‘മനോരോഗങ്ങളെ മനസ്സിലാക്കാം’

ശാസ്ത്രവും വൈദ്യശാസ്ത്രവും ഏറെ പുരോഗമിച്ചിട്ടും അന്ധവിശ്വാസങ്ങളുടെ സ്വാധീനം നമ്മുടെ സമൂഹത്തില്‍നിന്ന് മുഴുവനായി വിട്ടുപോയിട്ടില്ല. പ്രത്യേകിച്ച് മനോരോഗ ചികിത്സാ രംഗത്ത്. ഏതാനും ദശകങ്ങള്‍ക്കിടയില്‍ മനോരോഗങ്ങളെക്കുറിച്ചുള്ള അറിവുകളുടെ കാര്യത്തിലും ചികിത്സകളുടെ കാര്യത്തിലും  അദ്ഭുതകരമായ മുന്നേറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും സമൂഹം ഇപ്പോഴും മനോരോഗങ്ങളെ ഭീതിയോടെയും ഒരുതരം അവജ്ഞയോടെയും മാത്രമാണ് കാണുന്നത്. രോഗങ്ങളെ യഥാസമയം തിരിച്ചറിയുന്ന കാര്യത്തിലും വിദഗ്ധ ചികിത്സ നല്‍കി രോഗിയെ സ്വാഭാവിക ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്ന കാര്യത്തിലും നമുക്കിടയിലെ വിദ്യാസമ്പന്നര്‍പോലും വിമുഖരാണ്.
ഈ പശ്ചാത്തലത്തിലാണ് മാനസിക രോഗങ്ങളെ സമഗ്രമായി സമീപിക്കുന്ന ‘മനോരോഗങ്ങളെ മനസ്സിലാക്കാം’ എന്ന പുസ്തകത്തിന്‍െറ പ്രസക്തി. മാനസികാരോഗ്യത്തെക്കുറിച്ച് പൊതുവായും വ്യക്തികളെ ബാധിച്ചേക്കാവുന്ന മനോരോഗങ്ങളെക്കുറിച്ചും അവയുടെ ലക്ഷണങ്ങളെക്കുറിച്ചും ചികിത്സാരീതികളെക്കുറിച്ചും വിശദമായും ലളിതമായും പ്രതിപാദിക്കുന്ന പുസ്തകമാണിത്. പ്രശസ്ത മനോരോഗ വിദഗ്ധരായ ഡോ. പി.എന്‍. സുരേഷ് കുമാര്‍, ഡോ. എന്‍. സുബ്രഹ്മണ്യന്‍ എന്നിവര്‍ചേര്‍ന്ന് തയാറാക്കിയ ഈ പുസ്തകത്തില്‍ ഡോ. ടി.എം. രഘുറാം, ഡോ. ബിജുതോമസ് എന്നിവരുടെ ലേഖനങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ജീവിതസമ്മര്‍ദങ്ങള്‍ക്കിടയില്‍ വ്യക്തികളില്‍ കാണുന്ന വിഷാദം, കോപം, സംശയം തുടങ്ങിയ സ്വാഭാവിക വികാരങ്ങള്‍ പലപ്പോഴും ഗുരുതരമായ രോഗങ്ങളായി പരിണമിച്ചേക്കാനിടയുണ്ട്. ഇത്തരം രോഗലക്ഷണങ്ങളെ തിരിച്ചറിയാനും കഴിയുന്നത്ര വേഗത്തില്‍ വൈദ്യസഹായം നല്‍കുന്നതിനും ഈ പുസ്തകത്തിലെ വിവരങ്ങള്‍ സഹായകമാവും.
മുന്‍കാലങ്ങളെ അപേക്ഷിച്ച് ജീവിത സമ്മര്‍ദങ്ങള്‍ക്കടിമപ്പെട്ട് മാനസികാരോഗ്യം നഷ്ടമായി കുടുംബത്തിലും തൊഴിലിടങ്ങളിലും സമൂഹത്തിലുംതന്നെ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഓരോ  വ്യക്തിയും മനോരോഗങ്ങളെക്കുറിച്ച് വ്യക്തമായി മനസ്സിലാക്കേണ്ടതുണ്ട്. ഈ ഗ്രന്ഥം അതിനേറെ സഹായകരമാണ്.
മാതൃഭൂമി ബുക്സാണ് പ്രസാധകര്‍.

ആര്‍.കെ

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.