ 225 വർഷങ്ങൾക്കു മുമ്പ് രൂപപ്പെടുത്തിയ സവിശേഷമായൊരു ചികിത്സാ ശാസ്ത്രമാണ് ഹോമിയോപ്പതി. ഹോമിയോപ്പതിയുടെ വീക്ഷണത്തിൽ മനുഷ്യന്റെ ആരോഗ്യം എന്നത് ശരീരത്തിന്റെയും മനസ്സിന്റെയും സ്വാഭാവികമായ സമതുലിതാവസ്ഥയാണ്. ജീവശക്തിയുടെ ലയവിന്യാസത്തിലൂടെയാണ് ഈ സ്വാഭാവികാവസ്ഥ മനുഷ്യനിൽ നിലനിർത്തപ്പെടുന്നത്. ആന്തരികമോ ബാഹ്യമോ ആയ കാരണങ്ങളാൽ ഈ സ്വാഭാവികാവസ്ഥക്കുണ്ടാകുന്ന വ്യതിചലനമാണ് രോഗം. ജീവശക്തിയുടെ ക്ഷീണിതാവസ്ഥയിലും ലയവിന്യാസ തകർച്ചയിലുമാണ് ഇങ്ങനെ സംഭവിക്കുന്നത്. ഔഷധപ്രയോഗത്തിലൂടെ ജീവശക്തി കരുത്താർജിക്കുകയും സ്വാഭാവികാവസ്ഥയ്ക്കുണ്ടായ വ്യതിചലനം നീക്കി ആരോഗ്യം വീണ്ടെടുക്കുകയും ചെയ്യുന്ന പ്രക്രിയയാണ് രോഗനിവാരണം. ജീവശക്തിയുടെ വൃദ്ധി–ക്ഷയങ്ങൾക്കനുസരിച്ച് ശരീരത്തിനുള്ളിൽ സംഭവിക്കുന്നതാണ് രോഗവും രോഗനിവാരണവും.
ജീവശക്തിയുടെ ഇടപെടലില്ലാതെ, ജീവശക്തിയെ ഉത്തേജിപ്പിച്ചുകൊണ്ടല്ലാതെ രോഗനിവാരണം സാധ്യമല്ല. ജീവശക്തിയെ പരിഗണിക്കാതെ, ഔഷധവസ്തുവിന്റെ ഭൗതിക സമ്മർദത്താലോ ബാഹ്യശക്തിയാലോ രോഗത്തെ കീഴ്പ്പെടുത്തുന്നത് ശരിയായ രീതിയല്ല. അത് രോഗാവസ്ഥയുടെ അടിച്ചമർത്തൽ മാത്രം. അത് താത്കാലികമാണ്. കാലക്രമത്തിൽ രോഗം പഴയ രൂപത്തിലോ വ്യത്യസ്തമായ രൂപത്തിലോ കൂടുതൽ രൂക്ഷമായി തിരികെ വരും. അപ്പോൾ അത് രോഗിയെ കൂടുതൽ ദുർബലപ്പെടുത്തിയിട്ടുമുണ്ടാകും.
ജീവശക്തിയുടെ സ്വഭാവവും ഊർജവിന്യാസവും ഓരോരുത്തരിലും ഓരോ തരത്തിലായിരിക്കും. ഒരു വ്യക്തിയുടെ വ്യക്തിത്വ നിർണയത്തിലും ആരോഗ്യ സംരക്ഷണത്തിലും ഈ വ്യത്യസ്തത ജനിതക ഘടകം പോലെ തനിമ നിലനിർത്തുന്നു. പരസ്പരം ചേർത്തുവച്ച കോശങ്ങൾ മാത്രമല്ല, ഭൗതികവും ഭൗതികേതരവുമായ ഘടകങ്ങൾ (ശരീരവും മനസ്സും ജീവശക്തിയും അവയുടെ പ്രവർത്തനവും) ഒത്തുചേരുന്നൊരു പൂർണ്ണസത്തയാണ് മനുഷ്യൻ. സകല ജീവജാലങ്ങളും ഇങ്ങനെ തന്നെ. ഒരു രോഗമോ രോഗകാരണമോ ഒരു ബിന്ദുവിലോ ഒരു അവയവത്തിലോ മാത്രമായി ഒതുക്കി നിർത്തപ്പെടുന്നില്ല.
വ്യക്തിസ്വരൂപത്തെ ഒന്നാകെ ബാധിക്കുന്ന ഒരധിനിവേശമാണത്. ചില ഭാഗങ്ങളിൽ പ്രകടമായും മറ്റിടങ്ങളിൽ പ്രകടമാകാതെയുമിരിക്കാം എന്നുമാത്രം. ഇത് മനസ്സിലാക്കിയുള്ള ചികിത്സാരീതിയാണ് ഹോമിയോപ്പതി. രോഗത്തെയോ രോഗം ബാധിച്ചതെന്ന് അനുമാനിക്കുന്ന ശരീര ഭാഗത്തെയോ മാത്രം കേന്ദ്രീകരിച്ച് ചികിത്സിക്കുകയല്ല, മനുഷ്യനെ ഒന്നായി കരുതി, ജീവശക്തിയെ ഉത്തേജിപ്പിച്ച് രോഗനിവാരണത്തിന് ശരീരത്തെ പ്രാപ്തമാക്കുകയാണ് ഹോമിയോപ്പതി ചെയ്യുന്നത്.
ശരിയായ രോഗനിവാരണത്തിന് ഒറ്റമൂലികൾ ഫലപ്രദമല്ല. എല്ലാ പനികൾക്കും ഒരേ മരുന്ന്, എല്ലാ ചുമകൾക്കും ഒരേ മരുന്ന്, എല്ലാ രോഗികൾക്കും ഒരേ മരുന്ന് എന്ന രീതി ശരിയല്ല. ഒരു രോഗത്തെയോ ഒരു ലക്ഷണത്തെയോ ഒറ്റതിരിച്ച് ചികിത്സിക്കുന്നതും ശരിയാകില്ല. ഓരോരുത്തരിലും സംജാതമായിരിക്കുന്ന വ്യതിയാനങ്ങൾക്കനുസൃതമായി വ്യത്യസ്തമായി നടത്തപ്പെടേണ്ടതാണ് ചികിത്സ. എല്ലാവരും മനുഷ്യർ, എല്ലാ മനുഷ്യരുടെയും രോഗം ഒന്ന്, എന്ന കാഴ്ചപ്പാടോടെയുള്ള ചികിത്സ ശരിയാകില്ല.
