മസ്കത്ത്: രാജ്യത്തെ 94 ശതമാനം സ്കൂളുകളിലും ആരോഗ്യ ക്ലിനിക്കുകളുണ്ടെന്നും ഇത് കുട്ടികളുടെ ആരോഗ്യത്തിനും ക്ഷേമത്തിനും ഒമാൻ നൽകുന്ന മുൻഗണനയുടെ തെളിവാണെന്നും ആരോഗ്യമന്ത്രി ഡോ. ഹിലാൽ ബിൻ അലി അൽ സാബ്തി.
സർക്കാർ സ്കൂളുകളിൽ ചൊവ്വാഴ്ച ക്ലാസ് ആരംഭിക്കാനിരിക്കെയാണ് മന്ത്രിയുടെ പ്രസ്താവന. മന്ത്രാലയത്തിന് കീഴിലെ സ്കൂൾ ആൻഡ് യൂനിവേഴ്സിറ്റി ഹെൽത്ത് വകുപ്പ് വഴി വിദ്യാർഥികളുടെ ശാരീരികവും മാനസികവും സാമൂഹികവുമായ സമഗ്ര വികസനത്തിന് അനുയോജ്യമായ വിദ്യാലയാന്തരീക്ഷം വളർത്തിയെടുക്കാൻ ശ്രമിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്ക് പ്രകാരം ഏകദേശം 732 നഴ്സുമാർ സ്കൂളുകളിലെ ആരോഗ്യ സേവന രംഗത്തുണ്ട്. ഒമാൻ വിഷൻ 2040 ദൗത്യം അടിസ്ഥാനമാക്കിയാണ് ദേശീയ സ്കൂൾ ആരോഗ്യനയം രൂപപ്പെടുത്തിയിരുന്നത്. ആഗോള മാനദണ്ഡ പ്രകാരമുള്ള ആരോഗ്യ സംവിധാനം സ്ഥാപിക്കുകയാണ് ഇത് ലക്ഷ്യമിടുന്നത്.
വിദ്യാർഥികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിലൂടെ മുഴുവൻ സമൂഹത്തിന്റെയും പൊതുവായ ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. സ്കൂൾതല ആരോഗ്യ ബോധവത്കരണം, മാനസികാരോഗ്യ വികസനം, പോഷകാഹാരം ലഭ്യമാക്കൽ, കുടുംബത്തിന്റെയും സമൂഹത്തിന്റെയും ഇടപഴകൽ എന്നിവ അടങ്ങിയതാണ് വിദ്യാർഥികൾക്ക് വേണ്ടിയുള്ള ആരോഗ്യ പദ്ധതികൾ.
ഒന്നു മുതൽ ആറാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് വിപുലമായ പ്രതിരോധ കുത്തിവെപ്പ്, ആരോഗ്യ ബോധവത്കരണ, വിദ്യാഭ്യാസ പരിപാടികൾ, വിവിധ സ്കൂളുകളിൽ ആരോഗ്യ പ്രോത്സാഹനത്തിനുള്ള സംരംഭം എന്നിവയും നടപ്പാക്കുന്നുണ്ട്. സർവകലാശാല വിദ്യാർഥികളുടെ ആരോഗ്യവും അജണ്ടയിലുണ്ടെന്നും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വിവിധ പരിപാടികൾ മന്ത്രാലയം ആവിഷ്കരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.