ഇനി ചിരിക്കാം ആത്മവിശ്വാസത്തോടെ

നിറഞ്ഞ പുഞ്ചിരിയുടെ ആത്മവിശ്വാസത്തിൽ ജീവിതം മുന്നോട്ട് നയിക്കുന്നവരാണ് നമ്മൾ. പക്ഷേ, പലപ്പോഴും പ്രതീക്ഷിക്കാതെയെത്തുന്ന ദന്തരോഗങ്ങൾ നമ്മുടെ ചിരിക്ക് കോട്ടം സൃഷ്ടിക്കാറുണ്ട്. അതിന് കാരണം നമ്മുടെ അശ്രദ്ധയാണ്. ഈ അശ്രദ്ധയെ കുറിച്ച് നമ്മളെ ഓർമിപ്പിക്കാൻ world Dental Federation ഒരു ദിനമാചരിക്കാറുണ്ട് -മാർച്ച് 20, വേൾഡ് ഓറൽ ഹെൽത്ത് ഡേ അഥവാ ദന്താരോഗ്യദിനം. ലോക ജനസംഖ്യയുടെ 90 ശതമാനം പേർക്കും ദന്തരോഗങ്ങളുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

വായ സംബന്ധമായ രോഗങ്ങൾക്കെതിരെ ഒരു പ്രത്യേക ആശയത്തെ അടിസ്ഥാനമാക്കി ഒരു വർഷം നീണ്ട ബോധവത്കരണ പരിപാടികൾ ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയും ചെയ്യുകയാണ് പ്രധാനമായും ഈ ദിവസം കൊണ്ട് ഉദ്ദേശിക്കുന്നത്. Be proud of your mouth എന്നതാണ് ഈ വർഷത്തെ ആശയം. വായിൽ ഒരു പ്രശ്നമെങ്കിലും ഇല്ലാത്ത ആരും ഉണ്ടാവില്ല. കാലം മുന്നോട്ടു പോയപ്പോൾ മലയാളിയുടെ ജീവിതശൈലിയിലും വലിയ മാറ്റങ്ങളുണ്ടായി. അതിന്റെ ഭാഗമായി ധാരാളം ജീവിതശൈലിരോഗങ്ങളുമുണ്ടായി. ഇന്ന് ദന്ത രോഗങ്ങൾ ജീവിതശൈലിരോഗങ്ങളായി മാറിക്കൊണ്ടിരിക്കുകയാണ്. മാറിയ ഭക്ഷണ ശീലങ്ങളും ദന്ത ശുചിത്വത്തിലെ ശ്രദ്ധക്കുറവും പല്ലുകളെയും അനുബന്ധ ഭാഗങ്ങളെയും ബാധിക്കുന്ന രോഗങ്ങളിലേക്ക് നയിക്കുന്നു. ദന്ത രോഗങ്ങളിൽ 99 ശതമാനവും നമ്മുടെ ശ്രദ്ധക്കുറവുകൊണ്ടുമാത്രം സംഭവിക്കുന്നതാണ്.

ദന്തസംരക്ഷണത്തിന് എന്തുചെയ്യാം?

ഭൂരിഭാഗം പേരും എന്നും രാവിലെ ഒരാചാരം പോലെ ചെയ്തുവരുന്ന പല്ല് തേപ്പ് മാത്രമാണ് ദന്ത സംരക്ഷണത്തിനായി ചെയ്യുന്നത്. പല്ല് തേപ്പ് ദന്ത സംരക്ഷണത്തിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നാണെങ്കിലും അത് മാത്രം ചെയ്താൽ പോര, മറ്റ് ദന്ത സംരക്ഷണ മാർഗങ്ങളും ജീവിത ശൈലിയുടെ ഭാഗമാക്കണം. പല്ല് എങ്ങനെ തേക്കുന്നു എന്നുള്ളതും പ്രധാനപ്പെട്ടതാണ്. ദിവസവും രണ്ട് നേരം പല്ല് തേക്കുന്നത് ശീലമാക്കണം. Soft, medium, Hard എന്നീ 3 ഗണങ്ങളിൽ ബ്രഷുകൾ ലഭ്യമാണ്. soft, medium ബ്രഷുകളാണ് കൂടുതൽ അഭികാമ്യം. ചെറിയ കുഞ്ഞുങ്ങളെ പല്ല് തേപ്പിക്കാനായി വിരലിൽ ധരിക്കാവുന്ന ഫിംഗർ ബ്രഷുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്.