മനുഷ്യർ പൊതുവായ ഘടനയിലും ഗണത്തിലും ഒന്നുതന്നെയെങ്കിലും തനതു വ്യക്തിത്വത്തിലൂടെ വ്യത്യസ്തത പുലർത്തുന്ന വ്യത്യസ്ത ജീവികളെപ്പോലെയാണ്. പ്രതികരണങ്ങളും പ്രതിപ്രവർത്തനങ്ങളും സാഹചര്യങ്ങളോടുള്ള ഇഴുകിച്ചേരലും ചേരാതിരിക്കലും രോഗാതുരതയും രോഗനിവാരണശേഷിയും എല്ലാം വ്യത്യസ്തമാണ്. അത് ജനിതക ഘടനയിലും ജീവശക്തിയുടെ സ്വഭാവ വൈവിധ്യത്തിലുമധിഷ്ഠിതമാണ്. അത് വേർതിരിച്ചറിഞ്ഞു വേണം ഏതു വ്യക്തിയെയും ഏതു രോഗത്തെയും ചികിത്സിക്കുവാൻ. ഹോമിയോപ്പതി അതിന് പ്രത്യേകം ശ്രദ്ധവയ്ക്കുന്നു.
മുതിർന്നവർക്കു നൽകുന്ന മിക്കവാറും എല്ലാ ഔഷധങ്ങളും അതേ രൂപത്തിൽ, അതേ മാത്രയിൽ, അളവ് കുറച്ച് കുഞ്ഞുങ്ങൾക്കും നൽകുന്ന രീതിയാണ് പൊതുവേ എവിടെയും കണ്ടുവരുന്നത്. തികച്ചും അശാസ്ത്രീയവും അപകടകരവുമായ രീതിയാണിത്. സാന്ദ്രീകൃത ഔഷധം ഭൗതിക രൂപത്തിൽ നൽകുന്ന അവസരങ്ങളിൽ പ്രത്യേകിച്ചും. 18 വർഷത്തെ വളർച്ചയും പരിണാമവും അവയവങ്ങളുടെയും ജൈവഘടകങ്ങളുടെയും കൂടിച്ചേരലും ലയവും കരുത്തും നേടിയ മുതിർന്ന വ്യക്തിയുടെ കുഞ്ഞുപതിപ്പല്ല മനുഷ്യക്കുഞ്ഞുങ്ങൾ. മുതിർന്നവർക്ക് സ്വീകാര്യമായതെന്തും കുറഞ്ഞ അളവിൽ ഏറ്റുവാങ്ങാൻ പ്രാപ്തമായൊരു ശാരീരിക–മാനസിക ഘടനയല്ല കുഞ്ഞുങ്ങളുടേത്.
മുതിർന്നവരെ അപേക്ഷിച്ച് പലതിന്റെയും അഭാവവും അപക്വതയും രൂപവ്യത്യാസവും ഉൾക്കൊള്ളുന്ന ഒരു വ്യത്യസ്ത ദുർബല–നിർമ്മല ജൈവരൂപമാണത്. അവ മുതിർന്നവർക്ക് സമാനമാണെങ്കിൽക്കൂടിയും സൂക്ഷ്മവും സ്ഥൂലവുമായ നിരവധി വൈജാത്യങ്ങളും ദൗർബല്യങ്ങളും ഉള്ളവയാണ്. പല രാസപദാർഥങ്ങളെയും സ്വീകരിക്കാനോ വിഘടിപ്പിക്കാനോ പരിവർത്തനപ്പെടുത്താനോ ശേഷിയില്ലാത്തവയാണ് അവരുടെ ശരീരഭാഗങ്ങൾ. ആ വിവേചനമറിയാതെ മുതിർന്നവർക്കു തയ്യാറാക്കിയ ഔഷധം അളവുകുറച്ച് കുഞ്ഞുങ്ങൾക്കും നൽകുന്ന രീതി ഒട്ടും ശാസ്ത്രീയമല്ല. ഹോമിയോപ്പതിയിൽ കുഞ്ഞുങ്ങളുടെ രോഗങ്ങൾക്ക് പ്രത്യേകം ഔഷധങ്ങളുണ്ടെന്നു മാത്രമല്ല, ഏത് ഔഷധവും നേർപ്പിച്ച് സൂക്ഷ്മീകരിച്ച് ഭൗതികസാന്നിധ്യം കുറച്ചതാകയാൽ, കുഞ്ഞുങ്ങൾക്ക് ദോഷകരമായിത്തീരുകയില്ലെന്ന സവിശേഷതയുമുണ്ട്.
ഉടലെടുത്ത കാലം മുതൽ ഹോമിയോപ്പതി ധാരാളം വിമർശനങ്ങൾ ഏറ്റുവാങ്ങുന്നുണ്ട്. ഭൗതിക ഘടകങ്ങളുടെ സാന്നിധ്യം ദൃശ്യമല്ലാത്ത ഔഷധങ്ങളെ സംബന്ധിച്ചാണ് ഒന്നാമത്തെ വിമർശനം. ദോഷകരമായ പാർശ്വഫലങ്ങളില്ലാത്തവയാണ് ഹോമിയോ ഔഷധങ്ങളെന്നു പറയുമ്പോൾ 'ഫലം പോലുമില്ല, പിന്നെങ്ങനെ പാർശ്വഫലങ്ങളുണ്ടാകും?' എന്നാണ് ചിലർ ചോദിക്കുന്നത്. 'ഹോമയോപ്പതി സർവ്വരോഗ സംഹാരിയെന്ന് അവകാശപ്പെടുന്നവർ അത്യാസന്ന ഘട്ടങ്ങളിൽ, അലോപ്പതിയെ ആശ്രയിക്കുന്നതെന്തിന്?', 'അതി സങ്കീർണ്ണവും അതീവ നൂതനവുമായ അവയവ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ പോലെയൊന്ന് ഹോമിയോപ്പതി ഒരിടത്തും നിർവ്വഹിച്ചതായി കേട്ടുകേൾവിയില്ലാത്തതെന്തുകൊണ്ട്?', 'ഹാനിമാൻ എന്നൊരു പടുവിഡ്ഢിക്ക് യാദൃശ്ചികമായി സംഭവിച്ചൊരു മതിഭ്രമത്തെ മഹിമയായി കരുതിയും വ്യാഖ്യാനങ്ങളാൽ പൊലിപ്പിച്ചും വസ്തുതാപരമല്ലാത്ത കാര്യങ്ങൾ പ്രചരിപ്പിച്ചും നിലനിന്നു പോകുന്നൊരു കബളിപ്പിക്കൽ പ്രസ്ഥാനമാണീ ഹോമയോപ്പതി' എന്ന തരത്തിൽ അന്തർദേശീയ തലത്തിൽ പോലും പ്രതിയോഗികൾ പ്രചാരണം നടത്തുന്നുണ്ട്.
