തിരുവനന്തപുരം: സംസ്ഥാനത്ത് പ്രസവത്തിന് സിസേറിയൻ അവലംബിക്കുന്നത് വ്യാപകമാകുന്നു. ഇതിൽ സ്വകാര്യ ആശുപത്രികൾ മത്സരിക്കുേമ്പാൾ സർക്കാർ ആശുപത്രികളും പിന്നിലല്ല. തദ്ദേശസ്ഥാപനങ്ങൾ വഴി സർക്കാർ ശേഖരിച്ച 2016ലെ സാമ്പത്തിക സ്ഥിതിവിവരക്കണക്ക് പ്രകാരമാണിത്. ജനസംഖ്യയിൽ സ്ത്രീകളുടെ എണ്ണം പുരുഷന്മാരേക്കാൾ കൂടുതലാണെങ്കിലും 2016ൽ ജനിച്ചവരിൽ കൂടുതലും ആൺകുട്ടികളാണ്. 2,53,962 ആൺകുട്ടികൾ ജനിച്ചപ്പോൾ (51.17 ശതമാനം) പെൺകുട്ടികൾ 2,42,305 (48.82 ശതമാനം) മാത്രമാണ്.
സ്വകാര്യ ആശുപത്രികളിൽ നടക്കുന്ന പ്രസവങ്ങളിൽ 41.93 ശതമാനവും സിസേറിയനെന്നാണ് പ്രധാന കണ്ടെത്തൽ. സുഖപ്രസവങ്ങൾ 54.78 ശതമാനം. സർക്കാർ ആശുപത്രികളിൽ 39.75 ശതമാനം പ്രസവങ്ങളും സിസേറിയനാണ്. 59.08 ശതമാനമാണ് സുഖപ്രസവങ്ങൾ. ലോകാരോഗ്യസംഘടനയുടെ നിര്‍ദേശമനുസരിച്ച് 100 പ്രസവത്തിൽ 85 എണ്ണവും സുഖപ്രസവമായിരിക്കണമെന്നാണ് ചട്ടം. ഗർഭാവസ്ഥയിലെ ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയും ബന്ധുക്കളുടെയും മറ്റും ഇടപെടലുകളാണ് സിസേറിയൻ നിരക്ക് കൂടാൻ കാരണമെന്ന് ആരോഗ്യരംഗത്തുള്ളവർ സമ്മതിക്കുന്നു. 40 ശതമാനത്തിലേക്ക് എത്തിനിൽക്കുന്ന സർക്കാർ ആശുപത്രികളിലെ സിസേറിയൻ നിരക്ക് കുറക്കണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. അതേസമയം, സ്വകാര്യ ആശുപത്രികളിലെ 3.26 ശതമാനംപേർ നൂതനരീതികളായ ഫോർസെസ്റ്റ്, വാക്വംരീതികൾ അവലംബിക്കുന്നു. സർക്കാർ ആശുപത്രികളിൽ ഇത് 1.8 ശതമാനമാണ്. കേരളത്തിൽ ഇപ്പോഴും ചെറിയൊരുവിഭാഗം പ്രസവത്തിനായി പരമ്പരാഗത വയറ്റാട്ടിമാരെ ആശ്രയിക്കുന്നതായും കണക്കുകൾ വ്യക്തമാക്കുന്നു. ഗ്രാമീണമേഖലയിലും ആദിവാസി മേഖലയിലും 3.47 ശതമാനം ഇപ്പോഴും പരമ്പരാഗതരീതി അവലംബിക്കുമ്പോൾ നഗരപ്രദേശങ്ങളിൽ ഇത് 0.06 ശതമാനം മാത്രം.
2016ൽ 131 അമ്മമാരാണ് പ്രസവത്തെ തുടർന്ന് മരിച്ചത്. കൂടുതലും മലപ്പുറത്താണ്-21. കോഴിക്കോട് 17, കാസർകോട് നാല്, കണ്ണൂർ ഏഴ്, വയനാട് രണ്ട്, പാലക്കാട് 13, തൃശൂർ 11, ഇടുക്കി ആറ്, കോട്ടയം നാല്, ആലപ്പുഴ ഏഴ്, പത്തനംതിട്ട അഞ്ച്, കൊല്ലം 14, തിരുവനന്തപുരം 11. അതേസമയം കോഴിക്കോട്, തൃശൂർ ഭാഗങ്ങളിൽ നിന്നുള്ളവരാണ് മലപ്പുറം ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട 21 എന്ന കണക്കിൽ ഉൾപ്പെട്ടിരിക്കുന്നവരിൽ ഏറെയും.
2016ൽ സംസ്ഥാനത്ത് മരിച്ചത് 2,56,130 പേരെന്നും സാമ്പത്തിക സ്ഥിതിവിവര കണക്കുകൾ വ്യക്തമാക്കുന്നു.1,41,793 പുരുഷന്മാരും 1,14,328 സ്ത്രീകളും. മരണകാരണം കണക്കാക്കുമ്പോൾ 26.1 ശതമാനം പേരും മരിച്ചത് ഹൃദ്രോഗം മൂലമാണ്. അർബുദംമൂലം മരിച്ചത് 7.81 ശതമാനം. പ്രമേഹം-1.44 ശതമാനം. റോഡപകടം-1.19 ശതമാനം എന്നിങ്ങനെയാണ് മറ്റു മരണ കാരണങ്ങൾ. എല്ലാത്തിലും പുരുഷന്മാരാണ് മുന്നിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.