ശാരീരിക ബുദ്ധിമുട്ടുള്ളവർക്ക് ബ്രഷിങ് കൂടുതൽ എളുപ്പമാക്കാൻ ഇലക്ട്രിക് ബ്രഷുകളും ഇന്ന് ലഭ്യമാണ്. ഏത് തരം ബ്രഷുകൾ ഉപയോഗിക്കുകയാണെങ്കിലും ബ്രഷിലെ നാരുകൾ വളഞ്ഞു തുടങ്ങിയാൽ മാറ്റണം. പല്ല് തേക്കുമ്പോൾ മുകളിൽ നിന്ന് താഴോട്ടും താഴെ നിന്ന് മുകളിലോട്ടും തേക്കാൻ ശ്രമിക്കുക. ബ്രഷ് ചെയ്യുമ്പോൾ കൂടുതൽ ബലം കൊടുക്കുന്നത് ഗുണത്തേക്കാൾ ദോഷം ചെയ്യും. കൂടുതൽ ബലത്തിൽ പല്ല് തേക്കുന്നത് പല്ല് തേയ്മാനത്തിനും മോണസംബന്ധമായ പ്രശ്നങ്ങൾക്കും കാരണമാകാം.

ബ്രഷ് ചെയ്യുന്നത് പല്ലിന്റെ ഉപരിതലത്തെ മാത്രമെ വൃത്തിയാക്കുന്നുള്ളൂ. എന്നാൽ പല്ലുകൾക്കിടയിലെ ചെറിയ വിടവുകളിലെ അഴുക്ക് നീക്കുന്നില്ല. ഇതിനായി ഡെന്റൽ ഫ്ലോസ് ഉപയോഗിക്കണം. പല്ലുകൾക്കിടയിലെ അഴുക്കുകളെ നാരുപോലുള്ള ഇവ ഉപയോഗിച്ച് നീക്കുന്ന രീതിയാണിത്. എല്ലാ ദിവസവും ഇത് ചെയ്യുന്നത് പല്ലുകളെ സംരക്ഷിക്കുന്നതിൽ നിർണായക പങ്ക് വഹിക്കും. മൗത്ത് വാഷുകൾ ഉപയോഗിക്കാം. രണ്ട് നേരം പല്ല് തേച്ചതിന് ശേഷം മൗത്ത് വാഷ് ഉപയോഗിച്ച് കവിൾകൊള്ളുക. വെള്ളത്തിൽ നേർപ്പിച്ചും അല്ലാതെയും ഉപയോഗിക്കുന്ന മൗത്ത് വാഷുകൾ വിപണിയിൽ ലഭ്യമാണ്.

ചെറിയ കുട്ടികളുടെ കാര്യമെടുത്താൽ പാല്കുടിക്കുന്ന പ്രായത്തിൽ കോട്ടണും പല്ലുകൾ വന്ന് കഴിഞ്ഞാൽ ഫിംഗർ ബ്രഷും ഉപയോഗിച്ച് പല്ലുകൾ വൃത്തിയാക്കണം. ക്രമേണ പേസ്റ്റും ബ്രഷും ഉപയോഗിച്ച് പല്ല് തേക്കുന്നതിലേക്ക് കുട്ടികളെ മാറ്റിയെടുക്കുക. കുട്ടികളിൽ ഫ്ലൂറൈഡ് ചികിത്സ നടത്തി പല്ലുകൾ കേടുവരുന്നത് തടയുകയും ചെയ്യാം. ചില കുട്ടികളിൽ വിരൽ കടിക്കൽ, വായ തുറന്ന് ഉറങ്ങൽ, നാക്ക് തള്ളൽ തുടങ്ങിയ ശീലങ്ങൾ കാണാറുണ്ട് ഇവ തുടർന്ന് പോയാൽ അത് ഗുരുതര ദന്ത വൈകല്യങ്ങളിലേക്ക് നയിച്ചേക്കാം അത്തരം സാഹചര്യങ്ങളിൽ ഉടൻ ഡോക്ടറുടെ സഹായം തേടേണ്ടതാണ്.