ഏതൊന്നിന്റെയും ആധികാരിക ജിഹ്വയായി ലോകം കണക്കാക്കുന്ന വിക്കിപീഡിയയ്ക്ക് ഇന്നും ഹോമിയോപ്പതി കപടശാസ്ത്രമാണ്. ശാസ്ത്രീയതയുടെ മേലങ്കി ചാർത്തിയ ആധുനിക ഗരിമക്കാർ പുലമ്പുന്നതു മാത്രമാണ് ശരിയെന്ന് കരുതുന്ന കോർപ്പറേറ്റ് കുഴലൂത്തുകാർ ഇങ്ങനെയൊക്കെ പറയുന്നതിൽ ഒട്ടും അതിശയപ്പെടാനില്ല. ഒരിക്കലും ഭേദമാകില്ലെന്നും അന്തിമഘട്ടമായെന്നും ശാസ്ത്രവിശാരദന്മാരുടെ ആധുനിക വൈദ്യശാസ്ത്രം വിധിയെഴുതി പുറന്തള്ളിയ രോഗികളിലെത്രയോപേർ ഹോമയോപ്പതിയാൽ സുഖം പ്രാപിച്ച് ദശാബ്ദങ്ങളായി ജീവിച്ചിരിക്കുന്നതും സ്ഥായിയായ വന്ധ്യത മുദ്രണം ചെയ്യപ്പെട്ടവർ സന്താനലബ്ദരായിത്തീരുന്നതും കൺമുന്നിൽ കണ്ടിട്ടും അംഗീകരിക്കാതെ, ഈ വൈദ്യശാസ്ത്രനന്മ കപടമെന്നു വിശേഷിപ്പിക്കുന്നവരുടെ അന്ധത തീർത്താലും തീരുന്നതല്ല.
ലോകത്തുണ്ടാകുന്ന രോഗങ്ങളുടെ ഒട്ടും ചെറുതല്ലാത്തൊരു ശതമാനം ആധുനിക ചികിത്സയാലും ചികിത്സാ പിഴവിനാലും വന്നുചേരുന്നതാണെന്ന വസ്തുത തമസ്കരിക്കുന്ന ഇവർ, ഒരുനാൾവരെ നിർദോഷകരമെന്നും ശാസ്ത്രീയമെന്നും വീമ്പിളക്കി പ്രയോഗിച്ച ഔഷധം പിറ്റേനാൾ അപകടകാരിയെന്ന് കണ്ടെത്തി നിരോധിക്കുകയും പകരം മറ്റൊന്നിനെ ശ്രേഷ്ഠമാക്കി അവതരിപ്പിക്കുകയും തൊട്ടടുത്തനാൾ അതിന്റെയും സ്ഥിതി മുന്നത്തേതിനു സമാനമായിത്തീരുകയും ചെയ്യുന്ന സ്ഥിരം ശാസ്ത്രീയ നാടക വിഡ്ഢിത്തവും അതിലൂടെ ഉപയോഗിക്കുകയും ഉപേക്ഷിക്കുകയും ചെയ്യപ്പെട്ട വിഷങ്ങൾ നൂറുകണക്കിനുണ്ടെന്ന വസ്തുതയും അപകടകാരികളായ അവ അത്രനാളും ഉപയോഗിച്ച നിസ്സഹായരുടെ ദുർവിധിയും അവഗണിക്കുന്നതും ഈ അന്ധതാനാട്യത്തിന്റെ ഭാഗം തന്നെ. ഹോമിയോപ്പതിയിൽ ആയിരക്കണക്കിന് ഔഷധങ്ങളുണ്ടായിട്ടും രണ്ടേകാൽ നൂറ്റാണ്ടിനിടയിൽ ഇന്നുവരെ ഒരു ഔഷധം പോലും ദോഷകരമെന്നു കണ്ട് നിരോധിക്കപ്പെട്ടിട്ടില്ല എന്ന വസ്തുതയും മറച്ചുവച്ചിട്ടാണിവരുടെ കപടശാസ്ത്ര വിശേഷണം എന്നതും ശ്രദ്ധേയമാണ്.
കോവിഡ് പ്രതിരോധിക്കാൻ ഹോമിയോക്കാർ ഉപയോഗിക്കുന്ന ആഴ്സനിക് ആൽബം30 വിഷമാണെന്ന ആധുനിക വാദത്തെ പരിശോധിക്കേണ്ടത് ഇവിടെയാണ്. ഇത്രനാളും ഹോമിയോ ഔഷധങ്ങളിൽ ഒന്നുമില്ല, അത് പ്ലാസിബോ ആണെന്ന് ആക്ഷേപിച്ചിരുന്നവരുടെ മലക്കം മറിച്ചിൽ, ഹോമിയോപ്പതിക്ക് ലഭിക്കുന്ന സ്വീകാര്യത കണ്ട് ഹാലിളകിയിട്ടാണെന്നത് പകൽ പോലെ വ്യക്തം. ഇനിയെങ്കിലും ഹോമിയോപ്പതിയെ സംബന്ധിച്ച ശൂന്യതാവാദം ഇവർ ഉപേക്ഷിക്കുമെന്ന് കരുതാമോ? അതായിരിക്കുമല്ലോ ലേശമെങ്കിലും നെറിയുള്ളവരിൽ നിന്ന് സമൂഹം പ്രതീക്ഷിക്കുക. അത് എന്തുതന്നെയാണെങ്കിലും അവരുടെ ഇപ്പോഴത്തെ വാദത്തിന്റെ നിജസ്ഥിതി ഒന്നു പരിശോധിക്കാം. ആഴ്സനിക് ആൽബം 30 എന്നത്, ആഴ്സനിക് ആൽബം എന്ന വസ്തുവിനെ ഹോമിയോപ്പതിയുടെ രീതിയിൽ ഡൈനാമൈസേഷനിലൂടെ 30 ആവർത്തി നേർപ്പിച്ചും സൂക്ഷ്മീകരിച്ചും നിർമിച്ചതാണ്. മൂലവസ്തു വിഷമല്ലെന്ന് ആർക്കും പറയാനാവില്ല.
ഇത്തരം പലവിധ വിഷവസ്തുക്കളിൽ നിന്ന് നിരവധി ഹോമിയോ മരുന്നുകൾ ഉൽപാദിപ്പിക്കുന്നുണ്ട്. ഹോമിയോ മരുന്നുകൾ മാത്രമല്ല, എല്ലാ സമ്പ്രദായങ്ങളിലും വിഷവസ്തുക്കളിൽ നിന്ന് മരുന്നുകൾ ഉൽപാദിപ്പിക്കുന്നുണ്ട്. മറ്റുള്ളവരെല്ലാം ഭൗതികവസ്തുവായിത്തന്നെ അവ ഉപയോഗിക്കുന്നിടത്ത്, ഹോമിയോപ്പതിയിൽ അവയെല്ലാം സൂക്ഷ്മീകരിക്കപ്പെടുന്നതിനാൽ വിഷാംശം നിലനിൽക്കുന്നില്ലെന്നു മാത്രമല്ല, ഭൗതികദർശനം സാധ്യവുമല്ല. ആ നിലയ്ക്കാണല്ലോ ഇവരുടെ ശൂന്യതാവാദം കടന്നുവരുന്നത്. വിഷം നേരിട്ടുപയോഗിക്കുന്നവരാണ്, നിലവിലെ അളവുമാപിനികളാൽ ഭൗതികദർശനം സാധ്യമല്ലാത്തത്ര സൂക്ഷ്മമായ തോതിൽ മാത്രം മൂലബന്ധമുള്ള ഹോമിയോ മരുന്നുകളെ ആക്രമിക്കാൻ വരുന്നത്.
ഇനി ഹോമിയോ മരുന്നുകളിൽ ഒന്നുമില്ലെന്ന് ഞങ്ങളെക്കൊണ്ടു പറയിച്ച് അത് സ്ഥാപിച്ചെടുക്കുകയാണ് ഇവരുടെ ചാണക്യതന്ത്രമെങ്കിൽ അവിടെയും ഇവർക്കു തെറ്റി. ഇവരാൽ ശാസ്ത്രമഹിമകൾ മുഴുവനും പരീക്ഷിച്ചിട്ടും രക്ഷിക്കാനാകാതെ ഉപേക്ഷിക്കപ്പെട്ടവരും അത്യാസന്നരുമായവർ ഹോമിയോപ്പതിയാൽ ജീവിതം തിരിച്ചു പിടിച്ചതിന്റെ കണക്കു മാത്രം മതി ഇവരുടെ നാവടയ്ക്കുവാൻ. ഹോമിയോപ്പതിയെ പഴിക്കുവാൻ പഴുതുകൾ തേടി അലയുന്ന ഈ ദോഷൈകദൃക്കുകളുടെ കണ്ണുകൾ, ഇത്തരം കണക്കുകൾ ദർശിക്കുവാൻ കൂടി തുറന്നു പിടിക്കുമോ ആവോ? വെറും വിശ്വാസശാസ്ത്രമാണ് ഹോമിയോപ്പതിയെന്ന് ആക്ഷേപിക്കുന്നവർ, അത് പിഞ്ചുകുഞ്ഞുങ്ങളെയും സസ്യജന്തുജാലങ്ങളെയും സുഖപ്പെടുത്തുന്നത് ഏതു വിശ്വാസതന്ത്രം പ്രയോഗിച്ചിട്ടാണെന്നു കൂടി പരിശോധിച്ചാൽ നന്നായിരുന്നു.
കരളും വൃക്കയും മാറ്റിവെക്കൽ പോലെ മഹത്തരമായ കർമ്മങ്ങൾ നിർവഹിക്കുന്ന ആധുനിക സിസ്റ്റത്തെയും മികവിനെയും ഒരുകാലത്തും ഹോമിയോപ്പതി ആക്ഷേപിക്കുകയോ വിലകുറച്ചു കാണുകയോ ചെയ്തിട്ടില്ല. അവയവ മാറ്റിവെക്കലിനിടയാക്കാതെ പ്രശ്നങ്ങൾ പരിഹരിക്കുന്ന ഹോമിയോപ്പതി സിസ്റ്റത്തെക്കൂടി അർഹമാം വിധം പരിഗണിക്കണം എന്നേ പറയുന്നുള്ളൂ. ഒപ്പം, ഭൗതിക ശാസ്ത്രവാദികളുടെ തനതുമാദണ്ഡങ്ങളാൽ മാത്രം, തികച്ചും കടകവിരുദ്ധമായ ഒരു സിസ്റ്റത്തെ നിർവചിച്ചൊതുക്കുവാൻ പരിശ്രമിക്കുകയോ വിധിയെഴുത്തു നടത്തുകയോ ചെയ്യരുതെന്ന് അഭ്യർഥിക്കുകയും. 'ഇന്നലെ ചെയ്തോരബദ്ധം മൂഢർക്കിന്നത്തെ ആചാരമാകാം, നാളത്തെ ശാസ്ത്രമതാകാം, അതിൽ മൂളായ്ക സമ്മതം രാജൻ' എന്ന കവിവാക്യത്തിലെ യുക്തിയെങ്കിലും മസ്തിഷ്കത്തിലാവാഹിച്ചവരാകണമല്ലോ ശാസ്ത്രവാദികൾ.
പുതുതായി കടന്നുവരുന്ന രോഗങ്ങൾക്കുപോലും ഔഷധമുണ്ടെന്ന് ഹോമിയോപ്പതി വളരെ പെട്ടെന്ന് അവകാശവാദമുന്നയിക്കുന്നതു കാണുമ്പോൾ അതിത്തിരി കടന്നു പോയില്ലേ എന്ന് ഏവർക്കും സംശയം തോന്നാം. കോവിഡിന്റെ കാര്യത്തിൽ അങ്ങനെ എല്ലാവർക്കും തോന്നിയിരുന്നു. എന്നാൽ, ഇതിൽ അതിശയോക്തികരമായി യാതൊന്നുമില്ല. കാപട്യവുമില്ല. ഹോമിയോപ്പതി രോഗനിർണയം നടത്തുന്നതും ചികിത്സിക്കുന്നതും മുഖ്യമായും ഡയോസിസിനെ അടിസ്ഥാനപ്പെടുത്തിയല്ല, രോഗലക്ഷണ സമുച്ഛയത്തെയും രോഗിയുടെ മാനസികവും ശാരീരികവുമായ പ്രത്യേകതകളെയും ആശ്രയിച്ചാണ്.
ഇന്നയിന്ന ലക്ഷണങ്ങളുടെ സമുച്ഛയത്തിന് ഇന്നയിന്ന ഔഷധമെന്നത് പൂർവനിശ്ചിതമാണ്. ഔഷധവും വേണ്ടുവോളമുണ്ട്. രോഗനാമവും കാരണവും എന്തുതന്നെയായാലും ലക്ഷണങ്ങൾ സമാഹരിച്ച് ഔഷധനിർണയം നടത്തുവാൻ തനതായ ഗവേഷണങ്ങളുടെ ആവശ്യമില്ലാത്തിടത്ത് ഈ വിധം അവകാശപ്പെടുന്നതിലും പ്രതിവിധി കണ്ടെത്തുന്നതിലും എന്താണ് തെറ്റ്? മനുഷ്യ ശരീരത്തിനോ അവയവങ്ങൾക്കോ ലക്ഷണങ്ങൾ സൂചിപ്പിക്കുന്ന വ്യതിചലനങ്ങൾക്കോ സഹസ്രാബ്ദങ്ങൾക്കിപ്പുറം കാര്യമായ വ്യത്യാസമൊന്നും വന്നുചേർന്നിട്ടില്ലാത്തിടത്ത് ഇതിൽ എന്ത് അപാകതയാണ് ചൂണ്ടിക്കാട്ടാനുണ്ടാവുക?
ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം ആഗോളതലത്തിൽ കോടിക്കണക്കിനു മനുഷ്യർ തങ്ങളുടെ പ്രഥമ ചികിത്സാ ശാസ്ത്രമായി സ്വീകരിച്ചു കഴിഞ്ഞിരിക്കുന്നതും നാൾക്കുനാൾ പ്രശസ്തിയും പ്രസകതിയും വർധിച്ചു കൊണ്ടിരിക്കുന്നതുമായ ഒരു ചികിത്സാ ശാസ്ത്രത്തെ സംബന്ധിച്ചാണ് ഈ വിലകുറഞ്ഞ വിമർശനങ്ങളെന്നോർക്കണം.