വർഷത്തിൽ രണ്ടുതവണയെങ്കിലും പല്ല് ക്ലീൻ ചെയ്യാൻ ശ്രദ്ധിക്കണം.ധാരാളം വെള്ളം കുടിക്കാൻ ശ്രദ്ധിക്കുക. വായിലെ ജലാംശം കുറയുന്നത് വായ്നാറ്റമുണ്ടാക്കുന്നതിനും മറ്റ്‌ ദന്ത രോഗങ്ങൾക്കും കാരണമാകാറുണ്ട്.ആറുമാസത്തിലൊരിക്കൽ ദന്തരോഗ വിദഗ്ധനെ കണ്ട് പല്ലുകളുടെ ആരോഗ്യം ഉറപ്പ് വരുത്തുക.

പല്ലല്ലാതെ എന്തെല്ലാം ശ്രദ്ധിക്കണം?

വായിൽ പല്ലുകൾക്ക് മാത്രമല്ല അനുബന്ധ അവയവങ്ങൾക്കും ധാരാളം രോഗങ്ങൾ ഉണ്ടാകാറുണ്ട്. ഇതിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ടത് വായിലുണ്ടാകുന്ന അർബുദത്തെയാണ്. പാൻമസാല, പുകവലി തുടങ്ങിയ ശീലങ്ങളുടെ ഫലമായാണ് വായിൽ അർബുദമുണ്ടാകുന്നത്. ഇത്തരം ശീലങ്ങളിൽനിന്ന് മാറിനിൽക്കേണ്ടതും ദന്താരോഗ്യ സംരക്ഷണത്തിന്റെ ഭാഗമാണ്. വായിൽ തുടർച്ചയായി ഉണ്ടാകുന്ന മുറിവുകൾ, നാക്കിലോ വായിൽ മറ്റെവിടെയെങ്കിലോ കാണപ്പെടുന്ന തടിപ്പുകൾ, വെളുത്ത നിറത്തിലുള്ള പാടുകൾ എന്നിവ അപകടസൂചനകളാണ്. ഇത്തരം ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉടൻ തന്നെ ചികിത്സ നേടുക. കൂർത്ത പല്ലുകൾ തട്ടി സ്ഥിരമായി ഉണ്ടാകുന്ന മുറിവുകൾ, രണ്ടാഴ്ചയിൽ കൂടുതലായി ഉണങ്ങാതെ നിൽക്കുന്ന വായ്പുണ്ണുകൾ തുടങ്ങിയവയും അർബുദമായി മാറാറുണ്ട്.


ദന്തരോഗം പോലെ തന്നെ ദന്താരോഗ്യത്തെ ബാധിക്കുന്ന ഒന്നാണ് മോണരോഗം. പല്ലുകൾ ക്ലീൻ ചെയ്യാത്തതിന്റെ ഫലമായി പല്ലിൽ പ്ലാക്ക്‌ അടിഞ്ഞുകൂടി മോണയിൽ പഴുപ്പ് പടരുന്നതാണിത്. ഇതിന്റെ ഫലമായി മോണയിൽനിന്ന് രക്തം വരുക, മോണയിറങ്ങുക, പല്ലുകൾ ഇളകിപ്പോകുക തുടങ്ങിയ ലക്ഷണങ്ങൾ കാണാം. പ്രമേഹം പോലുള്ള മറ്റുള്ള രോഗങ്ങൾ മോണ രോഗത്തിന്റെ തീവ്രത കൂട്ടാറുണ്ട്. മോണരോഗ വിദഗ്ധന്റെ ഫലപ്രദമായ ചികിത്സ വഴി മോണരോഗത്തിൽനിന്ന് രക്ഷനേടാം.

വായിലുണ്ടാകുന്ന അണുബാധ നമ്മുടെ ശരീരത്തിന്റെ മറ്റു ഭാഗങ്ങളേയും ബാധിക്കാറുണ്ട്‌. മികച്ച ആത്മവിശ്വാസത്തിനും മികച്ച പുഞ്ചിരിക്കും നല്ല ദന്താരോഗ്യം നിർബന്ധമാണ്. നമ്മുടെ ജീവിത ശൈലിയിൽ മേൽപറഞ്ഞ മാറ്റങ്ങൾ വരുത്തിയാൽ നമുക്കും മികച്ച ദന്താരോഗ്യം സൃഷ്ടിക്കാനാകും. ഈ ദന്താരോഗ്യ ദിനത്തിൽ നമുക്ക് ചുറ്റിലും നിറപുഞ്ചിരികൾ സൃഷ്ടിക്കാൻ കൈകോർത്തിറങ്ങാം.

(Chief Dental surgeon D care Dental care)

Tags:    
News Summary - You can be smile with self-confidence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.