ഒട്ടും കഥയില്ലാത്തതാണ് ഹോമിയോപ്പതിയെങ്കിൽ, കേവലം 200 വർഷം കൊണ്ട്, വ്യവസ്ഥാപിതമായ എല്ലാ ചികിത്സാ സമ്പ്രദായങ്ങളും ശക്തിയുക്തം നിലനിൽക്കവേ തന്നെ, കോടിക്കണക്കിനു മനുഷ്യരുടെ പ്രഥമ ചികിത്സാശാസ്ത്രമായും സ്വീകാര്യതയിൽ ലോകത്തെ രണ്ടാമത്തെ വൈദ്യശാസ്ത്രമായും അതിന് വളർന്നു വരുവാൻ സാധിക്കുമായിരുന്നോ? ജർമനിയിലെ ഒരു കുഗ്രാമത്തിലിരുന്ന് ഒരു പടുവിഡ്ഢി നൂറ്റാണ്ടുകൾക്കു മുമ്പു വിളിച്ചു പറഞ്ഞ വങ്കത്തങ്ങൾ ഈ ആധുനിക കാലഘട്ടത്തിലും നിലനിൽക്കുകയും ഇവിടെ വരെ പകർന്നും വളർന്നും വന്നെത്തുകയും ചെയ്യുമായിരുന്നോ?
ഏറെപ്പേർ സ്വീകരിക്കുന്നു എന്നതിനാൽ മാത്രം ഒരു സിദ്ധാന്തമോ ഒരു സമ്പ്രദായമോ ശരിയായതാണെന്നും ശാസ്ത്രീയമാണെന്നും വസ്തുനിഷ്ഠമാണെന്നും കരുതാനാവില്ല. അതിന് നിരവധി മാനദണ്ഡങ്ങൾ ശരിവെക്കേണ്ടതുണ്ട്. നിരവധി സംശയങ്ങൾ നിവാരണം ചെയ്യപ്പെടേണ്ടതുണ്ട്. ആകയാൽ വിമർശനങ്ങളെ നിസ്സാരമായി കരുതാതെ പരിശോധിക്കാം.
ഒന്നാമതായി, എവിടെയോ ഒരു കുഗ്രാമത്തിലിരുന്ന് എന്തെല്ലാമോ വിഡ്ഢിത്തം വിളിച്ചു പറഞ്ഞ അൽപജ്ഞാനിയായ ഒരു കിറുക്കനായിരുന്നോ ഹോമിയോപ്പതിയുടെ ഉപജ്ഞാതാവ് എന്നു നോക്കാം. 1755 ഏപ്രിൽ 10 ന് ജർമനിയിലെ സാക്സോണിയിലുള്ള മെയ്സ്സെൻ എന്നൊരു ഗ്രാമത്തിൽ ഒരു ദരിദ്ര കുടുംബത്തിലാണ് ഡോ. ക്രിസ്റ്റിയൻ ഫ്രഡറിക് സാമുവേൽ ഹാനിമാൻ ജനിച്ചത്. ഫ്രഞ്ച്, ജർമ്മൻ, ഗ്രീക്ക്, ലാറ്റിൻ, ഇംഗ്ലീഷ്, സ്പാനിഷ്, അറബിക്, ഇറ്റാലിയൻ, ഹീബ്രു, സിറിയക് തുടങ്ങി പതിനഞ്ചോളം ഭാഷകളിൽ മാസ്റ്ററായിത്തീർന്ന അദ്ദേഹം, നൂറുകണക്കിന് പുസ്തകങ്ങൾ വിവിധ ഭാഷകളിൽ നിന്ന് വിവിധ ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തുകയും സ്വന്തമായി രചിക്കുകയും ചെയ്തിട്ടുണ്ട്. 1779 ൽ എർലാൻജെൻ യൂനിവേഴ്സിറ്റിയിൽ നിന്ന് എം.ഡി ബിരുദം നേടുകയും ട്രാൻസിൽവാനിയയിലെ ഗവർണറുടെ കുടുംബഡോക്ടറായും മെഡിക്കൽ ഓഫീസറായും പ്രവർത്തിക്കുകയും ചെയ്ത ഒരു അലോപ്പതി ഡോക്ടറായിരുന്നു അദ്ദേഹം.
അന്നത്തെ മെഡിക്കൽ വിാനത്തിന്റെ പരിമിതിയിലും പ്രാക്ടീസിലെ അശാസ്ത്രീയ പ്രവണതകളിലും അതൃപ്തി തോന്നിയ ഡോ. ഹാനിമാൻ, മെഡിക്കൽ പ്രാക്ടീസ് അവസാനിപ്പിച്ച് പുസ്തകം പരിഭാഷപ്പെടുത്തലിലും ഗവേഷണത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കവേയാണ് ഹോമിയോപ്പതിയുടെ കണ്ടെത്തലിലേക്ക് എത്തപ്പെടുന്നത്.
ചികിത്സാസമ്പ്രദായങ്ങൾ ഉടലെടുത്തിട്ട് നൂറ്റാണ്ടുകൾ പലതു കഴിഞ്ഞിരുന്നെങ്കിലും ഹാനിമാനിയൻ കാലഘട്ടം വരെ തത്വശാസ്ത്രപരമായ വ്യക്തതയോ കാഴ്ചപ്പാടോ കെട്ടുറപ്പോ അവയ്ക്കുണ്ടായിരുന്നില്ല. അതാതു കാലഘട്ടത്തിൽ അതാതു സമ്പ്രദായക്കാർക്ക് ശരിയെന്നു തോന്നുന്നത് സ്വീകരിക്കുകയും പ്രാവർത്തികമാക്കുകയും ചെയ്തു പോരുകയായിരുന്നു. ചികിൽത്സക്ക് നിയതമായൊരു തത്വശാസ്ത്രം ആവശ്യമാണെന്നും അടിസ്ഥാനപരമായ ചില നിയമങ്ങൾ അനിവാര്യമാണെന്നും മനസ്സിലാക്കുകയും അത് സ്വയം രൂപപ്പെടുത്തിയ ചികിത്സാ പദ്ധതിയിൽ (ഹോമിയോപ്പതിയിൽ) നിഷ്കർഷിച്ച് നടപ്പിലാക്കി തെളിയിക്കുകയും ചെയ്ത മഹാനാണ് ഡോ. സാമുവേൽ ഹാനിമാൻ.
വൈദ്യശാസ്ത്രത്തിന്റെ പിതാവായി ആദരിക്കപ്പെടുന്ന ഹിപ്പോക്രാറ്റസിന്റെ കാലത്ത് വിവിധ തരം ചികിത്സാരീതികളുണ്ടായിരുന്നെന്നും അവയിൽ അലോപ്പതിക് സമ്പ്രദായത്തിന് പ്രാമുഖ്യം ലഭിക്കുകയും പ്രകൃതിയുടെ നിർദ്ധാരണ നിയമത്തിലധിഷ്ഠിതമായിരുന്നതും ഹിപ്പോക്രാറ്റസ്, പരാസിലസ് മുതലായ പൗരാണിക ചിന്തകർക്ക് ഏറെ സ്വീകാര്യമായിരുന്നതുമായ സമമായതിനെ സമാനമായതിനാൽ ഇല്ലായ്മ ചെയ്യുന്ന ചികിത്സാ സമ്പ്രദായം – പിൽക്കാലത്ത് ഡോ. ഹാനിമാൻ ഹോമിയോപ്പതിയെന്ന് വിളിച്ച സമ്പ്രദായം – പിന്തള്ളപ്പെടുകയുമാണുണ്ടായതെന്ന് നിരീക്ഷിച്ചതും ഈ സമ്പ്രദായങ്ങൾക്ക്, അതാതിന്റെ രീതികൾക്കനുസൃതമായി, ആന്റിപ്പതി, അലോപ്പതി, ഹോമിയോപ്പതി എന്നിങ്ങനെ പേരുകൾ നൽകിയതും ഡോ. ഹാനിമാനാണ്.
ആരോഗ്യമുള്ളൊരു വ്യക്തിയിൽ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാൻ കഴിവുള്ള പദാർഥങ്ങൾ, അതേ ലക്ഷണങ്ങളുള്ള രോഗിക്ക് നേർപ്പിച്ച രൂപത്തിൽ നൽകിയാൽ രോഗം ഒഴിവാക്കാൻ ശരീരം പ്രാപ്തമാകും എന്നതായിരുന്നു ഡോ. സാമുവേൽ ഹാനിമാന്റെ കണ്ടെത്തൽ. ഇതാണ് ഹോമിയോപ്പതിയുടെ അടിസ്ഥാന തത്വശാസ്ത്രം. ഇത് സാമ്പ്രദായികവും ഏറെ പ്രചാരത്തിലുള്ളതുമായ ചികിഝാ തത്വശാസ്ത്രത്തിൽ – 'സമമല്ലാത്തതിനെ വിപരീതമായതിനാൽ ഇല്ലാതാക്കുക' -എന്നതിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്, കടക വിരുദ്ധവുമാണ്. 1796 ൽ പ്രശസ്തമായ ഹൂഫ്ലാൻഡ്സ് ജേർണലിൽ ലേഖനമെഴുതിയാണ് അദ്ദേഹം തന്റെ കണ്ടെത്തൽ ലോകത്തെ അറിയിച്ചത്.
സ്വയം രൂപപ്പെടുത്തിയ ഹോമിയോപ്പതി സമ്പ്രദായത്തിലൂടെ ഡോ. ഹാനിമാൻ നിരവധി പേരുടെ രോഗങ്ങൾ തീർത്തു. നെപ്പോളിയനുമായി യുദ്ധം ചെയ്ത ഓസ്ട്രിയൻ സഖ്യസേനയുടെ കമാൻഡിങ് ഓഫീസറായിരുന്ന ഷ്വാർസൻബർഗിലെ രാജകുമാരന്റെ പക്ഷാഘാതം ചികിത്സിച്ചു ഭേദമാക്കിയതും ഇക്കൂട്ടത്തിൽ പെടുന്നു. ഹോമിയോപ്പതിയുടെ പ്രചാരണത്തിനിടയിൽ ഡോ. ഹാനിമാന് ധാരാളം തിക്താനുഭവങ്ങൾ നേരിടേണ്ടതായി വന്നിട്ടുണ്ട്. എങ്കിലും ഒരു മനുഷ്യായുസ്സിൽ ലഭിക്കാവുന്നതിലേറെ പേരും പ്രശസ്തിയും അംഗീകാരവും ബഹുമാനവും ധനവും സുരക്ഷിതത്വവും ശാന്തിയും സമാധാനവും നേടിയെടുത്തിട്ടാണ്, പാരീസിൽ താമസിക്കവേ 1843 ജൂലൈ 2 ന് അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞത്.
'ജൈവവും അജൈവവുമായ ലോകത്തിനു നടുവിൽ നിന്ന്, അവയെ ദീനരുടെ നന്മക്കായി ഏകോപിപ്പിച്ച്; അവരുടെ കൃതജ്ഞത ഏറ്റുവാങ്ങുന്നവൻ. അനശ്വരതയിലേക്ക് ഉറ്റുനോക്കുന്നവൻ, മനുഷ്യവംശത്തിന് സൽകർമ്മം ചെയ്തവൻ, സാമുവേൽ ഹാനിമാൻ' എന്നാണ് അദ്ദേഹത്തിന്റെ സ്മാരകത്തിൽ ഫ്രാൻസ് കുറിച്ചിട്ടിരിക്കുന്നത്. ഹോമിയോപ്പതി സമ്പ്രദായത്തിന്റെ മഹിമയും ഡോ. ഹാനിമാന്റെ സംഭാവനകളുടെ മഹത്വവും തിരിച്ചറിഞ്ഞ അമേരിക്കൻ സർക്കാർ, അമേരിക്കൻ പൗരനല്ലാതിരുന്ന ഹാനിമാന് വാഷിങ്ടണിൽ ഒരു സ്മാരകം പണിയുകയും 1900 ജൂൺ 21 ന് വൈറ്റ് ഹൗസിന്റെ പ്രത്യേക ആഘോഷമായി കണക്കാക്കി അമേരിക്കൻ പ്രസിഡന്റ് മെക്കൻലിയും സാമ്പത്തികകാര്യ മന്ത്രി ഗ്രിഗ്സും ചേർന്ന് അത് ഉദ്ഘാടനം ചെയ്യുകയുമുണ്ടായി.
ഡോ. ഹാനിമാനെ സംബന്ധിച്ച്, അമേരിക്കയുടെ അനശ്വര ചരിത്രകാരനായ റ്റി. എൽ. ബ്രാഡ്ഫോർഡിന്റെ വാക്കുകൾ ഇങ്ങനെ: 'ലോകത്തെ മാറ്റിയ പരിവർത്തനങ്ങളുടെ നൂറ്റാണ്ടിൽ അദ്ദേഹം ജീവിച്ചു. സ്വന്തം സാന്ത്വനശാസ്ത്രം അപമാനങ്ങളിൽ നിന്നുയർച്ച നേടുന്നത് കണ്ടു. ദുരിതങ്ങൾ അനുഭവിച്ചറിഞ്ഞു. ലോക തലസ്ഥാനത്ത് ആഡംബരത്തോടെ നാടുനീങ്ങി. പണ്ഡിതന്മാരാൽ ബഹുമാനിക്കപ്പെട്ട, ആദരിക്കപ്പെട്ട പണ്ഡിതൻ, ഭിഷഗ്വരന്മാർ ഭയപ്പെട്ടിരുന്ന ഭിഷഗ്വരൻ, ഭാഷാപണ്ഡിതന്മാർ എതിരിടാൻ പേടിച്ചിരുന്ന ഭാഷാപണ്ഡിതൻ, രസതന്ത്രജ്ഞരുടെ ഗുരുവായിരുന്ന രസതന്ത്രജ്ഞൻ, പ്രതിബന്ധങ്ങളാലോ ബഹുമതികളാലോ വ്യതിചലിപ്പിക്കാനാകാത്ത തത്വജ്ഞാനി'.
മിഴികൾ ചിമ്മുന്ന ലാഘവത്തോടെയാണ് ഹോമിയോപ്പതി മഹാവ്യാധികൾ പോലും മാറ്റുന്നത്. അങ്ങനെയൊരു രോഗം തന്നിലുണ്ടായിരുന്നുവോ എന്ന് രോഗി പോലും സംശയിക്കുന്ന തരത്തിൽ സ്വാഭാവികതയോടെ രോഗം തുടച്ചുനീക്കുന്നു. ഔഷധ പ്രയോഗത്താലാണ് അസുഖം നീങ്ങിയതെന്ന് തോന്നിക്കുക പോലും ചെയ്യാതെയാണ് പലപ്പോഴും ആരോഗ്യം വീണ്ടെടുക്കുന്നത്. രോഗാവസ്ഥയെ വികർഷിച്ചകറ്റും വിധം സമാനമായ ജൈവാവസ്ഥ രോഗിയിലുളവാക്കുവാൻ ജീവശകതിയെ പ്രാപ്തമാക്കുന്നതാണ് ഹോമിയോ ഔഷധമെന്നതിനാലും ആവർത്തനപ്രക്രിയയിലൂടെ നേർപ്പിച്ച് സൂക്ഷ്മീകരിച്ചാണ് അവ ഉണ്ടാക്കിയിരിക്കുന്നതെന്നതിനാലുമാണ് കാര്യങ്ങൾ ഇത്ര ലളിതവും കൃത്യവുമാകുന്നത്. എങ്കിലും ഭൗതിക ഘടകം ദൃശ്യമല്ലാത്തവിധം നേർപ്പിച്ച ഔഷധം എങ്ങനെയാണ് അസുഖം മാറ്റുവാൻ കരുത്തുള്ളതാകുന്നതെന്ന് അടുത്ത കാലം വരെ വ്യക്തമായിരുന്നില്ല. ഹോമിയോപ്പതിയുടെ വിമർശകർ ഉന്നയിക്കുന്ന മറ്റൊരു വിഷയം ഇതാണ്.
2008ൽ മെഡിസിന് നൊബേൽ സമ്മാനം നേടിയ ഫ്രഞ്ച് വൈറോളജിസ്റ്റ് ഡോ. ലൂക് മൊണ്ടെിയർ അദ്ദേഹത്തിന്റെ ഗവേഷണത്തിലൂടെ 2009ൽ കണ്ടെത്തിയ വിവരങ്ങൾ ഹോമിയോപ്പതിയുടെ ഔഷധപ്രയോഗവും പ്രവർത്തന തത്വശാസ്ത്രവും ശരിവെക്കുന്നതും ശാസ്ത്രീയമായി വിശദീകരിക്കുന്നതുമാണ്. അതിസൂക്ഷ്മം നേർപ്പിച്ച ജൈവവസ്തുക്കൾക്ക് വൈറസ് മുതലായ മൈക്രോ ഓർഗാനിസങ്ങളുടെ കോശങ്ങളിലെ ന്യൂക്ലിയസിനുള്ളിലെ ഡി.എൻ.എ തന്മാത്രകളുടെ ഇലക്രേടാമാറ്റെിക് സിൽസിനെ വിഘടിപ്പിക്കുവാൻ കഴിയുമെന്നാണ് നാനോ ടെക്നോളജിയെ അടിസ്ഥാനപ്പെടുത്തിയ അദ്ദേഹത്തിന്റെ കണ്ടെത്തൽ. ഏറെ പുരോഗമിച്ചു കഴിഞ്ഞ നാനോ ടെക്നോളജി, ഹോമിയോ ഔഷധങ്ങളിലെ ഭൗതിക സാന്നിധ്യവും തത്വശാസ്ത്രമഹിമയും ശരിവെക്കുന്ന നിരവധി തെളിവുകൾ നിരന്തരം വെളിച്ചത്തു കൊണ്ടുവന്നു കൊണ്ടിരിക്കുന്നു
വൈറസുകൾ ഘടനയിൽ അതിസൂക്ഷ്മങ്ങളാണ്. അതിലും സൂക്ഷ്മമാണ് അതിന്റെ ന്യൂക്ലിയസ്. അതിനുള്ളിൽ കടന്ന് ഇലക്ട്രോ മാറ്റിക് സിലുകളെ തകർക്കുകയാണ് വൈറസിനെ നിർവീര്യമാക്കുവാനും വൈറസ് മൂലമുണ്ടാകുന്ന രോഗങ്ങളെ ചെറുക്കുവാനുമുള്ള മാർഗം. നേർപ്പിക്കൽ പ്രക്രിയയിലൂടെ സൂക്ഷ്മീകരിച്ച ഹോമിയോപ്പതി ഔഷധങ്ങൾക്ക് ഇത് നിഷ്പ്രയാസം സാധിക്കുന്നു. ഭൗതികരൂപത്തിലുള്ള ഔഷധങ്ങൾക്ക് ഇത് സാധിക്കുകയുമില്ല.
വൈറസ് രോഗങ്ങളെ മാത്രമല്ല, കാൻസർ, പ്രമേഹം, ഹൃദ്രോഗം, അമിതവണ്ണം, രകതസമ്മർദ്ദം, കരൾ–വൃക്കരോഗങ്ങൾ, ഓട്ടിസം മുതലായ ദീർഘകാലരോഗങ്ങളെയും നാഡീരോഗങ്ങളെയും മെറ്റബോളിക് ഡിസോർഡറുകളെയും ഹോർമോൺ ഏറ്റക്കുറച്ചിലുകളെയും ജനിതക–മാനസിക പ്രശ്നങ്ങളെയും എല്ലാം ഈ വിധം സൂക്ഷ്മതലത്തിൽ പ്രവർത്തിച്ച് ശാശ്വതമായും സമ്പൂർണ്ണമായും ഭേദമാക്കാൻ ഹോമിയോപ്പതി ഔഷധങ്ങൾക്ക് സാധിക്കുന്നു. പ്രകൃതിയുടെ നിർദ്ധാരണ നിയമത്തിലധിഷ്ഠിതമായ തത്വശാസ്ത്രത്തിന്റെ പിൻബലവും മനുഷ്യസത്തയെ സംബന്ധിച്ച സമഗ്ര വീക്ഷണവും ഔഷധ പ്രയോഗത്തിലെ ലാളിത്യവുമാണ്, വമ്പൻ എസ്റ്റാബ്ലിഷ്മെന്റുകളുടെ ഗാംഭീര്യമില്ലാതെ തന്നെ ശരിയായ രോഗശമനം കൈവരുത്തുവാൻ ഹോമിയോപ്പതിയെ സഹായിക്കുന്നത്.
കൃത്യമായി രോഗനിർണയം നടത്തുക (രോഗലക്ഷണങ്ങൾ സമാഹരിച്ചും വിലയിരുത്തിയും രോഗാവസ്ഥ സമഗ്രമായി മനസ്സിലാക്കുക), രോഗം വർധിപ്പിക്കുന്നതോ രോഗനിവാരണം തടസ്സപ്പെടുത്തുന്നതോ ആയ ഘടകങ്ങളും സാഹചര്യങ്ങളും ഒഴിവാക്കുക, ആരോഗ്യ പുനഃസ്ഥാപനത്തിന് അവശ്യം വേണ്ട ഘടകങ്ങൾ ഔഷധമായും ഭക്ഷണമായും നല്കുക,
ഒടിവ്, ചതവ് മുതലായവയിലൂടെ ശരീരഭാഗങ്ങൾക്ക് സ്ഥാനഭ്രംശം വന്നിട്ടുണ്ടെങ്കിൽ സാങ്കേതിക സഹായത്തോടെ അവ പുനഃക്രമീകരിക്കുക, സമ്പൂർണ ആരോഗ്യലബ്ധിക്കായി ജീവശക്തിയെ ഉത്തേജിപ്പിക്കാനും ശക്തിപ്പെടുത്താനും ശേഷിയുള്ള ഔഷധങ്ങൾ നല്കുക മുതലായവയാണ് ചികിത്സയുടെ അനിവാര്യഘടകങ്ങൾ. ഇവയിൽ 'ജീവശക്തിയെ ഔഷധം കൊണ്ട് ശക്തിപ്പെടുത്തുക' എന്ന സുപ്രധാന ധർമ്മം, ഹോമിയോപ്പതിക് വൈദ്യശാസ്ത്രം മാത്രമാണ് നിർവഹിക്കുന്നത്. (ഉദാ: മുറിവുകൾ ചികത്സിക്കുമ്പോൾ മുറിവ് വൃത്തിയാക്കുകയും അണുനാശകങ്ങൾ പുരട്ടുകയും കൂടുതൽ അണുബാധയുണ്ടാകാതിരിക്കുവാൻ ഡ്രസ്സ് ചെയ്യുകയും ബാക്ടീരിയയെ ചെറുക്കാൻ ആൻറിബയോട്ടിക്കുകൾ ഉപയോഗിക്കുകയും മാത്രമാണ് വ്യവസ്ഥാപിത രീതി. മുറിവുണക്കുവാൻ പ്രത്യേക ഔഷധമില്ല. ശരീരത്തിന്റെ തനതുശേഷിയാൽ സംഭവിക്കുന്നതാണ് മുറിവുണങ്ങൽ. ഹോമിയോപ്പതിയുടെ തത്വശാസ്ത്ര പ്രകാരം മുറിവുണങ്ങൽ ജീവശക്തിയുടെ പ്രവർത്തന ഫലമായാണ് സംഭവിക്കുന്നത്. അത് വേഗത്തിലാക്കുവാൻ ജീവശക്തിയെ ശക്തിപ്പെടുത്തുന്ന ഔഷധം ഹോമിയോപ്പതി നൽകുന്നു).
ഹോമിയോപ്പതിക് ചികിത്സയുടെ വേഗതയും പൂർത്തീകരണവും ശാശ്വതത്വവും ഉറപ്പുവരുത്തുന്നത് ഈ ഘടകമാണ്. ഹോമിയോപ്പതിക് രോഗശമനം സ്ഥായിയായതും സമ്പൂർണവുമാകുന്നത് ഈ വൈശിഷ്ഠ്യത്താലാണ്. ചികിത്സിച്ചാലും ഭേദമാകില്ലെന്ന് മറ്റുള്ളവർ വിധിയെഴുതിയ രോഗങ്ങൾക്കും ശമനം കണ്ടെത്താൻ ഹോമിയോപ്പതിയെ പ്രാപ്തമാക്കുന്നതും ഇതുതന്നെയാണ്.
'വൈദ്യ ക്രൂര: യമ ക്രൂര:, യമ പ്രാണൻ ഹരതി, വൈദ്യ പ്രാണൻ, ധനാനിച:' (കാലനും വൈദ്യനും ക്രൂരന്മാരാണ്. കാലൻ ജീവനപഹരിക്കുന്നു, വൈദ്യൻ ജീവനും ധനവും അപഹരിക്കുന്നു.) ഇത് ആരോഗ്യ സംരക്ഷണ സംവിധാനത്തെ പരിഹസിച്ചു കൊണ്ട് പണ്ടു കാലം മുതൽ പറഞ്ഞു വരുന്നതാണ്. നൂറ്റാണ്ടുകളേറെ പിന്നിട്ടിട്ടും ശാസ്ത്ര–സാങ്കേതിക പരിജ്ഞാനം ഏറെ പുരോഗമിച്ചിട്ടും സാമൂഹിക വ്യവസ്ഥകൾ മാറിയിട്ടും ഈ അപവാദത്തിൽ നിന്നൊഴിഞ്ഞു മാറാൻ ആരോഗ്യരംഗത്തിനായിട്ടില്ല.
അതിനുള്ള ആധുനിക ഉപാധിയായി ഹോമിയോപ്പതി മാറുമെന്നും പൊതുജനാരോഗ്യസംരക്ഷണരംഗം സമ്പൂർണമായും സുരക്ഷിതമാകുമെന്നും ഉറപ്പിക്കുവാൻ ഈ ദിനവും ഹോമിയോപ്പതിയും ഏവർക്കും പ്രേരകമാകട്ടെ. ഹോമിയോപ്പതി പ്രചരിപ്പിക്കാനും പൊതുജനാരോഗ്യം സംരക്ഷിക്കാനും രൂപംകൊണ്ട ഇൻറർനാഷണൽ ഫോറം ഫോർ പ്രമോട്ടിങ് ഹോമിയോപ്പതി, ഒന്നരവർഷക്കാലമായി നിത്യവും ഇടതടവില്ലാതെ നടത്തി വരുന്ന വെബിനാറും സൗഖ്യപ്രയാൺ@225 ഉം പോലെയുള്ള പരിപാടികൾ അതിന് കരുത്തു പകരുന്നതാകട്ടെ.
(ഇൻറർനാഷണൽ ഫോറം ഫോർ പ്രമോട്ടിങ് ഹോമിയോപ്പതിയുടെ സെക്രട്ടറിയാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.